ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കാണാന്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് അവസരമൊരുക്കി ഡബ്ലിന്‍ സിറ്റി സെന്ററിലൂടെ തന്റെ വാഹനമായ പോപ്പ് മൊബൈലില്‍ പാപ്പ സന്ദര്‍ശനം നടത്തും. അസിസ്റ്റന്റ് ഗാര്‍ഡ കമ്മീഷണറായ പാറ്റ് ലേഹിയാണ് ഇക്കാര്യം അറിയിച്ചത്. ആഗോള കുടുംബ സംഗമത്തോട് അനുബന്ധിച്ച് പാപ്പ അയര്‍ലന്റിലെത്തുന്ന 25-ആം തീയതി ശനിയാഴ്ച വൈകുന്നേരം കത്ത്രീഡലിലെ പ്രത്യേക ശൂശ്രൂഷയ്ക്ക് ശേഷം 4.15 ടെയാണ് പാപ്പ അയര്‍ലണ്ടിലെ വിശ്വാസികളെ കാണാന്‍ യാത്ര തിരിക്കുക.
പോപ്പ് മൊബീല്‍ എന്നറിയപ്പെടുന്ന മേല്‍ഭാഗം തുറന്ന കാറിലാകും പോപ്പ് വിശ്വാസികള്‍ക്കിടയിലൂടെ സഞ്ചരിക്കുക. സ്‌കോഡ കമ്പനിയാണ് പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനത്തിനുള്ള പോപ്പ് മൊബീല്‍ തയ്യാറാക്കിയിരിയ്ക്കുന്നത്. രണ്ട് കാറുകളാണ് ഇതിനായി കമ്പനി ഒരുക്കിയിരിക്കുന്നത്. ഇവയ്ക്ക് പ്രത്യേക രജിസ്ട്രേഷന്‍ നമ്പറുകളും നല്‍കിക്കഴിഞ്ഞു. പാപ്പയുടെ സന്ദര്‍ശനത്തിന് ശേഷം ഈ കാറുകള്‍ ചാരിറ്റിക്കായി നല്‍കുമെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. പോപ്പ് മൊബൈലിലൂടെയുള്ള ഫ്രാന്‍സിസ് പപ്പയുടെ യാത്രയുടെ റൂട്ട് മാപ്പും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതിലൂടെ ഏതൊക്കെ സ്ഥലങ്ങളിലൂടെയാണ് വാഹനം കടന്നുപോകുന്നതെന്നും മനസിലാക്കാം.പാപ്പ സന്ദര്‍ശനം നടത്തുന്ന മിക്ക രാജ്യങ്ങളിലും പോപ്പ് മൊബീലിലൂടെയുള്ള യാത്രയില്‍ അവിടുത്തെ ജനങ്ങളുമായി അടുത്ത് സംവദിക്കുന്നത് പാപ്പയുടെ പതിവാണ്.
വഴിയോരത്തു തന്നെ കാണാന്‍ കാത്തുനില്‍ക്കുന്ന ജനങ്ങളോട് കുശലന്വേഷണം നടത്തുന്നതും കുട്ടികളെ പോപ്പ് മൊബീലില്‍ കയറ്റി സവാരി നടത്തുന്നതും പലപ്പോഴും വേറിട്ട കാഴ്ചയാകാറുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു തലവേദനയാകുമെങ്കിലും ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ പാപ്പ യാതൊരു മടിയും കാണിക്കാറില്ല. ഓ’ കോണല്‍ സ്ട്രീറ്റില്‍ നിന്ന് ആരംഭിച്ച് പാലത്തിലൂടെ വെസ്റ്റ്മോര്‍ലാന്‍ഡ് സ്ട്രീറ്റിലെത്തും, തുടര്‍ന്ന് ഡെയിം സ്ട്രീളിലേക്കും. അവിടെനിന്ന് പാപ്പ സഞ്ചരിക്കുക ക്രൈസ്റ്റ്ചര്‍ച്ച് കത്രീഡലിലേക്കാവും. തുടര്‍ന്ന് ബ്രിഡ്ജ് സ്ട്രീറ്റിലൂടെ ലിഫിയിലേക്ക് മടങ്ങിയെത്തി ചര്‍ച്ച് സ്ട്രീറ്റിലെ കപ്പൂച്ചിന്‍ സെന്ററില്‍ പ്രവേശിക്കും. ഇവിടെ ഭവനരഹിതരുമായി പ്രത്യേക കൂടിക്കാഴ്ചയും ഒരുക്കിയിട്ടുണ്ട്.
പാപ്പയെ ഒരു നോക്കുകാണാന്‍ ലക്ഷക്കണക്കിന് പേരാണ് ഡബ്ലിനിലേക്ക് ഒഴുകിയെത്തുകയെന്ന് ഗാര്‍ഡ കണക്കുകൂട്ടുന്നു. മുന്‍പ് തനിക്ക് സമ്മാനമായി ലഭിച്ച ലംബോര്‍ഗിനി കാര്‍ ലേലം ചെയ്ത് ആ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൊടുത്തത് വന്‍ വാര്‍ത്തയായിരുന്നു. മാര്‍പാപ്പയാകും മുന്‍പ് അര്‍ജന്റീനയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പൊതു ഗതാഗത സംവിധാനങ്ങള്‍ മാത്രമാണ് അദ്ദേഹം യാത്രയ്ക്ക് ഉപയോഗിച്ചിരുന്നത്. വിലയേറിയ ആഡംബര കാറുകളും സ്മാര്‍ട്ട് ഫോണുകളും മറ്റും വാങ്ങിക്കൂട്ടുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിട്ടുമുണ്ട്.
2014 ല്‍ ഹാര്‍ഡ്ലി ഡേവിഡ്സണ്‍ ബൈക്ക് കമ്പനി സമ്മാനമായി നല്‍കിയ മോട്ടോര്‍ സൈക്കളും പാപ്പാ ലേലത്തില്‍ വിറ്റ് ചാരിറ്റിയ്ക്കായി നല്‍കിയിരുന്നു. അരലക്ഷത്തോളം പേരാണ് വിദേശരാജ്യങ്ങളില്‍ നിന്നുമാത്രം മഹാസംഗമത്തിനായി അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ഓരോ ദിവസവും വിവിധ വേദികളിലാണ് സമ്മേളനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ച പ്രബോധനരേഖയായ ‘സ്നേഹത്തിന്റെ സന്തോഷ’ത്തെ ആസ്പദമാക്കി ‘കുടുംബവും വിശ്വാസവും’, ‘കുടുംബവും സ്നേഹവും’, ‘കുടുംബവും പ്രത്യാശയും’ എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളും സാക്ഷ്യങ്ങളും ഇന്നലെ നടന്നു.
സംഗമത്തിന്റെ അവസാന ദിനങ്ങളായ 25, 26 തീയതികളിലാണ് ഫ്രാന്‍സിസ് പാപ്പ പരിപാടികളില്‍ പങ്കെടുക്കുന്നത്. അപ്പസ്‌തോലിക സന്ദര്‍ശനത്തിന് ഒരുക്കമായി കഴിഞ്ഞ ദിവസം ഐറിഷ് ജനതയ്ക്കു പാപ്പ വീഡിയോ സന്ദേശം നല്‍കിയിരുന്നു. കുടുംബങ്ങള്‍ക്കുള്ള ദൈവികപദ്ധതിയുടെ ഉത്സവത്തിലേയ്ക്കാണ് താന്‍ സന്തോഷത്തോടെ വരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പയുടെ സന്ദേശം ആരംഭിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കുടുംബങ്ങള്‍ക്ക് ഒരുമിച്ചുകൂടാനും അവരുടെ തിരഞ്ഞെടുപ്പുകള്‍ ജീവിക്കാന്‍ പരസ്പരം സഹായിക്കാന്‍ സംഗമം സഹായകമാകും.
ഡബ്ലിനിലെ ആഗോള സംഗമത്തെ നിരീക്ഷിക്കുന്ന ലോകമെമ്പാടുമുള്ള കുടുംബങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കുന്ന കുടുംബങ്ങള്‍ക്കും കൂടിക്കാഴ്ച നവീകരണത്തിനും നവോന്മേഷത്തിനുമുള്ള നല്ല അവസരമാണെന്നും പപ്പ സൂചിപ്പിച്ചു. ഓഗസ്റ്റ് 26ന് ഫിയോനിക്സ് പാര്‍ക്കില്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയോടും ദിവ്യകാരുണ്യ ആശീര്‍വാദത്തോടുംകൂടിയാണ് ലോക കുടുംബസംഗമത്തിന് തിരശീല വീഴുക.