ആഗോള കത്തോലിക്കാ സഭ മാറ്റത്തിന്റെ പാതയിലാണെന്ന സൂചന നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ലൈംഗിക പീഡന നിരോധന ഉച്ചകോടി ആരംഭിക്കുന്നത്. ബിഷപ്പുമാരുള്‍പ്പെടെ വൈദികരുടെ ലൈംഗികാതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് മാര്‍പാപ്പ അസാധാരണ സമ്മേളനം വിളിച്ചത്. കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങളും സമ്മേളനത്തിന്റെ പ്രധാന വിഷയമാണ്. വൈദികരുള്‍പ്പെട്ട ലൈംഗിക പീഡനങ്ങള്‍ ഇല്ലാതാക്കുന്നതിനൊപ്പം ഇരകള്‍ക്ക് എങ്ങനെ നീതി നല്‍കാനാകുമെന്നതാണ് സമ്മേളനത്തിന്റെ പ്രധാന അജന്‍ഡ. പീഡനങ്ങളെക്കാള്‍ അവ മൂടി വയ്ക്കുന്നതുമൂലം ഇരകള്‍ക്കും സഭയ്ക്കും വലിയ ആഘാതം നേരിടേണ്ടിവരുന്നതായി വത്തിക്കാന്‍ വിലയിരുത്തുന്നു. ഇത് കണക്കിലെടുത്താണ് പ്രത്യേക സമ്മേളനത്തിന് മാര്‍പാപ്പ തീരുമാനിച്ചത്. 130 രാജ്യങ്ങളില്‍ നിന്നായി വിവിധ മെത്രാന്‍ സമിതികളുടെ 130 പ്രതിനിധികളും വത്തിക്കാന്‍ പ്രതിനിധികളും ഉള്‍പ്പെടെ 190 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
സന്യാസിനി സഭകളെ അടക്കം പ്രതിനിധീകരിച്ച് കന്യാസ്ത്രീകളടക്കം 10 വനിതകളും ഇതില്‍ ഉള്‍പെടുന്നു. സഭാനിയമങ്ങളില്‍ മാറ്റമുണ്ടാക്കുകയല്ല, മറിച്ച് ലൈംഗികാതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയും ഉത്തരവാദിത്തവും പ്രതിബദ്ധതയും കൊണ്ടുവരാനും കര്‍ക്കശമായ നടപടികള്‍ ഉറപ്പാക്കാനുമാണ് മാര്‍പാപ്പയുടെ നീക്കം. വൈദികരും മെത്രാന്‍മാരും അടക്കം കന്യാസ്ത്രീകളെ പീഡിപ്പിക്കുന്നത് യാഥാര്‍ഥ്യമാണെന്നും ഇതിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മാര്‍പാപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തെറ്റുകള്‍ തിരുത്താനുളള ശ്രമം കാണണമെന്നും സഭയെ ഇകഴ്ത്താന്‍ ഇത്തരം അവസരം വിനിയോഗിക്കുന്നത് പൈശാചികശക്തികളുടെ സഹചാരികളാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
അതിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരെ വിമര്‍ശനവുമായി രണ്ട് കര്‍ദിനാള്‍മാര്‍ ബിഷപ്പുമാര്‍ക്ക് തുറന്ന കത്തെഴുതി. ലൈംഗികാതിക്രമല്ല, അധികാരദുര്‍വിനിയോഗമാണ് സഭ നേരിടുന്ന പ്രധാനപ്രശ്‌നമെന്ന് നിര്‍ണായക സമ്മേളനത്തിന് മുമ്പ് പുറത്തുവിട്ട കത്ത് ആരോപിക്കുന്നു. അതേസമയം,എന്നാല്‍ ആഗോളതലത്തില്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ കത്തോലിക്കാ സഭ ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ലെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര അഭിപ്രായപ്പെടുന്നത്.
‘വിദേശത്തുള്ളവര്‍ കുറച്ചുകൂടി ഉള്‍ക്കാഴ്ചയുള്ളവരാണ്. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊന്നും അവര്‍ ഉള്‍ക്കൊള്ളില്ല. ഭൂമി കുലുങ്ങിയാലും ഞങ്ങള്‍ മാറില്ല എന്നു പറഞ്ഞു നടക്കുന്നവരാണ് ഇവിടെയുള്ളവര്‍. വിദേശത്തുള്ളവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയാണെങ്കിലും, മാര്‍പാപ്പ പറഞ്ഞതിനു ശേഷം നിവൃത്തിയില്ലാത്തതുകൊണ്ട് പറഞ്ഞതായിരിക്കുമല്ലോ. നിര്‍ബന്ധിക്കപ്പെട്ടു പറഞ്ഞതാണോ സ്വമനസാലേ പറഞ്ഞതാണോ എന്ന് അറിയില്ലല്ലോ. എന്തായാലും അതൊക്കെ ഇങ്ങോട്ടെത്തുമ്പോള്‍ എന്താകും എന്ന് നോക്കിയിരുന്നു തന്നെ കാണണം.’
‘ഇത്രനാളിനുള്ളില്‍ ഫ്രാങ്കോയ്‌ക്കെതിരെ സംസാരിക്കാന്‍ ഒരാള്‍ പോലും രംഗത്തെത്തിയില്ല. ആ കന്യാസ്ത്രീകളെ സമൂഹത്തിന്റെ മുന്നില്‍ വന്ന് പിന്തുണയ്ക്കാന്‍ ആരും തയ്യാറായില്ല. റോബിനെ കോടതി ശിക്ഷിച്ചപ്പോള്‍, ഇവിടെയുള്ളവര്‍ പറഞ്ഞത് കോടതി വിധി അംഗീകരിക്കുന്നു എന്നാണ്. മറ്റുള്ളവര്‍ നിരപരാധികളാണെന്നാണ് അപ്പോളും അവര്‍ പറഞ്ഞത്. പ്രോസിക്യൂട്ടര്‍ക്ക് വാദങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് കോടതി അവരെ വെറുതെ വിട്ടത്. അല്ലാതെ നിരപരാധികള്‍ ആയതുകൊണ്ടല്ല. അതുകൊണ്ടു തന്നെ എനിക്കിവിടുത്തെ സഭയുടെ കാര്യത്തില്‍ വിശ്വാസമില്ല,’ സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.
തങ്ങള്‍ക്ക് പരിവര്‍ത്തനം ആവശ്യമാണെന്നും മാറാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് വത്തിക്കാന്‍ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞ മറ്റൊരു പ്രധാന കാര്യം. എന്നാല്‍ ഇത് ആത്മാര്‍ത്ഥയോടുകൂടി പറഞ്ഞതാണെങ്കില്‍ നല്ലകാര്യമാണെന്ന് സിസ്റ്റര്‍ ജെസ്മി അഭിപ്രായപ്പെട്ടു. ‘ഇത്രയും നാള്‍ അവര്‍ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കുകയായിരുന്നു. ഇപ്പോള്‍ നടത്തുന്ന ഈ കുറ്റസമ്മതം ആത്മാര്‍ത്ഥമാണെങ്കില്‍ അതൊരു ശുഭസൂചനയാണ്. ഇതൊക്കെ വെറും ഭംഗിവാക്കാണോ എന്നറിയില്ല. അധികാരികള്‍ പറഞ്ഞു പഠിപ്പിച്ചത് ഏറ്റു ചൊല്ലാനാണ് അവരെ ഇതുവരെ പഠിപ്പിച്ചത്. ആത്മാര്‍ത്ഥത എന്നത് വളരെ വലിയൊരു കാര്യമാണ്. അധികാരികള്‍ പറഞ്ഞു പഠിപ്പിച്ചതല്ലെങ്കില്‍ ഈ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. പ്രായോഗികതലത്തിലേക്ക് വരുമ്പോള്‍ ഇതില്‍ മനംമാറ്റം ഉണ്ടാകരുത്. നാളെ ഒരു കന്യാസ്ത്രീയ്ക്ക് പ്രശ്‌നം വരുമ്പോള്‍ ‘അയ്യോ അച്ചന്‍ കുര്‍ബാന ചൊല്ലിത്തരാനുള്ളതല്ലേ, അച്ചനെതിരെ ഒന്നും പറയരുത്,’ എന്ന പതിവ് പല്ലവി ആവര്‍ത്തിക്കരുത്.
സ്ത്രീകളുടെ കാല്‍ കഴുകണം എന്ന് മാര്‍പാപ്പ പറഞ്ഞപ്പോള്‍ ഇവര്‍ പറയുന്ന ന്യായം ഫ്രാന്‍സിസ് പാപ്പ ലത്തീന്‍ പാപ്പയാണ് ഞങ്ങള്‍ സീറോ മലബാര്‍ സഭക്കാരുടെ ആരാധനാക്രമത്തില്‍ കൈവെക്കാന്‍ മാര്‍പാപ്പയ്ക്ക് അധികാരമില്ല എന്നായിരുന്നു. ഞങ്ങള്‍ക്ക് ഒരു മാര്‍പാപ്പ ഇല്ലേയെന്ന് ഞാന്‍ ഞെട്ടിപ്പോയി. അതുകൊണ്ട് ശുഭസൂചനയാകാം, പക്ഷെ റോമില്‍ പോയി തിരിച്ചുവന്നിട്ട് എന്താണ് ചെയ്യുന്നതെന്നുകൂടി കണ്ടിട്ടെ തീരുമാനിക്കാനാകൂ,’ സിസ്റ്റര്‍ ജെസ്മി പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചു ചേര്‍ത്ത ഉച്ചകോടിയും അതിനു മുന്നോടിയായി സഭാ നേതൃത്വം നടത്തിയ കുറ്റസമ്മതവും പ്രതീക്ഷ നല്‍കുന്ന ഒന്നാണെന്നാണ് സേവ് അവര്‍ സിസ്റ്റേഴ്‌സ് (എസ്ഒഎസ്) ആക്ഷന്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ഷൈജു ആന്റണി പറയുന്നത്.