അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാഷ്ട്രീയ ചർച്ചകൾ സജീവമായി നടക്കുന്നതിനിടെ രാജ്യത്ത് വീണ്ടും പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു. ഏപ്രിൽ ആറിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ ആർക്കു ഭൂരിപക്ഷം ലഭിക്കുമെന്നു ഇനിയും പ്രവചിക്കാനാവില്ലെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളും പരസ്പരം ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്.
ഫൈൻ ഗായേൽ നേതാവ് എൻഡ കെന്നിയെപ്പറ്റിയും ഫിന്നാ ഫെയിൽ അധ്യക്ഷൻ മൈക്കൽ മാർട്ടിനെക്കുറിച്ചുമുള്ള ഊഹാപോഹങ്ങളും വ്യാഖ്യാനങ്ങളുമായി വാർത്താലോകം നിറയുകയാണ്. മാർച്ച് 10ന് നടന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ കെന്നിക്ക് ലഭിച്ചത് 57 വോട്ടാണ്. മാർട്ടിന് 43ഉം. പ്രധാനമന്ത്രിയാകാനായി കുറഞ്ഞത് 71 വോട്ടെങ്കിലും നേടണം. ഈ സാഹചര്യത്തിൽ ആറാം തീയതി നടക്കുന്ന തെരഞ്ഞെടുപ്പിലും ഇവരിൽ ആർക്കെങ്കിലും ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം കഴിഞ്ഞ തവണത്തെക്കാൾ വോട്ട് കുറയുമോ കൂടുമോ എന്ന കാര്യത്തിലാണ് ആകാംക്ഷ. ആദ്യ വോട്ടെടുപ്പിൽ തന്നെ പിന്തുണച്ച 7 ലേബർ ടി.ഡിമാരുടെ പിന്തുണ കെന്നിക്ക് ഇന്ന് നഷ്ടമായിരിക്കുകയാണ്. അതേസമയം സ്വതന്ത്ര ടി.ഡി മൈക്കൽ ലോറിയുടെ പിന്തുണ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. മാർട്ടിന് ഇപ്പോഴും 43 പേരുടെ പിന്തുണ തന്നെയാണ് ഉള്ളത്. കെന്നിയും മാർട്ടിനും തമ്മിൽ ഫോണിലൂടെ ചർച്ച നടത്തിയെന്നും എന്നാൽ ചർച്ചയിൽ പ്രത്യേക ധാരണയൊന്നും ഉണ്ടായില്ലെന്നും വാർത്തകളുണ്ട്. ഫൈൻ ഗായേലിനെ പിന്തുണയ്ക്കുന്നതിനു പകരം ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ ഫിന്നാ ഫെയിൽ ശ്രമം തുടരുകയാണ് എന്നും വാർത്താവൃത്തങ്ങൾ പറയുന്നു. പരസ്പരം പിന്തുണ ലഭിക്കുന്നില്ല എങ്കിൽ ഇരു പാർട്ടികൾക്കും സർക്കാർ രൂപീകരിക്കാനായി സോഷ്യൽ ഡെമോക്രാറ്റുകളുടെയും, ഗ്രീൻ പാർട്ടിയുടെയും, സ്വതന്ത്രരുടെയും പിന്തുണ അത്യന്താപേക്ഷിതമാണ്. അതിനാൽത്തന്നെ ഈ പാർട്ടികൾ ഇവരിൽ ആരെ പിന്തുണയ്ക്കും എന്ന ചോദ്യത്തിനാണ് പ്രസക്തി. അതേസമയം ഈ പാർട്ടികളെല്ലാം കൂടി ഫൈൻ ഗായേലിനെയോ ഫിന്നാ ഫെയിലിനെയോ മാത്രമായി പിന്തുണയ്ക്കുമെന്നു കരുതാനും കഴിയില്ല. അതിനാൽ ആരാകും പ്രധാനമന്ത്രി എന്നറിയാനായി ഏപ്രിൽ 6 വരെ കാത്തിരിക്കുക തന്നെ. അന്നും ആർക്കും ഭൂരിപക്ഷം നേടാനായില്ലെങ്കിൽ അടുത്ത ഡയിൽ കൂടുന്നതും കാത്ത് വഴിക്കണ്ണുകൾ നീളും.