തിരുവനന്തപുരം : കോവിഡ് പ്രതിസന്ധി മൂലം നാട്ടിൽ അകപ്പെട്ടു പോയ പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ അടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജി സി സി രാജ്യങ്ങളിലെ ഒ ഐ സി സി – ഇൻകാസ് ഭാരവാഹികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നിൽപ്പ് സമരം നടത്തി. കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ സമരം ഉത്ഘാടനം ചെയ്തു. നാടിൻറെ സമ്പത്ഘടനയുടെ നട്ടെല്ലായ പ്രവാസികൾ കോവിഡിൻറെ പശ്ചാത്തലത്തിൽ നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് ഉത്ഘാടന പ്രസംഗത്തിൽ എൻ സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.
ഗൾഫ് പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുക, വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ ഇല്ലാതാക്കുക, മടക്കയാത്ര സാധ്യമാകാതെ കുടുങ്ങി കിടക്കുന്ന പ്രവാസികളെ സഹായിക്കുക, പ്രവാസി സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി പുന:രധിവാസ പദ്ധതികൾ കൂടുതൽ കാര്യക്ഷമാകുക, വിദേശത്ത് കോവിഡ് വന്ന് മരണപെട്ട പ്രവാസി കുടുംബങ്ങൾക്ക് സഹായം നൽകുക, പ്രവാസി വിദ്യാർത്ഥി എന്ന പേരിൽ ഈടാക്കുന്ന ഫീസ് കുറക്കുക, പാവപെട്ട പ്രവാസികൾകളുടെ റേഷൻ കാർഡ് തരം മാറ്റുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
സൗദിയിൽ നിന്നും ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ജിദ്ദ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രൻ കല്ലട, മറ്റ് ജി സി സി രാജ്യങ്ങളിൽ നിന്നുള്ള ഭാരവാഹികളായ രാജു കല്ലുംപുറം, കുമ്പളത്ത് ശങ്കരപ്പിള്ള, മഹാദേവൻ വാഴശ്ശേരിൽ, സിദ്ധീഖ് ഹസ്സൻ, എൻ ഒ ഉമ്മൻ, അനിൽ കണ്ണൂർ, സെമീർ നദവി തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് സമരം നടത്തിയത്.