ആകാശത്തൊരു പോസ്റ്റ് ഓഫിസ്

ദുബൈ: ഉയരങ്ങളില്‍ നിന്നൊരു കത്ത് നിങ്ങളെ തേടി വന്നാല്‍ ഇനി അദ്ഭുതപ്പെടേണ്ടതില്ല. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പോസ്റ്റ് ഓഫിസ് കോര്‍ണറിന് തുടക്കമായി. 125ാം നിലയിലെ നിരീക്ഷണ തട്ടില്‍ ഒരുക്കിയ പോസ്റ്റ് ഓഫിസ് കോര്‍ണറില്‍ നിന്ന് ലോകത്തെവിടേക്കും കത്തയക്കാനുള്ള സൗകര്യമാണ് എമിറേറ്റ്‌സ് പോസ്റ്റ് ഒരുക്കിയിരിക്കുന്നത്. ബുര്‍ജ് ഖലീഫയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് സ്മരണിക സ്റ്റാമ്പും സുവനീര്‍ ഷീറ്റും ആദ്യദിന കവറും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.
ബുര്‍ജ് ഖലീഫയിലത്തെുന്ന സന്ദര്‍ശകര്‍ക്ക് റീട്ടെയില്‍ കിയോസ്‌കുകളില്‍ നിന്ന് പ്രത്യേക സുവനീര്‍ പോസ്റ്റ് കാര്‍ഡുകള്‍ വാങ്ങാം. ബുര്‍ജ് ഖലീഫയുടെ ചിത്രമുള്ള സ്റ്റാമ്പ് പതിച്ച് പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിച്ചാല്‍ കാര്‍ഡ് മേല്‍വിലാസക്കാരനെ തേടിയത്തെും. മൂന്ന് ദിര്‍ഹമാണ് സ്റ്റാമ്പിന്റെ വില. ആറുമാസം പോസ്റ്റ് ഓഫിസുകളിലും സ്റ്റാമ്പ് ലഭ്യമാകും.
രാജ്യത്തിന്റെ അഭിമാനവും ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളത്തെുന്ന സ്ഥലവുമായ ബുര്‍ജ് ഖലീഫയില്‍ ഇത്തരമൊരു സൗകര്യം ഒരുക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് ഗ്രൂപ് ഓപറേഷന്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അഹ്മദ് അല്‍ ഫലാസി പറഞ്ഞു. ആറുവര്‍ഷത്തിനകം ഏറ്റവുമധികം ചിത്രങ്ങള്‍ പകര്‍ത്തപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമെന്ന ബഹുമതിയും സ്വന്തമാക്കാനായി. ബുര്‍ജ് ഖലീഫയെന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അതിന്റെ നിര്‍മാണത്തിനായി കഠിനാധ്വാനം ചെയ്തവരെയും എന്നെന്നും ഓര്‍മയില്‍ നിലനിര്‍ത്താനാണ് സ്മരണിക സ്റ്റാമ്പ് പുറത്തിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുര്‍ജ് ഖലീഫയുടെ ഖ്യാതി ലോകമെങ്ങും ഇനിയും വ്യാപിക്കാന്‍ സ്റ്റാമ്പ് ഉപകരിക്കുമെന്ന് എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ് ആക്ടിങ് സി.ഇ.ഒ ഫഹദ് അല്‍ ഹുസനിയും ചീഫ് കമേഴ്‌സ്യല്‍ ഓഫിസര്‍ ഇബ്രാഹിം ബിന്‍ കറാമും പറഞ്ഞു.

Top