ദമ്മാം: എ ഐ സി സി ജനറൽ സെക്രട്ടറിയായി നിയമിതനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിനന്ദിച്ചു. ദേശീയ തലത്തിൽ കോൺഗ്രസ്സിൻറെ സംഘടനാസംവിധാനം കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിയെ എ ഐ സി സി ജനറൽ സെക്രട്ടറിയാക്കി ദേശീയ രാഷ്ട്രീയത്തിലേക്ക് ആനയിച്ചത് സ്വാഗതാർഹമാണെന്നും ദമ്മാം ഒ ഐ സി സി അഭിപ്രായപ്പെട്ടു. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ വർഗ്ഗീയ ഫാസിസ്റ്റുകൾക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ഉമ്മൻ ചാണ്ടിയുടെ നിയമനം ഏറെ ഗുണം ചെയ്യും. രാജ്യത്തെ എല്ലാ ജനാധിപത്യ മതേതര കക്ഷികളെയും ഉൾപ്പെടുത്തി വിശാല മതേതര മുന്നണി കെട്ടിപ്പടുക്കുവാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന് പരിണിത പ്രജ്ഞനായ ഉമ്മൻ ചാണ്ടിയെ പ്പോലെയുള്ള നേതാവിൻറെ സാന്നിദ്ധ്യം മുതൽക്കൂട്ടാവുമെന്ന് ദമ്മാം ഒ ഐ സി സി വിലയിരുത്തി.
ഭരണാധികാരിയെന്ന നിലയിൽ കഠിനാദ്ധ്വാനിയും ജനകീയനുമായ ഉമ്മൻചാണ്ടിയെ ഐക്യരാഷ്ട്രസഭയുടെ അംഗീകാരംവരെ തേടിയെത്തിയത് ശ്രദ്ധേയമാണ്. കഴിഞ്ഞ യു ഡി എഫ് സർക്കാർ കേവലം ഒരംഗത്തിൻറെ ഭൂരിപക്ഷത്തിലായിരുന്നു ഭരണം തുടങ്ങിയത്. എന്നാൽ, സർക്കാരിന് ഒരു പോറലുപോലുമേൽക്കാതെ അഞ്ചു വർഷവും ഭരണം പൂർത്തിയാക്കിയത് ഉമ്മൻ ചാണ്ടിയെന്ന നേതാവിൻറെ രാഷ്ട്രീയ മെയ് വഴക്കമാ യിരുന്നു. ആന്ധ്രാപ്രദേശിൽ കോൺഗ്രസ്സിനുണ്ടായിരുന്ന പ്രതാപകാലം വീണ്ടെടുക്കുന്നതിൻറെ ഭാഗമായിട്ടാണ് ഉമ്മൻചാണ്ടിയെപ്പോലെയുള്ള ഒരു നേതാവിനെ ആന്ധ്രാപ്രദേശിൻറെ ചുമതല കോൺഗ്രസ് നേതൃത്വം ഏൽപ്പിക്കുന്നത്.
എ ഐ സി സി ജനറൽ സെക്രട്ടറിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്ന ഉമ്മൻചാണ്ടിയെ തിരക്കേറിയ നാളുകളായിരിക്കും കാത്തിരിക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിപുലീകരണത്തിന് വിവിധ കക്ഷികളുമായി ചർച്ചകൾ നടത്തുമ്പോൾ ഉമ്മൻ ചാണ്ടിക്ക് നിർണ്ണായകമായ പങ്കുവഹിക്കാനാകും. മികച്ച ജനകീയ നേതാവെന്ന ഖ്യാതി ദേശീയ നേതാക്കൾക്കിടയിൽ ഉമ്മൻ ചാണ്ടിക്ക് നല്ല മതിപ്പുളവാക്കുതിനാൽ എ ഐ സി സി ജനറൽ സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നും ദമ്മാം ഒ ഐ സി സി അഭിപ്രായപ്പെട്ടു.