സ്വന്തം ലേഖകൻ
അബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ റമസാൻ അതിഥി പേരോട് അബ്ദുർറഹ്മാൻ സഖാഫിയുടെ ദ്വിദിന റമസാൻ പ്രഭാഷണത്തിന് അബുദാബിയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
നാളെ (തിങ്കൾ) അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിലും 24ന് അബുദാബി നാഷണൽ തിയേറ്ററിലുമാണ് പ്രഭാഷണം ഒരുക്കിയിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവും സമസ്ത കേരള സുന്നി യുവജനസംഘം പ്രസിഡന്റും കുറ്റ്യാടി സിറാജുൽ ഹുദ ജനറൽ സെക്രട്ടറിയുമായ പേരോട് അബ്ദുർറഹ്മാൻ സഖാഫിഈ വർഷം റമസാൻ അതിഥിയായി യു എ ഇയിൽ എത്തുകയും നിരവധി പ്രഭാഷണ വേദികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അബുദാബിയിലെ ഏറ്റവും പ്രൗഢമായ ചടങ്ങുകളാണ് നടക്കുക. മുൻ വർഷങ്ങളിലും പ്രസിഡന്റിന്റെ റമസാൻ അതിഥിയായി പേരോട് അബ്ദുർറഹ്മാൻ സഖാഫി യു എ ഇയിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്.
രാത്രി 10.30നാണ് പ്രഭാഷണം ആരംഭിക്കുക. സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രഭാഷണം വിജയിപ്പിക്കുന്നതിന് ഉസ്മാൻ സഖാഫി തിരുവത്ര ചെയർമാനായും ഉമ്മർ മുസ്ലിയാർ തളിപ്പറമ്പ്, സിദ്ദീഖ് അൻവരി, ശംസുദ്ദീൻ ഹാജി, ഇബ്റാഹീം ബാഖവി കൂരിയാട് എന്നിവരെ വൈസ് ചെയർമാൻമാരായും ഹംസ അഹ്സനി വയനാട് ജനറൽ കൺവീനറായും സമദ് സഖാഫി, മുഹമ്മദ് അബ്ദുൽ ബാരി, എസ് എം കടവല്ലൂർ, അബ്ദുല്ല അമാൻ, കെ പി എം ശാഫി പട്ടുവം എന്നിവരെ ജോ.കൺവീനർമാരായും പി സി മുഹമ്മദ് ഹാജി ട്രഷററായും സ്വാഗതസംഘം രൂപവത്കരിച്ചു.
സിദ്ദീഖ് പൊന്നാട്, സദഖത്തുല്ല പട്ടാമ്പി (ഗതാഗതം), ഫഹദ് സഖാഫി, അബ്ദുൽ ഗഫൂർ പ്രചാരണം), അബ്ദുലത്വീഫ് ഹാജി, പറപ്പൂർ ഹാജി (ഭക്ഷണം), അബൂബക്കർ അസ്ഹരി, ഹക്കീം വളകൈ (സാമ്പത്തികം) എന്നിവരാണ് മറ്റു ഭാരവാഹികൾ.