ഡബ്ലിന്‍: പെന്‍ഷന്‍ പ്രായം സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി പുതിയ കമ്മിറ്റിയെ നിയോഗിച്ചതായി സര്‍ക്കാര്‍. പബ്ലിക്ക് എക്‌സ്‌പെന്‍ഡീച്ചര്‍ ആന്‍ഡ് റിഫോംസ് മന്ത്രി ബ്രന്‍ഡന്‍ ഹൗളിങ്ങാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചു പഠനം നടത്തുന്നതിനു ഇന്റര്‍ ഡിപ്പാര്‍ട്ടമെന്റല്‍ ടീമിനെയാണ് ഇപ്പോള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നിയോഗിച്ചിരിക്കുന്നത്.
രാജ്യത്ത് ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ അടക്കം റിട്ടയര്‍മെന്റ് 65 -ാം വയസിലാണ് നല്‍കുന്നത്. എന്നാല്‍, 2014 മുതല്‍ റിട്ടയറായവര്‍ക്കു 66-ാം വയസില്‍ മാത്രമാണ് പെന്‍ഷന്‍ നല്‍കിയിരുന്നത്. എന്നാല്‍, 2021 മുതല്‍ പെന്‍ഷന്‍ പ്രായം 67 ആയി ഉയര്‍ത്തുന്നതിനും പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള പ്രായം 68 ആക്കുന്നതിനുമാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.
പെന്‍ഷനായതിനു ശേഷമുണ്ടാകുന്ന ഇടവേളയില്‍ റിട്ടയറായ എംപ്ലോയികള്‍ക്കു അണ്‍എംപ്ലോയ്‌മെന്റ് ബെനിഫിറ്റുകളും, തൊഴില്‍ തിരയുന്നതിനുള്ള അലവന്‍സും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാല്‍, റിട്ടയറാകുന്ന ജീവനക്കാര്‍ കൂടുതല്‍ കാലം ജോലി ചെയ്യാനുള്ള സന്നദ്ധത അറിയിക്കുന്നുണ്ടോ എന്നകാര്യമാണ് ഇപ്പോള്‍ കമ്മിറ്റി പ്രധാനമായും പരിശോധനാ വിധേയമാക്കുന്നത്. ഇത്തരത്തില്‍ ജീവനക്കാര്‍ കൂടുതല്‍ കാലം ജോലി ചെയ്യാന്‍ തയ്യാറാകുന്നുണ്ടെങ്കില്‍ ഇതു സംബന്ധിച്ചുള്ള പരിശോധനകളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നതിനു കമ്മിറ്റിക്കു നിര്‍ദശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള പെന്‍ഷന്‍ പോളിസില്‍ മാറ്റം വരുത്തണോ എന്നും, മാറ്റം വരുത്തിയാല്‍ തന്നെ അത് ഏതു രീതിയില്‍ വേണമെന്നുമുള്ള കാര്യങ്ങളും കമ്മിറ്റി പ്രധാനമായും പരിശോധനാ വിധേയമാക്കുന്നുണ്ട്.