ഡാളസ് : മലങ്കര മാര്‍ത്തോമാ സുറിയാനി സഭയില്‍ പുതുതായി നിയമിക്കപ്പെട്ട മൂന്നു വികാരി ജനറല്‍മാരുടെ സ്ഥാനാരോഹണ ശുശ്രൂഷ ഫെബ്രു. 28 തിങ്കളാഴ്ച രാവിലെ 7.30 ന് തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് ഭക്ത്യാദര ചടങ്ങുകളോടെ നടത്തപെട്ടു. മാരാമണ്‍ കണ്‍വെന്‍ഷന് ശേഷം നടന്ന മാര്‍ത്തോമാ സഭാ സിനഡാണ് മൂന്നു പുതിയതായി മൂന്നു വികാരി ജനറല്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത്.
അഭിവന്ദ്യ തിയോഷ്യസ് മാര്‍ത്തോമാ മെത്രപൊലീത്തയുടെ അദ്ധക്ഷതയില്‍ നടത്തപ്പെട്ട ചടങ്ങില്‍ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപോലിത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. സഭയിലെ ഇതര എപ്പിസ്‌കൊപ്പാമാരുടെയും നിരവധി പട്ടക്കാരുടെയും സാന്നിധ്യം ചടങ്ങിന്റെ മാറ്റ് വര്‍ധിപ്പിച്ചു.
ആറന്മുളയില്‍ നിന്നുള്ള റവ. ഡോ. ഈശോ മാത്യു (സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ ചര്‍ച്ച് മാങ്ങാനം വികാരി) , കൊട്ടാരക്കര പുലമന്‍ വികാരി റവ. കെ.വൈ. ജേക്കബ് (നിരണം ജറുസലേം മാര്‍ത്തോമാ ചര്‍ച്ച് വികാരി) , കീകൊഴൂര്‍ റവ. മാത്യു ജോണ്‍ (ചെതപെട് മാര്‍ത്തോമാ ചര്‍ച്ച ചെന്നൈ) എന്നിവരാണ് പുതുതായി ചുമതലയില്‍ പ്രവേശിച്ച വികാരി ജനറല്‍മാര്‍.
2021 ജൂലായ് 18 ലാണ് അവസാനമായി വികാരി ജനറലായി റവ. ജോര്‍ജ് മാത്യു ചുമതലയില്‍ പ്രവേശിച്ചതു .നിലവില്‍ മാര്‍ത്തോമാ സഭയില്‍ സജീവ സേവനത്തിലുള്ള ഏക വികാരി ജനറല്‍ വെരി റവ. ജോര്‍ജ് മാത്യുവിനോടൊപ്പം പുതിയ മൂന്നു പേരെ കൂടെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതോടെ സഭയിലെ വികാരി ജനറല്‍മാരുടെ എണ്ണം നാലായി. പതിനെട്ടു പേര്‍ ഇതിനകം വികാരി ജനറല്‍മാരായി റിട്ടയര്‍ ചെയ്തിട്ടുണ്ട്.