പേറ്റന്റ് ലംഘന കേസുകള്‍ അവസാനിപ്പിക്കാന്‍ മൈക്രോ സോഫ്റ്റും ഗൂഗിളും

സാന്‍ഫ്രാന്‍സിസ്‌കോ: പരസ്പരം നല്‍കിയിരുന്ന പേറ്റന്റ് ലംഘന കേസുകള്‍ പിന്‍വലിക്കാന്‍ സാങ്കേതിക രംഗത്തെ പ്രമുഖ കമ്പനികളായ മൈക്രോസോഫ്റ്റും ഗൂഗ്‌ളും തീരുമാനിച്ചു. ഇന്റര്‍നെറ്റ് ബന്ധിത മൊബൈല്‍ ഉപകരണങ്ങള്‍, വൈഫൈ, ഡിജിറ്റല്‍ വിഡിയോ തുടങ്ങിയവയുടെ പേറ്റന്റുകളുമായി ബന്ധപ്പെട്ടാണ് ഇരു കമ്പനികളും നിയമയുദ്ധം നടത്തിയിരുന്നത്. മോട്ടറോള മൊബിലിറ്റിയുമായി ബന്ധപ്പെട്ട കേസുകളും ഉപേക്ഷിക്കുന്നവയിലുണ്ടെന്ന് ഇരു കമ്പനികളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഗൂഗ്ള്‍ മോട്ടറോള മൊബിലിറ്റിയെ 290 കോടി ഡോളറിന് ചൈനീസ് കമ്പ്യൂട്ടര്‍ കമ്പനിയായ ലെനോവക്ക് വിറ്റിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട പേറ്റന്റുകള്‍ കൈമാറിയിരുന്നില്ല. ഇതിനു പുറമെ ചില മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനും ധാരണയിലത്തെിയിട്ടുണ്ട്. എന്നാല്‍, ഇത് ഏതൊക്കെ മേഖലകളിലാണെന്നത് വെളിപ്പെടുത്തിയിട്ടില്ല. ഗൂഗ്‌ളിന്റെ യൂട്യൂബ് ഉള്‍പ്പെടെ ജനകീയ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി വിന്‍ഡോസ് സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബ്ലറ്റുകളുടെയും സ്വീകാര്യത മെച്ചപ്പെടുത്താനും മൈക്രോസോഫ്റ്റിന് താല്‍പര്യമുണ്ടെന്നാണ് സൂചന.

Top