ഡാലസ്: മാര്‍ച്ച് ആറാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന നൂറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഓ. എന്‍. വി.’ അനുസ്മരണം ആയിട്ടായിരിക്കും നടത്തുക. ഈയിടെ അന്തരിച്ച ‘ഓ. എന്‍. വി.’ മലയാളത്തെയും മലയാളികളെയും സ്നേഹിച്ച പ്രമുഖ മലയാള കവി ആയിരുന്നു. ‘ഓ. എന്‍. വി.’ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ ഈ അവസരം വിനിയോഗിക്കുന്നതാണ്. ‘ഓ. എന്‍. വി.’ യുമായി അടുത്തു പരിചയമുള്ള ഡോ: എം. വി. പിള്ള, ഡോ: എം. എസ്. ടി. നമ്പൂതിരി, രതീദേവി, ത്രേസ്യാമ്മ നാടാവള്ളില്‍ എന്നിവരായിരിക്കും പ്രധാന അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തുക.
ഈ അനുസ്മരണയോഗത്തില്‍ പങ്കെടുക്കുവാനും ‘ഓ. എന്‍. വി.’ യെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും നൂറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
2016 ഫെബ്രുവരി ഏഴാം തീയതി ഞായറാഴ്ച സംഘടിപ്പിച്ച തൊണ്ണൂറ്റിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘പ്രൊഫ. എം. ടി. ആന്‍റണി’ അനുസ്മരണമായിട്ടാണ് നടത്തിയത്. ആദ്യകാല അമേരിക്കന്‍ മലയാളിയും ന്യൂയോര്‍ക്കിലെ സ്ഥിര താമസക്കാരനും സാഹിത്യകാരനും വ്യവസായ സംരംഭകനും സാഹിത്യ സാമൂഹിക സാംസ്കാരിക സമ്മേളനങ്ങളിലെ നിറ സാന്നിധ്യവുമായിരുന്നു ഈയിടെ അന്തരിച്ച പ്രൊഫ. എം. ടി. ആന്‍റണി. ‘ആന്‍റണിച്ചേട്ടന്‍’ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പ്രൊഫ. എം. ടി. ആന്‍റണി അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്‍റെ എല്ലാമെല്ലാമായിരുന്നു. മലയാള ഭാഷാ സ്നേഹിയായിരുന്ന ആന്‍റണിച്ചേട്ടന്‍റെ സഹധര്‍മ്മിണി ഡോ. തെരേസ ആന്‍റണി (അമ്മിണിച്ചേച്ചി)യും സാഹിത്യ സല്ലാപത്തിലെ സ്ഥിരം പങ്കാളിയാണ്. ഇവര്‍ സാംസ്കാരിക കേരളത്തിന്‍റെ തലസ്ഥാനമായ തൃശ്ശൂരില്‍ നിന്നാണ് അമേരിക്കയിലെയ്ക്ക് കുടിയേറിയത്. ജനുവരി 29-നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. രണ്ടാഴ്ചയോളം അദ്ദേഹം ഐ. സി. യു. വിലായിരുന്നു. ‘അമ്മിണി’, ‘ഡോ. ഘോഷ്’ എന്നീ തൂലികാ നാമങ്ങളിലായി അനേകം കവിതകളും ലേഖനങ്ങളും അദ്ദേഹം കൈരളിക്കു സമ്മാനിച്ചിട്ടുണ്ട്. ആനുകാലിക സംഭവവികാസങ്ങളില്‍ വേദനിക്കുന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്‍റേത്. പ്രൊഫ. എം. ടി. ആന്‍റണിയുടെ ജീവിതത്തിലേയ്ക്കുള്ള ഒരു എത്തിനോട്ടമായിരുന്നു ഈ അനുസ്മരണം. അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളായിരുന്ന മനോഹര്‍ തോമസും രാജു തോമസും ചേര്‍ന്നാണ് അനുസ്മരണ ചര്‍ച്ചകള്‍ നയിച്ചത്. പ്രൊഫ. എം ടി. ആന്‍റണിയുമായി അടുത്ത് പരിചയമുള്ള പ്രമുഖ വ്യക്തികളായ ബി. ആര്‍. പി. ഭാസ്കര്‍, ചെറിയാന്‍ കെ. ചെറിയാന്‍, ഡോ: കുര്യാക്കോസ് (റിച്ച്മണ്ട്), സി. എം. സി., ഡോ: എന്‍. പി. ഷീല തുടങ്ങിയവര്‍ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം സംഘടിപ്പിച്ച ഈ പരിപാടിയില്‍ പങ്കെടുത്ത് ആന്‍റണിച്ചേട്ടനുമായുള്ള തങ്ങളുടെ പൂര്‍വ്വകാല ബന്ധങ്ങള്‍ അനുസ്മരിച്ചു.
ഒരു മതവൈരിയായിരുന്നുവെങ്കിലും മനുഷ്യ സ്നേഹിയായിരുന്നു നമ്മുടെ പ്രിയ ആന്‍റണിച്ചേട്ടന്‍. ഒരു തികഞ്ഞ ദൈവവിശ്വാസിയും ഉത്തമ അമേരിക്കന്‍ മലയാളിയും സാഹിത്യകാരനും കലാകായിക സൌന്ദര്യ ആസ്വാദകനുമായിരുന്നു നമ്മുടെ പ്രൊഫ. എം. ടി. ആന്‍റണി. ദൈവത്തിന്‍റെയും മതങ്ങളുടെയും പേരില്‍ മനുഷ്യര്‍ കലഹിക്കുന്നതും ശത്രുതാ മനോഭാവം വെച്ചുപുലര്‍ത്തുന്നതും അദ്ദേഹത്തിനു സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. ഇന്ന് ലോകത്തില്‍ കാണുന്ന സകല പ്രശ്നങ്ങള്‍ക്കും മൂല കാരണം മതങ്ങളുടെ അതിപ്രസരം ആണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. മരണശേഷം തന്‍റെ ശരീരം ദഹിപ്പിക്കണമെന്ന പിടിവാശി മനുഷ്യജീവിതം മതങ്ങളുടെ നിയന്ത്രണത്തിനു വെളിയില്‍ വരണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന്‍റെ ഉത്തമ പ്രതിഫലനമായി കണക്കാക്കാം.
ഏതു കാര്യത്തിലെയും നല്ല വശങ്ങള്‍ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും അതിലെ ദോഷവശങ്ങള്‍ ചൂണ്ടിക്കാണിച്ച് ദോഷങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്നതിനും അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. അദ്ദേഹത്തിന് വ്യക്തിപരമായി ആരോടും പിണക്കമോ പകയോ ഉണ്ടായിരുന്നില്ലതാനും. മുടങ്ങാതെ ന്യൂയോര്‍ക്ക് ടൈംസും മലയാളം പത്രങ്ങളും വായിച്ചിരുന്ന അദ്ദേഹം തന്‍റെ ആത്മരോഷം പ്രകടിപ്പിക്കാനായി അടുത്ത സുഹൃത്തുക്കളെ പലപ്പോഴും വിളിക്കുമായിരുന്നു. അമേരിക്കയിലെ മലയാളി സംഘടനകള്‍ ഒരുകുടക്കീഴില്‍ വരേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുമായിരുന്നു. ‘ഫോഗാ’ എന്ന ഗുജറാത്തി സംഘടനയെ ചൂണ്ടിക്കാട്ടി ഗുജറാത്തികളും മലയാളികളും തമ്മിലുള്ള അന്തരം അദ്ദേഹം വരച്ചു കാട്ടുമ്പോള്‍ മലയാളികള്‍ക്കെന്നല്ല ആര്‍ക്കും ഒരു ഉപകാരവും ചെയ്യാത്ത പൊങ്ങന്മാരും ഭോഷന്മാരുമായ ആനുകാലിക മലയാളി സംഘടനാ നേതാക്കളെക്കുറിച്ചുള്ള മോശമായ അഭിപ്രായം വര്‍ദ്ധിക്കുകയാണ് ചെയ്തിരുന്നത്.
ഡോ: തെരേസ ആന്‍റണി (അമ്മിണി)യാണ് സഹധര്‍മ്മിണി. അമ്മിണിച്ചേച്ചി ആന്‍റണിച്ചേട്ടന്‍റെ സുഹൃത്തും സെക്രട്ടറിയും സന്തതസഹചാരിയും ആയിരുന്നു. നായ വളര്‍ത്തലും കേരളത്തനിമ നിറഞ്ഞ പാചകവും അന്‍റണിച്ചേട്ടന്‍റെ ഇഷ്ട വിനോദങ്ങളില്‍പ്പെടുന്നു. അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരായ മക്കളെക്കുറിച്ചും അവധി ദിനങ്ങളിലെ തങ്ങളുടെ ഒത്തുചേരലിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ സ്വകാര്യ സംസാരങ്ങളില്‍ ഊറ്റം കൊള്ളുമായിരുന്നു. ടെന്നീസ് കളി ആസ്വദിക്കുന്നതിലും അമേരിക്കയിലെയും ഇന്ത്യയിലെയും ആനുകാലിക രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും അദ്ദേഹം താത്പര്യം കാണിച്ചിരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റിലെ ഉയര്‍ച്ചകളും താഴ്ചകളും അദ്ദേഹത്തിന് ഇഷ്ട വിഷയമായിരുന്നു.
മതത്തെ അകറ്റി നിറുത്തി മനുഷ്യത്വത്തിന് പ്രാധാന്യം കൊടുത്ത് ഒരു സമാധാന ജീവിതമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെങ്കിലും കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും അദ്ദേഹത്തിന് എന്നും ഒരു തടസ്സമായിരുന്നു. ധാരാളം പുരോഹിതരും കന്യാസ്ത്രീകളും ഉള്ള ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്‍റെത്. പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ശിഷ്യനും സുഹൃത്തും നാട്ടുകാരനും അനുയായിയും കടുത്ത ആരാധകനുമായിരുന്ന ആന്റണിച്ചേട്ടന്‍ കത്തോലിക്കാ സഭ മുണ്ടശ്ശേരിയെ തെമ്മാടിക്കുഴിയിലടക്കിയതിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. എം. പി. പോള്‍, സി.ജെ. തോമസ്, സുകുമാര്‍ അഴിക്കോട് തുടങ്ങി പല പ്രതിഭാശലികളുമായി അദ്ദേഹം അടുത്ത സമ്പര്‍ക്കവും ബന്ധവും പുലര്‍ത്തിയിരുന്നു.
മതങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും മാറിനിന്ന് യഥാര്‍ത്ഥ ദൈവഭക്തനും ദൈവവിശ്വാസിയും മനുഷ്യ സ്നേഹിയുമായി എങ്ങനെ ജീവിക്കം എന്ന് ആന്‍റണിച്ചേട്ടന്‍ അദ്ദേഹത്തിന്‍റെ സ്വന്തം ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തന്നു.
ഡോ:തെരേസാ ആന്റണി, ഡോ: എന്‍. പി. ഷീല, ഡോ: ആനി കോശി, എം. എസ്. ടി. നമ്പൂതിരി, മനോഹര്‍ തോമസ്, രാജു തോമസ്, ത്രേസ്യാമ്മ നാടാവള്ളില്‍, മീനു എലിസബത്ത് മാത്യു, ഡോ: ജയിസ് ജേക്കബ്, സജി കരിമ്പന്നൂര്‍, മോന്‍സി കൊടുമണ്‍, ജോസഫ് മാത്യു (രാജു), തോമസ് കൂവള്ളൂര്‍, പി. സി. ജോര്‍ജ്ജ്, മാത്തുക്കുട്ടി ഈശോ, യു. എ. നസീര്‍, വര്‍ഗീസ് സ്കറിയ, ജോണ്‍ തോമസ്, ജേക്കബ് തോമസ്, കുരുവിള ജോര്‍ജ്ജ്, വര്‍ഗീസ് എബ്രഹാം സരസോട്ട, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.
എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ചയിലായിരിക്കും അമേരിക്കന്‍മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യഞായറാഴ്ചയും വൈകുന്നേരം എട്ടുമുതല്‍ പത്തു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക്വിളിക്കാവുന്നതാണ് .….
1–857-232-0476 കോഡ് 365923
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. [email protected] ,[email protected] എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269
Join us on Facebook https://www.facebook.com/groups/142270399269590/
വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍
അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം
എല്ലാ ആദ്യ ഞായറഴ്ചയും വൈകിട്ട് 8:00 മണി മുതല്‍ 10:00 മണി വരെ (EST)
വിളിക്കേണ്ട നമ്പര്‍: 1-857-232-0476 കോഡ് 365923
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 1-813-389-3395 or 1-469-620-3269
e-mail: [email protected] or [email protected]