ദുബൈ:പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്ന ഒട്ടേറെ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയില്‍ പ്രഖ്യാപിച്ചു. ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്ത ഓരോ വര്‍ഷത്തിനും ഒരു മാസമെന്ന തോതില്‍ ശമ്പളം നല്‍കും. ആറു മാസം വരെ ഇത് തുടരും. പ്രവാസി വ്യവസായികളുടെ സഹായത്തോടെ കേരളത്തില്‍ പ്രവാസി നിക്ഷേപക സെല്ലിന് രൂപം നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഏകജാലക സംവിധാനമായാണ് പ്രവാസി നിക്ഷേപക സെല്‍ നിലവില്‍ വരിക. വിദേശ തൊഴില്‍ അന്വേഷകരെ വഞ്ചിക്കുന്നത് നിയന്ത്രിക്കാന്‍ റിക്രൂട്ടിങ് ഏജന്‍സികളെ ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴില്‍ പ്രശ്‌നത്തില്‍ അകപ്പെടുന്ന പ്രവാസികളെ സഹായിക്കാന്‍ നിയമസഹായത്തിന് അഭിഭാഷക സെല്‍ രൂപീകരിക്കും. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കും. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന സംഘടനകള്‍ക്ക് സഹായം നല്‍കുമെന്നും പിണറായി പറഞ്ഞു.
അതേസമയം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കാപ്പ പ്രയോഗിക്കരുത് എന്നാണ് സര്‍ക്കാര്‍ നയമെങ്കിലും തീവ്രവാദ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ യു.എ.പി.എ ചുമത്തുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നതല്ല. ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന യു.എ.പി.എയോട് വിയോജിപ്പാണെന്നും ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.
അഴിമതി നിരോധന സംവിധാനത്തെ സ്ഥാപിതതാല്‍പര്യക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിയുടെ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഏത് ഉദ്യോഗസ്ഥനെതിരെ പരാതി ഉയര്‍ന്നാലും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിലെ ആര്‍.എസ്.എസ് സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല.