ദുബൈ: കുര്‍ബാനയ്ക്ക് പാസ് വാങ്ങാന്‍ വന്‍തിരക്ക്.മാര്‍പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള പാസ് വാങ്ങാന്‍ എല്ലാ പള്ളികളിലും വന്‍തിരക്ക്. കഴിഞ്ഞദിവസം ദുബൈ സെന്റ് മേരീസ് ദേവാലയത്തിലാണ് ആയിരങ്ങള്‍ പാസ് വാങ്ങാന്‍ എത്തിയത്. വൈകിട്ട് ആറു മുതല്‍ രാത്രി 10 വരെയാണ് പാസ് വിതരണം എന്നു പറഞ്ഞിരുന്നതെങ്കിലും രാവിലെ മുതല്‍ തന്നെ പാസ് വാങ്ങാന്‍ എത്തിയവരുടെ നിര കാണാമായിരുന്നു. പാസ് വിതരണം ആരംഭിച്ച തിങ്കള്‍ രാത്രിയോടെ ഇവിടെ നിന്ന് പതിമൂവായിരത്തിലധികം പാസുകളാണ് വിതരണം ചെയ്തത്. 21 വരെ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കാണ് പാസ് നല്‍കുന്നതെന്ന് പാരിഷ് വൈസ് പ്രസിഡന്റ് മാത്യു തോമസ് അറിയിച്ചു.
ഇന്നലെ രാത്രി എട്ടിനും ഇവിടെ വന്‍ തിരക്കായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ രാത്രി 10 വരെ പാസ് വിതരണം ചെയ്യും. നാലരലക്ഷം അംഗങ്ങളുണ്ട് ദുബൈ സെന്റ് മേരീസില്‍. അരലക്ഷത്തോളം മലയാളികളുമുണ്ട്. 43,000 പാസുകളാണ് ഇവിടെ നിന്നും വിതരണം ചെയ്യുക. അബുദാബിയിലേക്ക് ആളുകളെ കൊണ്ടുപോകുന്നത് പൊതു ബസുകളിലായതിനാല്‍ അതിനുള്ള ടിക്കറ്റുകളും പാസിനൊപ്പം നല്‍കുന്നുണ്ട്. നാലു ഹബുകളില്‍ നിന്നാണ് അബുദാബിയിലേക്ക് വാഹനങ്ങള്‍ പോകുന്നത്.
വണ്ടര്‍ലാന്‍ഡ്, അല്‍ നാദ, അല്‍ഖിസൈസ് പോണ്ട് പാര്‍ക്ക് എന്നിവിടങ്ങളാണത്. വണ്ടര്‍ലാന്‍ഡില്‍ അല്‍ ബൂം ടൂറിസ്റ്റ് വില്ലേജിനു സമീപവും അല്‍നാദയില്‍ അല്‍ അഹ്‌ലി ക്ലബിനു സമീപവുമാണ് ആളുകളെ കയറ്റുന്നത്. ഖിസൈസില്‍ പൊലീസ് സ്റ്റേഷനു സമീപവും സഫാ പാര്‍ക്കില്‍ മെഡ്‌കെയര്‍ ഹോസ്പിറ്റലിനു സമീപവുമാണ് ആളുകളെ കയറ്റുന്നത്. സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് യാസ് ഐലന്‍ഡിലാണ് പാര്‍ക്കിങ്. എന്നാല്‍ അവിടെ നിന്ന് പൊതുവാഹനത്തിലാണ് പോകേണ്ടത്. അതിനുള്ള ടിക്കറ്റും പാസിനൊപ്പം നല്‍കും.
മലങ്കര കത്തോലിക്കാ സഭയിലെ റജിസ്റ്റര്‍ ചെയ്ത വിശ്വാസികള്‍ക്ക് പാസ് വിതരണം ചെയ്തതായി ഫാ. മാത്യു കണ്ടത്തില്‍ അറിയിച്ചു. ദുബൈ, ജബല്‍ അലി, ഷാര്‍ജ എന്നിവിടങ്ങളിലെല്ലാം പാസ് വിതരണം ചെയ്തു. ബസുകളില്‍ നിന്നിറങ്ങി മൂന്നു കിലോമീറ്ററോളം നടന്നു വേണം കുര്‍ബാന നടക്കുന്ന സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ എത്താന്‍.സ്വകാര്യ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൈയ്യില്‍ കരുതാന്‍ പാടില്ല. ബസ് ടിക്കറ്റും സന്ദര്‍ശന പാസും മറക്കാതെ കൈയ്യില്‍ സൂക്ഷിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്.