ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് നേരെ ലൈംഗികാരോപണം. ആര്‍ച്ച് ബിഷപ്പ് ലൂയിജി വെന്റൂറയാണ് ലൈംഗികാതിക്രമത്തിന് അന്വേഷണം നേരിടുന്നത്.പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വന്നതിന് ശേഷം പ്രതികരിക്കാമെന്നാണ് വത്തിക്കാന്‍ സംഭവത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. അന്വേഷണത്തെക്കുറിച്ച് ഫ്രാന്‍സിലെ വത്തിക്കാന്‍ ഓഫീസ് ഇതു വരെ പ്രതികരിച്ചിട്ടില്ല. 2009 മുതല്‍ പാരീസില്‍ വത്തിക്കാന്‍ സ്ഥാനപതിയായി സേവനം ചെയ്യുകയാണ് 74 കാരനായ ആര്‍ച്ച് ബിഷപ്പ് ലൂയിജി വെന്റൂറ. പാരിസ് സിറ്റി ഹോളിലെ കീഴ്ജീവനക്കാരനാണ് ആര്‍ച്ച് ബിഷപ്പിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. കീഴ്ജീവനക്കാരനെ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചെന്നാണ് ആരോപണം. സിറ്റി ഹാളില്‍ പുതുവര്‍ഷ പ്രസംഗത്തില്‍ പങ്കെടുക്കുന്നതിനിടെ നിരവധി തവണ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് തെറ്റായ രീതിയില്‍ സ്പര്‍ശനം സഹിക്കേണ്ടി വന്നുവെന്ന് പരാതി വിശദമാക്കുന്നു.