ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഖത്തറിലത്തെും. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച സല്‍മ ഡാം ഉദ്ഘാടനം ചെയ്ത ശേഷം നാളെ വൈകുന്നേരമാണ് മോദി ഖത്തറിലേക്ക് തിരിക്കുന്നത്. അഞ്ചിനാണ് ഖത്തറിലെ പ്രധാന പരിപാടികള്‍. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി ഞായറാഴ്ച രാവിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ സംരംഭകരുടെ സംഗമത്തില്‍ പങ്കെടുക്കും.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണിനോട് ചേര്‍ന്ന ലേബര്‍ സിറ്റി മോദി സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, പരിപാടിയുടെ വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല. ഒരു ലക്ഷത്തോളം പേര്‍ക്ക് താമസ സൗകര്യമുള്ള ഈ തൊഴിലാളി പാര്‍പ്പിട കേന്ദ്രത്തില്‍ മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും മികച്ച താമസ സൗകര്യമാണുള്ളത്. വിനോദ കേന്ദ്രങ്ങള്‍, പുല്‍ത്തകിടികള്‍, മെഡിക്കല്‍ ക്ളിനിക്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാമുള്ള ക്യാമ്പ് ഈയിടെയാണ് തുറന്നത്. ഇന്ത്യക്കാരുള്‍പ്പെടെ നിര്‍മാണ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ സന്ദര്‍ശന വേളയില്‍ അവിടെയുള്ള ലേബര്‍ ക്യാമ്പുകളില്‍ മോദി തൊഴിലാളികളുമായി സംവദിച്ചിരുന്നു. ദോഹയില്‍ നിന്ന് അഞ്ചിന് വൈകുന്നേരം സ്വിറ്റ്സര്‍ലന്‍റിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ നിന്ന് യു.എസും തുടര്‍ന്ന് മെക്സിക്കോയും സന്ദര്‍ശിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങുക.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് തൊഴില്‍ ശേഷി വികസിപ്പിക്കുന്നതിനും യോഗ്യതാ രേഖകള്‍ അംഗീകരിക്കുന്നതിനുമുള്ള ഇന്ത്യ-ഖത്തര്‍ കരട് ധാരണ പത്രത്തിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരട് ധാരണാ പത്രവും അമീരി ദിവാനില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.
അതേസയമം ഞായറാഴ്ച രാവിലെ ദോഹ ഷെറാട്ടന്‍ ഹോട്ടലില്‍ നിക്ഷേപകരുടെ സംഗമത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വിവിരം ലഭിച്ചു. ഖത്വരി വ്യവസായികള്‍ക്കു പുറമേ ഇന്ത്യന്‍ വ്യവസായികളും സംബന്ധിക്കുമെന്ന് അറിയുന്നു. ഉച്ച കഴിഞ്ഞ് ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സാമൂഹിക പ്രതിനിധികളുടെ സംഗമത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ച കഴിഞ്ഞ് 4.30നാണ് സംഗമം.
സന്ദര്‍ശന വേളയില്‍ ഇന്ത്യയും ഖത്വറും തമ്മില്‍ വിവിധ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പു വെക്കുമെന്ന് ഇരു രാജ്യങ്ങളിലെയും മന്ത്രാലയങ്ങള്‍ അറിയിച്ചിട്ടുണ്ട്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി എന്നിവരുമായും വിവിധ മന്ത്രിമാരുമായും മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയെ അനുഗമിക്കുന്ന ഉന്നതതല സംഘം ഖത്വറിലെ വിവിധ മന്ത്രിമാരുമായും വകുപ്പു മേധാവികളുമായും ചര്‍ച്ച നടത്തും. ടൂറിസം, മാനവശേഷി വികസനം, കസ്റ്റംസ് സംബന്ധിച്ചുള്ള കരാറുകളില്‍ ഒപ്പു വെക്കാന്‍ കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയിട്ടുണ്ട്.