സർവെ വെറും കബളിപ്പിക്കൽ: ഒ ഐ സി സി

ദമ്മാം: ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഫീസ് വർദ്ധനവും അതിന് പറയുന്ന കാരണങ്ങളും സാങ്കേതികമായി ഭൂരിഭാഗം രക്ഷകർത്താക്കൾക്കും സ്വീകാര്യമാണെന്ന് വരുത്തിത്തീർക്കാൻ നടത്തുന്ന പാഴ്ശ്രമമാണ് യെസ് / നൊ എന്ന് മാത്രം രേഖപ്പെടുത്താൻ നടത്തുന്ന സർവെ. ഒരു വിദ്യാർത്ഥിയിൽ നിന്നും പതിനഞ്ച് റിയാൽ ഈടാക്കിയാൽ സ്കൂൾ പ്രദേശത്തെ സ്വദേശവാസികളുടെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയുമെന്ന ഹാസ്യ നാടകമാണ് രക്ഷാകർതൃ സമൂഹം കാണുന്നതെന്നും, ഗതാഗത പരിഷ്കരണം എന്ന വരട്ടു തത്വവാദം പറഞ്ഞു ഇന്ത്യൻ സമൂഹത്തെയും രക്ഷകർത്തക്കളേയും  വഞ്ചിക്കുക്കയാണ്  സ്കൂൾ അധികൃതരും സ്കൂൾ മാനേജ്മെന്റുമെന്നും ഒ ഐ സി സി ദമ്മാം റീജ്യൺ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരോപിച്ചു. തദ്ദേശവാസികളുടെ പാരാതിയാണ് സമയമാറ്റത്തിനു അടിസ്ഥാനമെന്നു പറഞ്ഞവർ പിന്നീട് അതിൽനിന്ന് മലക്കം മറിയുകയായിരുന്നു
പ്രിൻസിപ്പൾ പുറത്തിറക്കിയ സർക്കുലറിൽ ഫീസ് വർദ്ധനക്ക് പറഞ്ഞിരിക്കുന്ന കാരണങ്ങൾ ഒട്ടും സ്വീകാര്യമല്ലെന്നും ആയതിനാൽ ഈ തുഗ്ലക് ഭരണപരിഷക്കാരത്തിൽ നിന്നും ഭരണ സമിതിയും പ്രിൻസിപ്പളും പിന്തിരിയണമെന്നും ഒ ഐ സി സി ആവശ്യപ്പെടുന്നു. അഭിപ്രായങ്ങൾ പറയുന്നവരെ ജാതി മത വികാരമിളക്കിവിട്ട് ഒറ്റപ്പെടുത്താനുള്ള ചില നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ പൊട്ടക്കിണറ്റിലെ തവളകളുടെ മാനസിക നിലയിലാണ്. സ്കൂൾ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ  ജാതീയ ചിന്ത തിരുകി കയറ്റാൻ ശ്രമിക്കുന്ന ഒരു സംഘടനാ നേതാവ് തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും സ്കൂൾ വിഷയത്തിൽ പൊതു സമൂഹത്തിന് സ്വീകാര്യമായ തീരുമാനമുണ്ടാകുന്നതുവരെ സമാന ചിന്താഗതിക്കാരുമായി ചേർന്ന് പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേതാക്കളായ ആന്റണി കല്ലറയ്ക്കൽ, ലാൽഅമീൻ ബാലരാമപുരം  , ഹുസൈൻ പാലച്ചിറ, രാജേഷ്, എന്നിവർ പ്രസ്ഥാവനയിൽ പറഞ്ഞു.
Top