പി.പി ചെറിയാൻ
വാഷിങ്ടൺ: അമേരിക്കൻ ചർച്ചുകളുടെ പുൾപുറ്റിൽ നിന്നു പാസ്റ്റർമാർ ഏതു പ്രസംഗിക്കണം, പ്രസംഗിക്കരുത് തുടങ്ങിയ വിഷയങ്ങളിൽ ഇന്റേണൽ റവന്യു സർവീസ് നിയന്ത്രണം ശക്തമാക്കുന്നതിൽ പ്രതിഷേധിച്ചു ക്രൈസ്തവ ദേവാലയങ്ങളിലെ പാസ്റ്റർമാർ ഒക്ടോബർ മൂന്നിനു പുൾ പീറ്റസ് ഡെയായി ആചരിച്ചു. അലയൻസ് ഡിഫന്റിങ് ഫ്രീഡം സംഘടിപ്പിച്ച പ്രതിഷേധത്തിൽ നാലായിരത്തോളം പാസ്റ്റർമാർ പങ്കെടുത്തു.
1954 ൽ സെനറ്റർ ലിൻഡൽ ബി ജോൺസൺ യുഎസ് ടാക്സ് കോഡിൽ ഭേദഗതി വരുത്തുന്ന ബിൽ നിയമമാകുന്നതോടെയാണ് ഐആർഎസിന്റഎ നിയന്ത്രണം ചർച്ചുകൾക്കു ബാധകമായത്.
രാഷ്ട്രീയ പ്രവർത്തനത്തിനു പുൾപിറ്റ് ഉപയോഗിക്കുന്നതു തടയുക എന്ന ലക്ഷ്യമായിരുന്നു ഭേദഗതി ബില്ലുകൊണ്ടു ഉദ്ദേശിച്ചതെങ്കിലും ചർച്ചകളുടെ ഭാഗീകമായ നിയന്ത്രണം ഐആർഎസ് ഏറ്റെടുക്കുകയായിരുന്നു. ജോൺസൺ ആമന്റ്മെന്റ് എന്നാണ്, ഈ ഭേദഗതി അറിയപ്പെടുന്നത്.
യുഎസ് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംസാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണിതെന്നും ഇതിനെ ശക്തിയുക്തം എതിർക്കുമെന്നും ജോൺസൺ ഭേദഗതി എടുത്തു മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സംഘടനാ സീനിയർ കോൺസൽ എരിക്ക് സ്റ്റാൻലി പറഞ്ഞു.
വിശക്കുന്നവർക്കു ഭക്ഷണം നൽകുന്നതിനോ, മുറിവേറ്റവരുടെ മുറിവു വച്ചു കെട്ടുന്നതിനോ മനസു തകർന്നവരെ സമാശ്വസിപ്പിക്കുന്നതിനോ ശ്രമിക്കാത്ത ഐആർഎസ് ഈ ദൗത്വം ഏറ്റെടുത്തിരിക്കുന്ന ദേവാലയങ്ങൾക്കു നേരെ തിരിയുന്നത് എന്തിനാണെന്നു ഇവർ ചോദിക്കുന്നു.