മാര്‍പാപ്പയെ വരവേല്‍ക്കാന്‍ ഒരുങ്ങി അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രലിലെ രണ്ടു മലയാളി വൈദികര്‍. ആഗോള കത്തോലിക്ക സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേല്‍ക്കാനുള്ള നിയോഗമാണ് ഒരാള്‍ക്കെങ്കില്‍ ഒരുമിച്ചു കുര്‍ബാന അര്‍പ്പിക്കാനുള്ള ഭാഗ്യമാണ് മറ്റൊരാള്‍ക്ക്. വൈദികരായ തൊടുപുഴ സ്വദേശി ഫാ. ജോണ്‍സണ്‍ കടകന്‍മാക്കല്‍, ആലപ്പുഴ കുട്ടനാട് സ്വദേശി ഫാ. ജോബി കരിക്കന്‍പള്ളി എന്നിവരാണ് ദൈവമേല്‍പ്പിച്ച ചരിത്ര നിയോഗത്തിനായി കാത്തിരിക്കുന്നത്. യുഎഇ സന്ദര്‍ശനത്തിലെ അവസാന ദിവസമായ ഫെബ്രുവരി അഞ്ചിന് രാവിലെ 9.15ന് സെന്റ് ജോസഫ്‌സ് കത്തീഡ്രലിലെത്തുന്ന മാര്‍പാപ്പയെ സ്വീകരിക്കുന്ന മൂന്നംഗ സംഘത്തിലെ ഏക മലയാളി വൈദികനാണ് ഫാ. ജോണ്‍സണ്‍.
ബിഷപ് പോള്‍ ഹിന്‍ഡറും ഫിലിപ്പീന്‍സില്‍നിന്നുള്ള വികാരി ജനറല്‍ ഫാ. ട്രോയുമാണ് സംഘത്തിലെ മറ്റു രണ്ടു പേര്‍. സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ മാര്‍പാപ്പയോടൊപ്പം കുര്‍ബാന അര്‍പ്പിക്കാനുള്ള അവസരമാണ് ഫാ. ജോബി കരിക്കന്‍പള്ളിക്ക് കൈവന്നത്.മാര്‍പാപ്പയെ നേരില്‍ കാണാനും ഒപ്പം കുര്‍ബാന അര്‍പ്പിക്കാനും സാധിക്കുന്നത് സ്വപ്നതുല്യമാണെന്ന് ഫാ. ജോബി കരിക്കന്‍പള്ളി പറഞ്ഞു. കുര്‍ബാനയില്‍ സഹകാര്‍മികനാകാനുള്ള അവസരമാണ് ഫാ. ജോബിക്ക് കൈവന്നിരിക്കുന്നത്. മൂന്നു മാസം മുന്‍പാണ് ഫാ.ജോബി അബുദാബിയില്‍ എത്തിയത്.
യുഎഇയിലെ കത്തോലിക്കാ ദേവാലയങ്ങളിലെ ഏതാനും വൈദികര്‍ക്കും സഹകാര്‍മികരാകാനുള്ള ഭാഗ്യമുണ്ടാകും. ‘ദൈവാനുഗ്രഹം, അത്യപൂര്‍വ ഭാഗ്യം’ എന്നാണ് ഫാ. ജോണ്‍സണ്‍ കടകന്‍മാക്കല്‍ ഈ അവസരത്തെ വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് റോമിലെത്തിയപ്പോള്‍ അകലെനിന്ന് പോപ്പിനെ കണ്ടിട്ടേയുള്ളൂ. എന്നാല്‍ നേരിട്ട് സ്വീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് ചിന്തിച്ചതേയില്ലെന്നും വിലപ്പെട്ട നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും മൂന്നു വര്‍ഷത്തിലേറെയായി ഇവിടെ സേവനമനുഷ്ഠിക്കുന്ന ഫാ. ജോണ്‍സണ്‍ പറഞ്ഞു.
15 മിനിറ്റ് സന്ദര്‍ശനം
രാവിലെ 9.15ന് ദേവാലയത്തിലെത്തുന്ന മാര്‍പാപ്പ വിശ്വാസികളെ ആശീര്‍വദിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യും.മാര്‍പാപ്പയെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നേരത്തെ രജിസ്റ്റര്‍ ചെയ്ത രോഗികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്കു മാത്രമായിരിക്കും അവസരം. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാല്‍ സയിദ് സ്‌പോര്‍ട്‌സ് സിറ്റിയിലേക്ക് പ്രത്യേക വാഹന ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്കും, രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പ്രവേശനമില്ല.