
ദമാം: മലയാള സാംസ്‌കാരിക ലോകത്തെ ജ്വലിക്കുന്ന സൂര്യനായിരുന്നു ഒ.എൻ.വി. കുറുപ്പ്. എക്കാലവും തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തോടൊപ്പം നിലകൊള്ളുകയും, പുരോഗമന പ്രസ്ഥാനത്തോടുള്ള തന്റെ ആഭിമുഖ്യവും, പക്ഷപാതിത്വവും അദ്ദേഹം മറച്ചുവെച്ചില്ല.
അടിച്ചമർത്തലുകൾക്കെതിരെ പൊരുതുന്ന പ്രസ്ഥാനങ്ങളുടെ കാവ്യശക്തിയും, സാംസ്‌കാരിക ഗാഥയുമായിരുന്നു ഒ.എൻ.വി. തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളുടെ വളർച്ചയും, ധീരമായ നിലനിൽപ്പും എക്കാലവും ആഗ്രഹിച്ച കവിയായിരുന്നു ഒ.എൻ.വി. സാംസ്‌കാരിക രംഗത്ത്, ഫാസിസ്റ്റുകളുടെ കടന്നുകയറ്റത്തെ എക്കാലവും എതിർത്തിരുന കവി, ഗസൽ ഗായകൻ ഗുലാം അലിക്കെതിരെ ശിവസേനക്കാർ നടത്തിയ പ്രതിഷേധത്തെ ശക്തമായ ഭാഷയിലായിരുന്നു അന്ന് വിമർശ്ശിച്ചത്.
ഒ.എൻ.വി.യും, ദേവരാജനും ചേർന്ന് മലയാളത്തിന് സമ്മാനിച്ച എക്കാലത്തേയും മികച്ച ഗാനങ്ങൾ മലയാളിയുടെ സ്വത്വത്തെ, വിപ്ലവബോധത്തെ ഉണർത്തിയവയായിരുനു.
ദമാമിൽ എത്തിയപ്പോൾ നവോദയയുടെ സ്വീകരണത്തിൽ പങ്കെടുത്ത് പുതിയ നാളെകളെക്കുറിച്ച് നവോദയ പ്രവർത്തകരോട് സംവദിച്ച ശ്രീ.ഒ.എൻ.വിയെക്കുറിച്ച് അഭിമാനത്തോടെ ഓർക്കുകയും, അദ്ദേഹത്തിന്റെ വിയോഗത്തിൽ നവോദയ സാംസ്‌കാരിക വേദി അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വിയോഗം തീർത്ത വേദനയിൽ മുഴുവൻ മലയാളികളോടൊപ്പം, നവോദയ സാംസ്‌കാരിക വേദിയും പങ്കു ചേരുന്നു.