അബുദാബിയിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രസന്ദര്‍ശനത്തിന്റെ ഓര്‍മ്മക്കായി ക്രൈസ്തവ ദേവാലയവും മുസ്ലിം പള്ളിയും ഉയരും. മാര്‍പ്പാപ്പയുടെ സന്ദര്‍ശനം മാത്രമല്ല, അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമിന്റെ സന്ദര്‍ശനത്തിന്റെയും സ്മാരകമായിരിക്കും ഈ ദേവാലയങ്ങള്‍.ഫ്രാന്‍സിസ് മാര്‍പാപ്പ, അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബ് എന്നിവരുടെ പേരുകള്‍ സൂചിപ്പിക്കുന്ന സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, ഗ്രാന്‍ഡ് ഇമാം അഹ്മദ് അല്‍ ത്വയ്യിബ് മസ്ജിദ് എന്നിവയാണ് മതാന്തര ബന്ധത്തിന്റെ സ്മാരകമായി നിര്‍മിക്കുന്നത്. അബൂദബി ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടന്ന മാനവ സൗഹാര്‍ദ ആഗോള സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ആരാധനാലയങ്ങളുടെ ശിലാഫലകത്തില്‍ അവര്‍ ഒപ്പുവെച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.