അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കാൻ ഗാർഡാ വൈകുന്നു; രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്നത് ഏഴുന്നൂറോളം അധ്യാപക തസ്തികകൾ

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: കൃത്യമായ സമയങ്ങളിൽ ഗാർഡാ സംഘം പരിശോധനകൾ പൂർത്തിയാക്കാത്തതിനാൽ രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്നത് ഏഴുനൂറിലേറെ അധ്യാപക തസ്തികകൾ ഏന്നു റിപ്പോർട്ട്. അധ്യാപക തസ്തികകളിലേയ്ക്കുള്ള അപേക്ഷകളിൽ കൃത്യമായ സൂക്ഷ്മപരിശോധനയും വേരിഫിക്കേഷും പൂർത്തിയാക്കാൻ ഗാർഡാ വൈകുന്നതാണ് അധ്യാപക നിയമനം അനന്തമായി നീണ്ടു പോകുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അധ്യാപകരുടെയും സ്‌പെഷ്യൽ നീഡ് അസിസ്റ്റന്റുമാരുടെയും നിയമനം വൈകുന്നതു മൂലം പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ തന്നെ ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. രാജ്യത്തെ സ്‌കൂളുകളിലെ സ്‌പെഷ്യൽ നീഡ് അസിസ്റ്റന്റുമാരുടെ ഒഴിവുകൾ കൃത്യമായ ഇടവേളകളിൽ നികത്താൻ സാധിക്കാത്തതു മൂലം നൂറു കണക്കിനു വിദ്യാർത്ഥികളാണ് തങ്ങളുടെ സ്‌കൂളുകളിൽ പോലും പോകാനാവാതെ വീടുകളിൽ തന്നെ കഴിച്ചു കൂട്ടുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ കുട്ടികൾക്കു സ്‌കൂളുകളിൽ എത്തിയാൽ തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി സ്‌പെഷ്യൽ കെയർ ലഭിക്കില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇതാണ് കുട്ടികളെ സ്‌കൂളുകളിൽ നിന്നും അകറ്റുന്നതെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ സ്‌കൂളുകളിലെ സ്‌പെഷ്യൽ കെയർ വിഭാഗം ജീവനക്കാരുടെയും, അധ്യാപകരുടെയും തസ്തിക അടിയന്തരമായി നികത്തണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
സ്വാഭാവ വൈകല്യമുള്ളവരും, സ്വയം പ്രാഥമിക കർത്തവ്യങ്ങൾ പോലും നിർവഹിക്കാൻ സാധിക്കാത്തവരുമായ കുട്ടികൾക്കു വേണ്ട സഹായങ്ങൾ നൽകുന്നതിനാണ് രാജ്യത്തെ സ്‌കൂളുകളിൽ സ്‌പെഷ്യൽ കെയർ അസിസ്റ്റന്റുമാരെ നിയമിക്കുന്നത്. എന്നാൽ, ഇപ്പോൾ പല സ്ഥലങ്ങളിലും ഇത്തരത്തിൽ സ്‌പെഷ്യൽ കെയർ അസി.തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഇത്തരത്തിൽ ഇവരെ നിയമിക്കുന്നതിനു മുന്നോടിയായി രാജ്യത്തെ സ്‌കൂളുകളിൽ പ്രത്യേക പരിശോധന ഗാർഡാ സംഘം നടത്താറുണ്ട്. ഈ സ്‌പെഷ്യൽ കെയർ അസിസ്റ്റന്റുമാരുടെ വ്യക്തിപരമായ സ്വഭാവം അടക്കമുള്ള കാര്യങ്ങളാണ് ഗാർഡാ പ്രധാനമായും പരിശോധിക്കുന്നത്. ഇത്തരത്തിൽ അന്വേഷണം നടത്തേണ്ട അപേക്ഷകൾ തീർപ്പു കൽപ്പിക്കുന്നതിനുള്ള കാലതാമസമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കു കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top