പ്രവാസി ചാനല്‍ ദീപ്‌തി പകര്‍ന്ന ചടങ്ങില്‍ നാമി അവാര്‍ഡ്‌ സമ്മാനിച്ചു.

ന്യൂയോര്‍ക്ക്‌: ഐക്യത്തിന്റെ ശക്തിയില്‍ രൂപംകൊണ്ട്‌ പ്രവാസികളുടെ ജിഹ്വയായി മാറിയ പ്രവാസി ചാനലിന്റെ ഔപചാരിക ഉദ്‌ഘാടനവും പ്രഥമ നാമി അവാര്‍ഡ്‌ വിതരണവും ഹൃദയഹാരിയായി. നിറങ്ങളും കലാരൂപങ്ങളും സമഞ്‌ജസമായി സമ്മേളിച്ച വേദിയില്‍ നിലവിളക്കിലെ നാളങ്ങള്‍ ദീപ്‌തമായപ്പോള്‍ പ്രവാസ ചരിത്രത്തിലെ പുത്തന്‍ ഏടിനു തുടക്കമായി. പ്രവാസിക്കുവേണ്ടി പ്രവാസികള്‍ രൂപംകൊടുത്ത ചാനലിന്റെ ഉദയം.

ഉദ്‌ഘാടനം നിര്‍വഹിച്ച രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഈ പ്രകാശം ലോകമെങ്ങും പരക്കട്ടെ എന്ന്‌ ആശംസിച്ചു. പ്രവാസികളാണ്‌ കേരളാ വികസനത്തിന്റെ നട്ടെല്ല്‌. അവര്‍ക്ക്‌ ഉണ്ടാകുന്ന നേട്ടങ്ങള്‍ കേരളത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ സഹായകമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാനല്‍ ഉദ്‌ഘാടനം ചെയ്യാന്‍ കഴിഞ്ഞത്‌ വലിയ ഭാഗ്യമായി കരുതുന്നു. എംസി.എന്‍ ചാനലും, മലയാളം ടെലിവിഷനും ഒന്നായത്‌ ആഹ്ലാദകരമാണ്‌. ഐക്യവും നന്മയുമാണ്‌ നമ്മുടെ ശക്തി. രണ്ടുംകൂടി ഒന്നാകുമ്പോള്‍ ശക്തി ഇരട്ടിയല്ല, പല മടങ്ങാണ്‌. ഒന്നാകാന്‍ പ്രയത്‌നിച്ച എല്ലാവരേയും അനുമോദിക്കുന്നു. ഇതൊരു മാതൃകയാണ്‌. മത്സരമല്ല സ്‌മന്വയമാണ്‌ നമുക്ക്‌ ആവശ്യമെന്ന്‌ നിങ്ങള്‍ തെളിയിച്ചു.

ചാനലുകള്‍ക്ക്‌ ഇന്ന്‌ എത്ര സ്വാധീനമുണ്ടെന്നു പറയാനാവില്ല. ഡസന്‍ കണക്കിനു ചാനലുകള്‍ നമ്മുടെ ജീവിതരീതിയെ മാറ്റിമറിച്ചു. കലാകാരന്മാര്‍ക്ക്‌ അവസരമൊരുക്കി. വിജ്ഞാനവും വിനോദവും പകര്‍ന്ന്‌ ജനത്തെ സഹൃദയരാക്കി.

പക്ഷെ അവയില്‍ ദോഷങ്ങളുമുണ്ട്‌. ദോഷങ്ങളേക്കാള്‍ നേട്ടമാണുള്ളതെന്നും പറയാം. വിജ്ഞാനവും വിനോദവും ചേര്‍ന്ന ജീവിതത്തിലാണ്‌ പൂര്‍ണ്ണതയുണ്ടാവുക. ഒന്നിനുവേണ്ടി മാത്രം, ഉദാഹരണത്തിനു പണത്തിനുവേണ്ടി മാത്രം ജീവിക്കുന്നവര്‍ പൂര്‍ണ്ണ ജീവിതമല്ല ആര്‍ജ്ജിക്കുന്നത്‌. അതിനു ചാനലുകള്‍ പങ്കുവഹിക്കുന്നു. പ്രവാസി ചാനലിനു അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു.

സാങ്കേതികവിദ്യ ജനജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വിവരണാതീതമാണെന്ന്‌ ആന്റോ ആന്റണി എം.പി പറഞ്ഞു. വ്യക്തികള്‍ക്ക്‌ പ്രാധാന്യമുള്ള അമേരിക്കയില്‍നിന്നുണ്ടാകുന്ന ചാനലിന്റെ മേന്മ വളരെ കൂടുതലായിരിക്കുമെന്നു കരുതുന്നു. അതു കേരളത്തിലെ ചാനലുകള്‍ക്ക്‌ മാതൃകയാകട്ടെ.

വിഭജനത്തിന്റെയല്ല സംയോജനത്തിന്റെ പാതയാണ്‌ യുണൈറ്റഡ്‌ മീഡിയ സ്വീകരിച്ചിരിക്കുന്നതെന്നതില്‍ സന്തോഷമുണ്ട്‌. അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. ഫോമയും, ഫൊക്കാനയും ഇതുപോലെ ഒന്നിക്കണം- അദ്ദേഹത്തിന്റെ നിര്‍ദേശം കൈയ്യടിയോടെ ജനം എതിരേറ്റു.

മലയാളി ജീവിക്കുന്നിടത്തെല്ലാം പുതിയ കലാരൂപങ്ങള്‍ ഉണ്ടാകുന്നുണ്ട്‌. ഇന്ത്യയില്‍ രൂപംകൊണ്ട കലയാണെങ്കിലും അതു വിദേശ സ്വാധീനത്തില്‍ പുതിയ രൂപം കൈക്കൊള്ളുന്നു. അതിനാല്‍ പ്രവാസി ചാനലിനു വലിയ പ്രധാന്യമുണ്ട്‌.

`അക്കരക്കാഴ്‌ചകള്‍’ സീരിയലിലൂടെയാണ്‌ അമേരിക്കന്‍ മലയാളിയെ ജനം കണ്ടത്‌. കേരളത്തിലെ ഏതൊരു സീരിയലിനേക്കാളും മികച്ചതായിരുന്നു അത്‌.

മാധ്യമരംഗം സമയത്തേയും ദൂരത്തേയും അതിജീവിച്ച കഥയാണ്‌ മനോരമ എഡിറ്റോറിയല്‍ ഡയറക്‌ടര്‍ തോമസ്‌ ജേക്കബ്‌ എടുത്തുകാട്ടിയത്‌. മുമ്പ്‌ പ്രക്ഷേപണം തത്സമയമാണെങ്കില്‍ ഇങ്ങനെ എഴുതിക്കാട്ടുമായിരുന്നു. `ബാക്കിയെല്ലാം റെക്കോര്‍ഡ്‌’. ഇന്ന്‌ എല്ലാ വാര്‍ത്താ പരിപാടിയും തത്സമയം തന്നെ. ലോകത്തെവിടെ നിന്നാണെങ്കിലും ഇതു സാധിതമാകുന്നു.

കേരളത്തിലെ പത്രങ്ങള്‍ തുടങ്ങിയത്‌ മാസത്തില്‍ ഒന്നു വീതമാണ്‌. പിന്നെ ആഴ്‌ചയില്‍ ഒന്നും രണ്ടും മൂന്നും വീതമായി. 1927-ല്‍ കോട്ടയത്ത്‌ പാലാമ്പടം കുടുംബക്കാര്‍ പത്രം തുടങ്ങിയപ്പോള്‍ അതു ഡെയ്‌ലിയായി. പേരും പ്രതിദിനം.

ഏബ്രഹാം ലിങ്കണ്‍ 1865-ല്‍ കൊല്ലപ്പെട്ട വിവരം കേരളത്തിലെത്തിയത്‌ മൂന്നരമാസം കഴിഞ്ഞാണ്‌. അന്നു ടെലിഗ്രാഫില്ല. കപ്പലില്‍ പത്രം വരണം. അന്നു കോട്ടയത്തുനിന്നുള്ള ഡെയ്‌ലി പ്രസില്‍ അച്ചടിച്ച പത്രത്തിലാണ്‌ മരണ വിവരം വന്നത്‌. ലിങ്കണ്‍ എന്ന പേരിന്റെ ഉച്ഛാരണം അറിയാത്തതുകൊണ്ട്‌ ലിങ്കോലസ്‌ എന്നാണ്‌ എഴുതിയത്‌. ചട്ടമ്പിസ്വാമികള്‍ സമാധിയായത്‌ വാര്‍ത്തയാകുന്നത്‌ ഒരാഴ്‌ച കഴിഞ്ഞാണ്‌. കുമാരനാശാന്‍ പല്ലനയാറ്റില്‍ ബോട്ട്‌ അപകടത്തില്‍ അന്തരിച്ചത്‌ (1921) കോട്ടയത്ത്‌ നാലാം ദിനവും, കോഴിക്കോട്‌ ഏഴാം ദിനവുമാണ്‌ എത്തിയത്‌. എന്നാല്‍ ഇന്നത്തെ സ്ഥിതിയോ? വിസ്‌മയം തോന്നിപ്പോകുന്നു.

ഏതൊരു പ്രസ്ഥാനത്തിനും നല്ല ഒരു പേര്‌ കിട്ടുന്നത്‌ പ്രധാനമാണ്‌. പ്രവാസി ചാനല്‍ എന്ന മനോഹരമായ പേര്‌ സ്വന്തമാക്കിയതില്‍ അഭിമാനം.

പ്രവാസി ചാനൽ യുണൈറ്റഡ്‌ മീഡിയ ഐ പി ടി വി വിതരണ സ്രിങ്കല വഴി ലോകമെമ്പാടും ലഭ്യമാണെങ്കിലും ഇനിയും പ്രവാസി ചാനലിലൂടെ എല്ലാ യൂറോപ്‌ രാജ്യങ്ങളിലെയും, ഓസ്ട്രേലിയ, അയർലണ്ട്, സിങ്കപ്പൂർ, മലേഷ്യ, ജർമ്മനി, സ്വിറ്റ്സർലൻഡ്, കൂടാതെ ഗൾഫ്‌ രാജ്യങ്ങളിൽ നിന്നുള്ള വാര്ത്തകളും വിശേഷങ്ങളും പ്രവാസി ചാനൽ വഴി ലഭ്യമാക്കാനുള്ള വിപുലീകരണത്തിന്റെ ഭാഗമായാണ്‌ ഔപചാരിക ഉദ്ഘാടനം ന്യൂ യൊർകിൽ ഒരുക്കിയത്.

കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ അംഗം സിമി റോസ്‌ബെല്‍, ഫൊക്കാന മുന്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ള എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു.

യുണൈറ്റഡ്‌ മീഡിയ പ്രവാസി ചാനലിന്റെ ഡയറക്ടർ ബോർഡ്‌ അംഗം ബേബി ജോണ്‍ ഊരാളില്‍ എല്ലാവരേയും സ്വാഗതം ചെയ്യുകയും, ചാനലിന്റെ ചരിത്രം വിവരിക്കുകയും ചെയ്‌തു. എട്ടുവര്‍ഷം മുമ്പാണ്‌ ക്രിസ്റ്റഫര്‍ ജോണിന്റെ നേതൃത്വത്തില്‍ എം.സി.എന്‍ ചാനല്‍ തുടങ്ങിയത്‌. മലയാളം ടെലിവിഷൻ ബി വി ജെ എസ്‌ സുനിൽ ട്രൈസ്റ്റാറിന്റെ നേതൃത്വത്തിൽ തുടങ്ങിയിട്ട്‌ നാലുവര്‍ഷവും – അദ്ദേഹം പറഞ്ഞു.

പ്രവാസി ചാനൽ യുണൈറ്റഡ്‌ മീഡിയ എന്ന ഐ പി ടി വി വിതരണ സ്രിങ്കല വഴി ലോകമെമ്പാടും ലഭ്യമാണെങ്കിലും ഇനിയും പ്രവാസി ചാനലിലൂടെ എല്ലാ യൂറോപ്‌ രാജ്യങ്ങളിലെയും, ഓസ്ട്രേലിയ, അയർലണ്ട്, സിങ്കപ്പൂർ, മലേഷ്യ, ജർമ്മനി, സ്വിറ്റ്സർലൻഡ്, കൂടാതെ ഗൾഫ്‌ രാജ്യങ്ങളിൽ നിന്നുള്ള വാര്ത്തകളും വിശേഷങ്ങളും പ്രവാസി ചാനൽ വഴി ലഭ്യമാക്കാനുള്ള വിപുലീകരണത്തിന്റെ ഭാഗമായാണ്‌ ഔപചാരിക ഉദ്ഘാടനം ന്യൂ യൊർകിൽ ഒരുക്കിയത്.

ചാനലിന്റെ ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ ക്രിസ്റ്റഫര്‍ ജോണ്‍, ആർ.കെ. കുറുപ്പ്‌, ബേബി ഊരാളില്‍, വര്‍ക്കി ഏബ്രഹാം, സുനില്‍ ട്രൈസ്റ്റാര്‍, സിൽവെസ്റ്റെർ നൊരൊൻഹ എന്നിവരും നിലവിളക്കിലേക്ക്‌ പ്രകാശം പകര്‍ന്നു.

നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ ഏറ്റുവങ്ങിയ ഫൊക്കാനാ പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍ ഇതു പ്രതീക്ഷിക്കാതെ ലഭിച്ച ഭാഗ്യമാണെന്നു പറഞ്ഞു. കേരളത്തില്‍ ഒരുപാട്‌ ചാനലുകള്‍ ഉണ്ടെങ്കിലും പ്രവാസികളെപ്പറ്റി കാര്യമായി ഒന്നും കാണിക്കാറില്ല. അതിനൊരു മറുപടിയാണ്‌ പ്രവാസി ചാനല്‍. അതിനാല്‍ ഇതൊരു ചരിത്രസംഭവമാണെന്നദ്ദേഹം പറഞ്ഞു. വിവിധ രംഗങ്ങളില്‍ മികവ്‌ തെളിയിച്ചവര്‍ക്ക്‌ അടുത്തവര്‍ഷം ടൊറന്റോയില്‍ നടക്കുന്ന ഫൊക്കാനാ സമ്മേളനത്തില്‍ അവാര്‍ഡ്‌ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ഏറ്റവും പ്രശസ്ത ഡാൻസ് ഗ്രൂപ്പ്‌ ആയ ആത്മ (AATMA) ഗ്രൂപ്പിന്റെ നൃത്തം, ബിന്ദ്യ പ്രസാദ്‌ ഒരുക്കിയ നൃത്തം, അമേരിക്കയിലെ ഏറ്റവും പ്രഗൽഭരായ ഗായകർ നടത്തിയ ഗാനങ്ങൾ തുടങ്ങിയവയായിരുന്നു മുഖ്യ കലാപരിപാടികള്‍. പ്രശസ്ത പിന്നണി ഗായകനും മലയാള സിനിമ രംഗത്തെ പ്രശസ്ത സംഗീത സംവിധായകനും ആയ ജാസ്സി ഗിഫ്റ്റ്, അറ്റ്ലാന്റയിൽ നിന്നെത്തിയ സതീഷ്‌ മേനോൻ, അമേരിക്കയിൽ എങ്ങും പ്രശസ്തരായ സുമ നായർ, അനിത കൃഷ്ണ കൂടാതെ, റോഷൻ മാമ്മൻ, അമേരിക്കയിൽ ജനിച്ചു വളർന്ന സോഫിയ മണലിൽ, കാതെറിൻ മാത്യു, ഏറ്റവും പ്രായം കുറഞ്ഞ ജിയ വിൻസെന്റ്‌ എന്നിങ്ങനെ നിരവധി ഗായകര് സദസ്സിനെ സംഗീത ലോകെതെക്ക് കൂട്ടി കൊണ്ട് പോയി.

അമേരിക്കന്‍ ബന്ധമുള്ള യുവതാരം ചെമ്പന്‍ ജോസ്‌ സിനിമാരംഗത്തേക്കുള്ള തന്റെ വരവ്‌ വിവരിച്ചു. സുഹൃത്തിന്റെ ചിത്രവുമായി ബന്ധപ്പെട്ടപ്പോള്‍ അതിലൊരു വേഷം അവിചാരിതമായി കിട്ടി. അതു നന്നായപ്പോള്‍ പുതിയ വേഷങ്ങള്‍ കിട്ടി. ടമാര്‍ പടാര്‍, ഇയ്യോബിന്റെ പുസ്‌തകം, ആമേന്‍, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങി ഒരുപറ്റം ചിത്രങ്ങളില്‍ അഭിനയിച്ചു. വിനോദ്‌ ജോസ്‌ എന്നാണ്‌ പേര്‌. മാളിയേക്കല്‍ ചെമ്പന്‍ എന്നതു വീട്ടുപോരും. സിനിമയ്‌ക്കുവേണ്ടി ചെമ്പന്‍ മാത്രം സ്വീകരിച്ചു. ജോസ്‌ ഏബ്രഹാമും പ്രവീണ മേനോനും ആയിരുന്നു അവതാരകര്‍.

പ്രവാസി ചാനലിന്റെ മുന്നിലും പിന്നിലും ആയി പ്രവർത്തിക്കുന്ന മുപ്പതോളം പേരുടെ കൂട്ടായ്മയാണ്‌ കേരളത്തിലെ വൻ ചാനലുകൾ നടത്തുന്ന അവാർഡ്‌ ദാന വേദി പോലെ തന്നെ കിടയറ്റ രീതിയിൽ ന്യൂ യോർക്കിൽ ആദ്യമായ് ഇങ്ങനെ ഒരു ദ്രിശ്യ വിസ്മയ ആവിഷ്കാരം തീർത്തത്.

മറ്റുള്ള രാജ്യങ്ങളിൽ നിന്ന് പ്രവാസി ചാനലുമായി ബന്ധപ്പെടാൻ ആഗ്രഹമുള്ളവർ 001-908-345-5983 എന്ന നമ്പരിൽ വിളിക്കുകയോ അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ കൂടി ഞങ്ങളെ അറിയിക്കുകയോ ചെയ്യാവുന്നതാണ്.

Top