ന്യൂയോര്‍ക്ക് : അമേരിക്കയിൽ പ്രതിഷേധം കത്തിപ്പടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പ്രതിധേഷത്തില്‍ വ്യാപക നാശ നഷ്ടങ്ങളാണ് അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ലോസ് ആഞ്ചലസില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഒത്തു കൂടി. എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധക്കാര്‍ നഗരത്തിലേക്ക് മാര്‍ച്ച് നടത്തിയത്. ഇതില്‍ 533 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മോഷണം , ആക്രമണം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്‌ററ് ചെയ്തിരിക്കുന്നത്.
പ്രതിഷേധത്തിനിടെ വ്യാപക നാശനഷ്ടമാണ് ലോസ് ആഞ്ചലസില്‍ ഉണ്ടായത്. കടകളും വ്യാപാര സ്ഥാപനങ്ങളും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. പോലീസ് വാഹനങ്ങളും ഇവര്‍ തകര്‍ത്തിട്ടുണ്ട്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകള്‍ പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ പ്രധാന പാതകള്‍ എല്ലാം തന്നെ പ്രതിഷേധക്കാര്‍ അടച്ചിരിക്കുകയാണ്.
അടുത്തിടെ ലോകം കണ്ടതില്‍വെച്ച് വലിയ പ്രതിഷേധമാണ് അമേരിക്കയില്‍ നടക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കറുത്ത വര്‍ഗ്ഗക്കാരനെ പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം പിന്നീട് അമേരിക്കയിലെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതോടെ മിന്നെപോളിസ്, മിന്നെസൊട്ട തുടങ്ങിയ നിരവധി നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.