ഡബ്ലിന്‍: അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതമോതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് പേര്‍ ഇന്ന് പ്രകടനങ്ങളുമായി തെരുവിലിറങ്ങി. ഡബ്ലിനിലും ഉച്ചകഴിഞ്ഞ് നടന്ന റാലിയില്‍ നിരവധിപേര്‍ പങ്കെടുത്തു. സ്വന്തം മണ്ണും വീടുമുപേക്ഷിച്ച് പോരാന്‍ നിര്‍ബന്ധിതരാകുന്ന അഭയാര്‍ത്ഥികള്‍ക്കായി കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ട് ഡബ്ലിനിലും ഗാല്‍വേയിലും ലണ്ടന്‍, കോപ്പന്‍ഹേഗന്‍, ഗ്ലാസ്‌ഗോ തുടങ്ങിയ നിരവധി നഗരങ്ങളിലും റാലികള്‍ നടന്നു.
അയര്‍ലന്‍ഡ് 4000 അഭയാര്‍ത്ഥികളെ ഏറ്റെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം നിലവിലെ പ്രതിസന്ധി നേരിടാന്‍ തക്ക രീതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വിമര്‍ശനവുമായി നിരവധി സന്നദ്ധസംഘടനകളും ഓര്‍ഗനൈസേഷനുകളും രംഗത്തെത്തിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അമ്പതോ നൂറോ പേരടങ്ങുന്ന അഭയാര്‍ത്ഥികളുടെ സംഘം അയര്‍ലന്‍ഡിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് നടത്തിയ റാലിയില്‍ ഇന്‍ഡിപെന്‍ഡന്റ് ടിഡി ക്ലെയര്‍ ഡാലി അടക്കമുള്ളവര്‍ സംസാരിച്ചു. റാലി സമാധാനപരമായിരുന്നുവെന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഗാര്‍ഡ അറിയിച്ചു.
ലണ്ടനില്‍ ‘അതിര്‍ത്തി തുറന്നുകൊടുത്ത് അഭയാര്‍ത്ഥികളെ സ്വീകരിക്കൂ’ എന്ന പ്ലക്കാര്‍ഡുമായി ആയിരങ്ങള്‍ റാലിയില്‍ അണിനിരന്നു. സര്‍ക്കാര്‍ അഭയാര്‍ത്ഥി വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് തെറ്റാണെന്ന്് തെളിയിക്കുന്നതാണ് റാലിയില്‍ അഭയാര്‍ത്ഥികള്‍ക്ക് പിന്തുണയുമായെത്തിയ ജനങ്ങളുടെ സാന്നിദ്ധ്യമെന്ന് റാലിയില്‍ പങ്കെടുത്ത ഡുസന്‍ പെട്‌കോവിക് പറഞ്ഞു. കോപ്പന്‍ഹേഗനില്‍ അഭയാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ റാലിയില്‍ മുപ്പതിനായിരത്തോളം പേര്‍ പങ്കെടുത്തുവെന്ന് പോലീസ് വ്യക്തമാക്കി.