ലോസ് ഏഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും മുന്‍പുള്ള ഒരു മണിക്കൂര്‍ നേരം ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റ് ആണ്. നടന്മാരും നടിമാരും ഏറ്റവും മികച്ച ഫാഷനില്‍ ഓസ്‌കര്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തുന്നത് റെഡ് കാര്‍പ്പറ്റിലേക്കാണ്. ഇത്തവണത്തെ റെഡ് കാര്‍പ്പറ്റില്‍ താരമായത് ഗായകനും നടനുമായ ബില്ലി പോര്‍ട്ടര്‍ ആണ്. പരമ്പരാഗതമായ ടക്‌സിഡോ സ്യൂട്ടിലാണ് പുരുഷന്മാര്‍ സാധാരണ റെഡ് കാര്‍പ്പറ്റില്‍ എത്താറുള്ളത്. ഇത്തവണ ബില്ലി ആ പതിവ് തെറ്റിച്ചു. അരയ്ക്ക് മുകളിലേക്ക് ടക്‌സ് വേഷവും താഴേക്ക് ഗൗണും ആയിരുന്നു ബില്ലി പോര്‍ട്ടറുടെ വേഷം. കറുത്ത ടക്‌സ്ഗൗണ്‍ വേഷത്തില്‍ എത്തിയ ബില്ലി വളരെപ്പെട്ടന്ന് താരമായി.
ഡിസൈനര്‍ ക്രിസ്റ്റ്യന്‍ സിരിയാനോ രൂപകല്‍പ്പന ചെയ്ത വേഷത്തിലാണ് ബില്ലി പോര്‍ട്ടര്‍ എത്തിയത്. നിരവധി ആളുകള്‍ ബില്ലിയുടെ വേഷത്തെ ചോദ്യം ചെയ്തും പിന്തുണച്ചും രംഗത്ത് എത്തിയിട്ടുണ്ട്. ഓണ്‍ലൈനില്‍ ഇത് വലിയ ചര്‍ച്ചയുമായി. പുരുഷത്വം, സ്ത്രീത്വം തുടങ്ങിയവയെക്കുറിച്ച് ഒരു ചര്‍ച്ചയുണ്ടാക്കാനാണ് താന്‍ വേഷം തെരഞ്ഞെടുത്തത് എന്നാണ് ബില്ലി പറയുന്നത്. സ്ത്രീകള്‍ക്ക് പാന്റ്‌സ് ധരിച്ചുവരാം. ആരും ഒന്നും ചോദിക്കില്ല. എന്തുകൊണ്ടാണ് പുരുഷന് ഉടുപ്പ് ധരിക്കാന്‍ കഴിയാത്തത് ബില്ലി പോര്‍ട്ടര്‍ ചോദിച്ചു. മറ്റൊരു ശ്രദ്ധേയമായകാര്യം ബില്ലി പോര്‍ട്ടര്‍ ലൈംഗിക ന്യൂനപക്ഷത്തില്‍ പെടുന്നയാളും കടുത്ത അവകാശ പ്രവര്‍ത്തകനുമാണ് എന്നതാണ്. റെഡ് കാര്‍പ്പറ്റില്‍ ഇത്തവണ ടക്‌സിഡോഗൗണില്‍ ബില്ലി പങ്കാളിയായ ആദം സ്മിത്തിനൊപ്പമാണ് പോസ് ചെയ്തത്.