പി.പി ചെറിയാൻ
ഓർലാന്റോ: ജൂൺ 12 ഞായറാഴ്ച അതിരാവിലെ ഓർലാന്റോ നിശാക്ലബിൽ ഒമർ മാറ്റീന്റെ സെമീ ഓട്ടോമാറ്റിക് തോക്കിൽ നിന്നും ചീറിപ്പാഞ്ഞ വെടിയുണ്ടകൾ നാൽപ്പത്തി ഒൻപതു ജീവൻ കവരുകയും അൻപതിലധികം പേർക്കു പരുക്കേൽപ്പിക്കുകയും ചെയ്തിട്ടും സ്വന്തം ജീവൻ പോലും തൃണവത്കരിച്ചു കൊണ്ടു അറുപതോളം പേരെ സുരക്ഷിതമായി ക്ലബിനു പുറകിലുള്ള വാതിലിലൂടെ രക്ഷപെടുത്തിയ 24വയസുള്ള മുൻ മറീൻ ഇമ്രാൻ യൂസഫിന്റെ ധീരതയുടെ കഥ അമേരിക്കൻ മാധ്യമങ്ങൾ വാഴ്ത്തിപാടുന്നു.
ഇന്ത്യയിൽ നിന്നു മൂന്നു തലമുറകൾക്കു മുൻപു ഗയാനയിലേയ്ക്കു കുടിയേറിയ കുടുംബത്തിലെ ഹിന്ദു മുസ്ലീം മാതാപിതാക്കളുടെ മകനായ ഇമ്രാൻ ന്യൂയോർകകിലാണ് ജനിച്ചത്. ന്യൂയോർക്കിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി 2010 ൽ മറീൻ കോർപ്പിൽ അംഗമായി. 2011 ൽ അഫ്ഗാനിസ്ഥാനിൽ സേവനം അനുഷ്ടിച്ച ഇമ്രാൻ സജീവ സേവനത്തിൽ നിന്നും വിരമിച്ചു.
സംഭവം നടക്കുന്നതിനു ഒരു മാസം മുൻപ് ഗെ നൈറ്റ് ക്ലബിൽ ജോലിയിൽ പ്രവേശിച്ച ഇമ്രാൻ സംഭവം നടക്കുന്ന സമയം നൈറ്റ് ക്ലബിനകത്തുണ്ടായിരുന്ന ഒമറുമായി ഏറ്റുമുട്ടുന്നതു അപകടമാണെന്നു മനസിലാക്കി ക്ലബിന്റെ പിൻവശത്തുള്ള വാതിൽ തുറന്ന് അറുപതോളം പേരെ രക്ഷപെടുത്തുകയായിരുന്നു. ഡോർ തുറക്കണമെന്നാവശ്യപ്പെട്ടിട്ടും ആരും തുറക്കാൻ തയ്യാറാകാതിരുന്നതോടെയാണ് ഇമ്രാൻ വെടിയുണ്ടകൾക്കിടയിലൂടെ ഓടി വാതിൽ തുറന്ന് അറുപതു പേരെ പുറത്തിറക്കാനുള്ള ധൈര്യം കാട്ടിയത്.
രാജ്യത്തിനു വേണ്ടി അഫ്ഗാനിൽ സേവനമനുഷ്ടിച്ച ഇമ്രാന്റെ ജീവിതത്തിൽ നാളിതുവരെ ഇത്രയും വലിയ ഭീകരത ദർശിക്കാനായിട്ടില്ലെന്നു അദ്ദേഹം പ്രതികരിച്ചു. ഇമ്രാന്റെ ധീരതയെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് പ്രശംസിച്ചിരിക്കുന്നത്.