സ്വന്തം ലേഖകൻ
ഡബ്ലിൻ: രണ്ടര മില്യണിലേറെ ആളുകൾ പ്രതിവർഷം ഉപയോഗിക്കുന്ന രാജ്യത്തെ പൊതുഗതാഗതമാർഗങ്ങളുടെ നിരക്ക് വർധിപ്പിക്കാനൊരുങ്ങി സർക്കാർ. രാജ്യത്തെ ഏറ്റവും ശക്തമായ ഡബ്ലിൻ ബസ് അടക്കമുള്ള മികച്ച പൊതുഗതാഗത മാർഗങ്ങളിലുമാണ് അടുത്ത വർഷം ആദ്യം മുതൽ നിരക്ക് വർധനവ് നടപ്പിൽ വരുന്നത്. ഇതു സംബന്ധിച്ചു സർക്കാർ വൃത്തങ്ങൾ അന്തിമതീരുമാനം കഴിഞ്ഞ ദിവസം എടുത്തിരുന്നു. 18 ശതമാനം വരെയാണ് നിലവിൽ പൊതുഗതാഗത സംവിധാനങ്ങൾക്കായി ട്രാൻസ്‌പോർട്ട് അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന നിരക്ക് വർധനവ്
രാജ്യത്തെ ഫെയർ സ്റ്റേജുകളിൽ പുനഃക്രമീകരണവും നടത്തിയിട്ടുണ്ട്.ബഹു ഭൂരിപക്ഷം യാത്രക്കാർക്കും ഇത് മൂലം ലാഭം പ്രതീക്ഷിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ ലുവാസ്, ഐറിഷ് റെയിൽ, ബസ് എറാൻ, ഡബ്ലിൻ ബസ് സർവീസ് എന്നിവയ്ക്കാണ് ചാർജ്ജ് വർദ്ധിപ്പിക്കുക. രാജ്യത്തെ നാലിലൊന്ന് യാത്രക്കാരെ ചാർജ്ജ് വർദ്ധന ബാധിക്കും. ഓരോ വർഷവും 230 മില്ല്യണോളം ജനങ്ങളാണ് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നത്. ഈ വർഷമാദ്യം ലുവാസ്, ഡബ്ലിൻ ബസ് സർവീസുകളിൽ ചാർജ്ജ് വർദ്ധിപ്പിച്ചിരുന്നു
ഡബ്ലിൻ ഷോർട്ട് ഹോപ്പ് സോൺ ഉപയോഗിക്കുന്ന യാത്രക്കാർക്കാണ് ചാർജ്ജ് വർദ്ധന പ്രധാനമായും നേരിടേണ്ടിവരിക. 16 മുതൽ 18% വരെയാകും വർദ്ധന.നേസ് ,കിൽക്കോക്ക് പ്രദേശങ്ങൾ ഡബ്ലിൻ സോണിൽ ഉൾപ്പെടുത്തിയതിനാൽ ഇങ്ങോട്ടേക്കുള്ള കമ്മ്യൂട്ടർ സർവീസുകൾക്ക് അമ്പതു ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും.
സമരത്തിലൂടെ കഴിഞ്ഞ മാസങ്ങളിൽ നേടിയെടുത്ത ചാർജ് വർദ്ധനവ് പോരെന്ന നിലപാടിലാണ് പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാർ.ചാർജ്ജ് വർദ്ധിപ്പിക്കാത്ത പക്ഷം ജീവനക്കാരുടെ ഇത്തരമാവശ്യങ്ങളെ നേരിടാനുള്ള വിഭവ ശേഷി ഉണ്ടാവില്ലെന്ന തിരിച്ചറിവ് കൂടിയാണ് ചാർജ് വർദ്ധിപ്പിക്കാൻ നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതരെ പ്രേരിപ്പിച്ചത്.