പ്രധാനമന്ത്രി തിരഞ്ഞെടുപ്പു വൈകുമെന്നു സൂചന; ഐക്യമുണ്ടാക്കാനാവാതെ സർക്കാർ

അ്ഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ:സ്ഥിരമായ സർക്കാർ സംവിധാനമില്ലെങ്കിലും അയർലണ്ട് സമ്പദ് വ്യവസ്ഥ മുന്നോട്ടു തന്നെയെന്ന് റിപ്പോർട്ട്. താൽക്കാലിക സർക്കാരിന്റെയും കാവൽ പ്രധാനമന്ത്രിയുടെയും നേതൃത്വത്തിലും രാജ്യം വികസനത്തിലേയ്ക്കു കുതിക്കുക തന്നെയാണ്. ഫിനഗേൽ, ഫിയന്ന ഫാൾ എന്നീ പ്രമുഖ പാർട്ടികൾ ചെറു പാർട്ടികളും കക്ഷികളുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ടെങ്കിലും പുതിയ സുസ്ഥിര ഗവൺമെന്റിനെ തെരഞ്ഞെടുക്കാനായി ആഴ്ചകൾ വേണ്ടിവരും എന്നതാണ് സത്യം. ഭരണം നേടാൻ ഇരു പാർട്ടികൾക്കും സിൻ ഫെന്നിന്റെ പിന്തുണ ലഭിക്കാത്തിടത്തോളം സുസ്ഥരമായ സർക്കാർ എന്ന ലക്ഷ്യം അകന്നു നിൽക്കുമെന്നും കണക്കാക്കപ്പെടുന്നു. അതിനാൽ ഇരുപാർട്ടികളും പരസ്പര വിട്ടുവീഴ്ചകളോടെ ഭരണപങ്കാളിത്തത്തിന് മുതിർന്നാൽ മാത്രമേ അടുത്ത അഞ്ചു വർഷം മുഴുവനും ഭരിക്കാനുതകുന്ന സർക്കാരിന് രൂപം നൽകാൻ കഴിയൂ.നാളെ ഡയൽ ചേർന്നാലും പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനാവില്ലെന്നുള്ള സൂചനകളാണ് രാഷ്ട്രീയ നേതാക്കൾ നല്കുന്നത്. എങ്കിലും ഏപ്രിൽ 6 നോടെ പുതിയ സർക്കാർ ഉണ്ടായേക്കും.സ്ഥിരീകരണമില്ലെങ്കിലും ഫിൻ ഗേൽ 50/50 ഭരണപങ്കാളിത്തം ഫിയന്ന ഫാളിന് നൽകി സർക്കാർ രൂപീകരിക്കാൻ തയ്യാറെടുക്കുന്നതായാണ് വിവരം. മന്ത്രിമാർ, പ്രധാനമന്ത്രി എന്നിവയിലെല്ലാം തത്തുല്യമായ വീതംവെപ്പ് ഉണ്ടാകുമെന്നും കരുതപ്പെടുന്നു. അങ്ങനെയെങ്കിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ മന്ത്രിസഭാ പുനഃസംഘടനയുംപ്രധാനമന്ത്രി സ്ഥാനം വെച്ചു മാറാനുള്ള സാധ്യതയും ഉണ്ട്.
തെരഞ്ഞെടുപ്പിന് ശേഷം വിവിധ പാർട്ടികൾക്കു ലഭിച്ച സീറ്റ് ഇങ്ങനെയാണ്; ഫിനഗേൽ 50, ഫിയന്ന ഫാൾ 44, സിൻ ഫെൻ 23, ലേബർ 7, മറ്റുള്ളവർ 34. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കൽ അസാധ്യമാണ്.പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ രംഗത്തുള്ള എൻഡ കെന്നി, മൈക്കൽ മാർട്ടിൻ,ജെറി ആഡംസ് എന്നിവർക്കൊന്നും തന്നെ പാർലമെന്റ് അധോസഭയിൽ ആവശ്യമായ 79 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചത്തേയ്ക്ക് (നാളെ ,മാർച്ച് 22) നീട്ടിവച്ചിരിക്കുകയാണ്. കാവൽ പ്രധാനമന്ത്രിയായി കെന്നിയും താൽക്കാലിക ഗവൺമെന്റും ഭരണഘടന പ്രകാരം ഭരണം നടത്തുന്നുണ്ടെങ്കിലും ഇവർക്ക് യഥാർത്ഥ ഗവൺമെന്റിന്റെ അധികാരങ്ങളലില്ല.
സ്ഥിതിഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും 2015 അവസാന പാദത്തിൽ രാജ്യം 8 ശതമാനത്തിനടുത്ത് വളർച്ച നേടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വളർച്ച പൂർണ്ണമായും ഭരണനിർവ്വഹണത്തെ ആശ്രയിച്ചുള്ളതാണ്. ചെലവ്, ടാക്‌സ് തുടങ്ങിയവയിൽ സമതുലനാവസ്ഥയിലെത്താൻ ഭരണകൂടത്തിന് കഴിഞ്ഞില്ലെങ്കിൽ ഈ വളർച്ച കുത്തനെ ഇടിയുകയും രാജ്യം കടക്കെണിയിലകപ്പെടുകയും ചെയ്യുമെന്നും കണക്കാക്കപ്പെടുന്നു. ഉടൻ തീരുമാനമെടുക്കേണ്ട പല കാര്യങ്ങളും രാജ്യത്ത് നിലനിൽക്കുന്നുണ്ടെങ്കിലും, ഭരണാന്തരീക്ഷത്തിലാകെ ഒരുതരം ആശയക്കുഴപ്പവും അനിശ്ചിതത്വവും നിലനിൽക്കുന്നതായാണ് കാണാൻ കഴിയുന്നത്.
സ്റ്റേറ്റ് സെക്ടർ സമരങ്ങൾ, ആരോഗ്യമേഖലയിലെ പ്രതിസന്ധി, താമസസ്ഥലവുമായി ബന്ധപ്പെട്ട പ്രതിസന്ധി എന്നിങ്ങനെയുള്ളവയിലൊന്നും തന്നെ ഇതേവരെ മാറ്റം വന്നിട്ടില്ല. രാജ്യത്തെ നിയമം പാലിക്കുന്ന പൗരന്മാർ പോലും അടുത്ത സർക്കാർ വെള്ളക്കരം ഒഴിവാക്കുമെന്നു കരുതി ഇപ്പോഴത്തെ കുടിശ്ശിക അടയ്ക്കാതിരിക്കുന്ന സ്ഥിതിയുമുണ്ട്.എന്തായാലും പുതിയ എന്തെല്ലാം സംഭവവികാസങ്ങളാണ് നാളെ ഉണ്ടാകുന്നത് എന്ന് കാത്തിരിക്കുകയാണ് അയർലണ്ടിലെ ജനങ്ങൾ.
ഇതിനിടെ ഫിയനാ ഫാളും ഫിനഗേലും ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറുന്നതെന്ന് സ്വതന്ത്ര ടി.ഡിയും നേതാവുമായ ഡെനിസ് നോട്ടൻ കുറ്റപ്പെടുത്തി. ഇരു പാർട്ടികളും സ്വതന്ത്രരുമായി അനുരഞ്ജനത്തിനു ശ്രമിക്കവെയാണ് നോട്ടന്റെ വിമർശനം.ഗ്രാമീണ മേഖലയിൽ നിന്നും ജയിച്ചു വന്ന അഞ്ച് ഇൻഡിപെൻഡന്റ് ടി ഡി മാരുടെ അംഗീകൃത നേതാവാണ് നോട്ടൻ. ഫിയന്ന ഫാളും ഫിനഗേലും പരസ്പരം പോരടിക്കുകയാണെന്നും തന്റെ ബ്ലോഗിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു പാർട്ടികളും ഒരുമിച്ച് ഗവൺമെന്റ് ഉണ്ടാക്കാൻ ശ്രമിക്കാതെ ചെറു പാർട്ടികളെ തങ്ങളോട് ചേർക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഉണ്ടാക്കാനായി ഇരു പാർട്ടികൾക്കും സ്വതന്ത്രരുടെ പിന്തുണ അത്യാവശ്യമാണ്. എന്നാൽ തൻകാര്യം നേടുകയല്ലാതെ രാജ്യത്തിന് വേണ്ടി വിട്ടു വീഴ്ച്ച ചെയ്യാൻ വലിയ പാർട്ടിക്കാർ തയാറാവുന്നില്ലെന്ന് നോട്ടൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top