അന്യസംസ്ഥാന തൊഴിലാളികള്‍: സുഗതകുമാരിയോട് വിയോജിപ്പ് – പെരുമ്പടവം

ദുബായ്∙ അന്യ സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് കവയിത്രി സുഗതകുമാരി നടത്തിയ പരാമര്‍ശങ്ങളോട് വിയോജിപ്പുണ്ടെന്ന് കേരളസാഹിത്യ അക്കാദമി മുന്‍ ചെയര്‍മാനും നോവലിസ്റ്റുമായ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു.ബംഗാളികള്‍ കേരളത്തിലത്തെിയാല്‍ സംസ്കാരത്തിന് അപകടമാകുമെങ്കില്‍ മഹാനായ രവീന്ദ്രനാഥ ടാഗോറിനെയും സംഗീത സംവിധായകന്‍ സലില്‍ ചൗധരിയെയും നമ്മള്‍ തിരസ്കരിക്കേണ്ടി വരുമല്ലോ എന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലേക്ക് തൊഴില്‍ തേടി വന്ന ആദ്യകാല ഇതര സംസ്ഥാനക്കാരനാണ് സലില്‍ ചൗധരി. അദ്ദേഹത്തിന്‍െറ ഈണങ്ങള്‍ മൂളാത്ത ഏത് മലയാളിയാണുള്ളത്. ലോകമെമ്പാടും മലയാളികള്‍ തൊഴില്‍ ചെയ്യുന്നുണ്ട്. അവരെല്ലാം ഇതേ നിലപാട് സ്വീകരിച്ചാല്‍ കേരളത്തിന്‍െറ അവസ്ഥ എന്താകും?. പെരുമ്പടവത്ത് ഞാനൊരു വീട് വയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ മലയാളികളായ ചില തൊഴിലാളികള്‍ ദ്രോഹമാണ് ചെയ്തത്.
ഒടുവില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെയാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്ത് തന്‍െറ അയല്‍ക്കാരിയായ സുഗതകുമാരിയോട് ബഹുമാനമുണ്ടെങ്കിലും പല നിലപാടുകളോടും വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുമാരനാശാന്‍െറ കാവ്യ ജീവിതത്തെ ആധാരമാക്കി വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം എഴുതുന്ന നോവല്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പെരുമ്പടവം പറഞ്ഞു.ദീര്‍ഘകാലം ഭാര്യ രോഗബാധിതയായി കിടന്നതാണ് വില്‍പനയില്‍ റെക്കോഡ് സൃഷ്ടിച്ച ‘ഒരു സങ്കീര്‍ത്തനം പോലെ’യുടെ കര്‍ത്താവിനെ നോവലെഴുത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. ഭാര്യയുടെ മരണം തീര്‍ത്ത വിങ്ങലിലാണ് താനിപ്പോഴും. കുറച്ചുഭാഗങ്ങള്‍ നേരത്തെ എഴുതിവച്ചിരുന്നു. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പ്രിയതമയുടെ മരണം തീര്‍ത്ത ഒറ്റപ്പെടലില്‍ നിന്ന് മുക്തി നേടാന്‍ വീണ്ടും എഴുതി തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. നോവല്‍ കുമാരനാശാന്‍െറ വ്യക്തി ജീവിതത്തെയല്ല, കാവ്യജീവിതത്തെയായിരിക്കും സ്പര്‍ശിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.

Top