നോര്‍ത്ത് കരോളിന: കൊലപാതക കേസ്സില്‍ വിചാരണ നേരിടുന്ന സ്വയം സാത്താനാണെന്ന് അവകാശപ്പെടുന്ന പസൂസ അല്‍ജറാഡ്(36) സൗത്ത് കരോളിനാ ജയിലില്‍ ഇന്ന്(ബുധനാഴ്ച) രാവിലെ മരിച്ചനിലയില്‍ കണ്ടെത്തി. സാത്താന്‍ എന്ന് തോന്നുമാറ് ശരീരമാസകലം പച്ചകുത്തിയ പ്രതിയുടെ കൈയ്യില്‍ ഒരു മുറിവു കാണപ്പെട്ടതായി ജയില്‍ അധികൃതര്‍ പറഞ്ഞു. രാവിലെ ഡ്യൂട്ടിക്കെത്തിയ ഷെറീഫാണ് അബോധാവസ്ഥയില്‍ സെല്ലില്‍ കിടന്നിരുന്ന പ്രതിയെ കണ്ടെത്തിയത്. കാണാതായ രണ്ടുപേരുടെ ശരീരാവശിഷ്ടങ്ങള്‍ നോര്‍ത്ത് കരോളിനായിലെ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പിടിയിലായ മൂന്നുപേരില്‍ ഒരാളാണ് അല്‍ജറാഡ്. നാളെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് പ്രതി മരിച്ചത്. അള്‍ജറാഡിന്റെ കാമുകി ഏംബര്‍ ബര്‍ച്ചും, ക്രിസ്റ്റല്‍ നിക്കോളുമാണ് ഈ കേസ്സില്‍ പിടിക്കപ്പെട്ട മറ്റു രണ്ടു പേര്‍. 2009 ല്‍ കാണാതായ ജോഷ്വ ഫ്രെസറില്‍ 37, ടോമി ഡീന്‍ എന്നിവരുടെ ശരീര ഭാഗങ്ങളാണ് കണ്ടെടുത്തത്. പ്രതിയുടെ മരണകാരണം വെളിപ്പെടുത്തുവാന്‍ പോലീസ് വിസമ്മതിച്ചു.