ബിജു കരുനാഗപ്പള്ളി
ജ്ഞാനപീഠ ജേതാവും മലയാളത്തിലെ പ്രശസ്ത കവിയുമായ ഒഎൻവി കുറുപ്പ് (84)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് അദ്ദേഹം കുറച്ച് നാൾ മുൻപ് ചികിത്സയിലായിരുന്നു. ആരോഗ്യം വീണ്ടെടുത്തു വരുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ തിങ്കാളാഴ്ച ശാന്തികവാടത്തിൽ മൃതദേഹം സംസ്‌കരിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള നിരവധി പേർ ഒഎൻവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
1931 മെയ് 27 ന് കൊല്ലം ചവറയിലായിരുന്നു ഒഎൻവിയുടെ ജനനം. എസ് എൻ കോളേജിലും യൂണിവേഴ്‌സിറ്റി കൊളേജിലുമായി പഠനം പൂർത്തിയാക്കിയ ഒഎൻവി അനേകം വർഷങ്ങൾ അധ്യാപകനായി ജോലിനോക്കിയിരുന്നു. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007ലെ ജ്ഞാനപീഠ പുരസ്‌കാരം ഒഎൻവിക്ക് ലഭിച്ചിരുന്നു. ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് ഒഎൻവി.കേന്ദ്രസർക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ ഒഎൻവിക്ക് ലഭിച്ചിട്ടുണ്ട്.
ആറ് പതിറ്റാണ്ടോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ കാവ്യജീവിതം ഏറെ സമ്പന്നമായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന ആരംഭിച്ച ഒഎൻവി ആദ്യ കവിതയായ ‘മുന്നോട്ട്’ എഴുതുന്നത് പതിനഞ്ചാം വയസിലാണ്. 1949ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് പുറത്തിറങ്ങിയ ആദ്യ കവിതാസമാഹാരം. മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയിൽപ്പീലി, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്,അഗ്‌നിശലഭങ്ങൾ, ഭൂമിക്ക് ഒരു ചരമഗീതം.ഉപ്പ്, ഉജ്ജയിനി, ഭൈരവിന്റെ തുടി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതകൾ.
കവിയെന്നതിലുപരി ഗാനരചയിതാവെന്ന നിലയിലും ഒഎൻവി ശ്രദ്ധ നേടിയിരുന്നു. പ്രശസ്തമായ നിരവധി മലയാള ചലച്ചിത്ര ഗാനങ്ങൾ ഒഎൻവി എഴുതിയിട്ടുണ്ട്. നഖക്ഷതങ്ങൾ, വൈശാലി, ജാലകം, പഞ്ചാഗ്‌നി,നീയെത്ര ധന്യ, ഇടനാഴിയിൽ ഒരു കാലൊച്ച എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ മലയാളികൾ നെഞ്ചോടു ചേർത്ത അനശ്വരഗീതങ്ങളാണ്.
13 തവണ സംസ്ഥാനചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള ഒഎൻവിക്ക് വൈശാലി എന്ന ചിത്രത്തിലെ ഗാനത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1971ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 1975ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, 2008ൽ സംസ്ഥാനസർക്കാരിന്റെ എഴുത്തച്ഛൻ പുരസ്‌കാരം എന്നിവ നൽകി സാഹിത്യലോകം അദ്ദേഹത്തെ ആദരിച്ചു. ഇതിനിടയിൽ രാഷ്ട്രീയത്തിലും ഒഎൻവി കുറുപ്പ് ഒരുകൈ നോക്കി. 1989ൽ തിരുവനന്തപുരത്ത് നിന്ന് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം പക്ഷെ, കോൺഗ്രസ് നേതാവ് എ ചാൾസിനോട് പരാജയപ്പെട്ടു. ഭാര്യ സരോജിനി, മക്കൾ: രാജീവൻ, മായാദേവി. ഗായിക അപർണ രാജീവ് കൊച്ചുമകളാണ്