സ്വന്തം ലേഖകൻ
ഡബ്ലിൻ: സാമ്പത്തിക പ്രതിസന്ധിയ്ക്കു പിന്നാലെ കടുത്ത പ്രതിസന്ധിയിലായിരുന്ന രാജ്യത്തെ തൊഴിൽ മേഖല മെച്ചപ്പെട്ട അവസ്ഥയിലെത്തിയതായി റിപ്പോർട്ടുകൾ. ആഴ്ചയിൽ ആയിരം തൊഴിൽ അവസരങ്ങൾ പുതുതായി സൃഷ്ടിക്കുന്ന രീതിയിലേയ്ക്കു രാജ്യത്തെ വിവിധ മേഖലകൾ വളർന്നതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇത് രാജ്യത്തെ എല്ലാ വിഭാഗത്തെയും, എല്ലാ മേഖലകളെയും പുരോഗതിയിലേയ്ക്കു കൈപിടിച്ചുയർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
നാലുവർഷം മുൻപുണ്ടായിരുന്ന അവസ്ഥയിൽ നിന്നു തൊഴിൽ മേഖള ഇന്ന് ഏറെ മെച്ചപ്പെട്ടു കഴിഞ്ഞിരിക്കുന്നതായി തൊഴിൽ വകുപ്പ് മന്ത്രി മേരി മിച്ചൽ ഓകോണർ ആണ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. രാജ്യ തലസ്ഥാനത്ത് മാത്രം പല കമ്പനികളിലായി ഏഴുനൂറിലേറെ പുതിയ തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടതെന്നും അധികൃതർ അവകാശപ്പെടുന്നുണ്ട്.
രണ്ടു മില്യണിലേറെ ആളുകളാണ് ഇപ്പോൾ അയർലൻഡിൽ ജോലി ചെയ്യുന്നത്. തൊഴിലില്ലായ്മ 7.8 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നാലു വർഷം മുൻപ് 15 ശതമാനത്തിനു മുകളിലായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. ഇത് പകുതിയാക്കി കുറയ്ക്കാൻ ഇപ്പോൾ സർക്കാരിനു സാധിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ എല്ലാ മേഖലകൾക്കും പ്രതീക്ഷ പകരുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.