പി.പി ചെറിയാൻ
ഡാള്ളസ്: അമേരിക്കയിൽ പ്രവാസികളായി കഴിയുന്നവർക്കു ഒസിഐ കാർഡ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു ഡാളസ് ഫോർട്ട് വർത്ത് പ്രവാസി മലയാളി ഫെഡറേഷൻ ഇന്ത്യൻ കോൺസുലർ ജനറൽ, ഇന്ത്യൻ അംബാസിഡർ, വിദേശകാര്യ മന്ത്രാലയം എന്നിവർക്ക് അയച്ച അടിയന്തര സന്ദേശത്തിൽ ആവശ്യപ്പെട്ടു. ആഗസ്റ്റ് 21 ഞായറാഴ്ച വൈകുന്നേരം സ്റ്റോൺ കാനിയനിൽ പി.എംഎഫ് പ്രസിഡന്റ് തോമസ് രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിഎംഎഫ് ഗ്ലോബൽ അഡൈ്വസറി ബോർഡ് അംഗം പി.പി ചെറിയാൻ സംഘടനാ പ്രവർത്തനങ്ങളെ സംബന്ധിച്ചു സംക്ഷിപ്ത വിവരണം നൽകി.
ഒസിഐ കാർഡ് ലഭിക്കുന്നതിനുള്ള കാലദൈർഘ്യം മൂന്നു മാസത്തിലധികം വരുന്നത് ഇന്ത്യയിലേയ്ക്കു യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കു പല പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. അടിയന്തരമായി പ്രിയപ്പെട്ടവരുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേയ്ക്കു പോകുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന വിധത്തിൽ ഇ- വിസ ഫീസ് വർധിപ്പിക്കുന്നതും പ്രതിഷേധാർഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
വിയന്നയിൽ സെപ്റ്റംബർ അവസാന വാരം നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബൽ കോൺഫറൻസ് വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. കഴിയുന്നത്രയും പ്രതിനിധികളെ ഗ്ലോബൽ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. ഒക്ടോബർ ആദ്യവാരം പിഎംഎഫ് പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും പങ്കെടുക്കുന്ന പിക്‌നിക് സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. തോമസ് കോശി സ്വാഗതവും രാജൻ മേപ്പുറം നന്ദിയും പറഞ്ഞു.