ദോഹ: ഖത്തറില്‍ നിന്ന് തുടര്‍ച്ചയായി പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തകള്‍ വരുന്നു. വിസാ സൗജന്യവും കുറഞ്ഞ കൂലി സമ്പ്രദായവും പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം വളരെ പ്രധാനപ്പെട്ട നിര്‍ദേശം അമീര്‍ നല്‍കിയിരുന്നു. തൊഴില്‍ നിയമത്തിലെ ഭേദഗതിയായിരുന്നു അത്. തൊഴില്‍ ഉടമയുടെ അനുമതി ഇല്ലാതെ തന്നെ തൊഴിലാളിക്ക് ഖത്തര്‍ വിട്ടുപോകാമെന്നതായിരുന്നു ഭേദഗതി. എന്നാല്‍ പുതിയ ഉത്തരവ് മറ്റൊന്നാണ്. വിദേശികള്‍ക്ക് ഖത്തറില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കാനാണ് തീരുമാനം. ബന്ധപ്പെട്ട ഉത്തരവ് അമീര്‍ പുറപ്പെടുവിച്ചു. എന്നാല്‍ ഇതിന് ചില നിബന്ധനകളുണ്ട്. വിശദമാക്കാം…
ഖത്തറില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്ഥിരതാമസത്തിന് അനുമതി നല്‍കാനാണ് തീരുമാനം.
അപേക്ഷിച്ച എല്ലാവര്‍ക്കും ഒറ്റയടിക്ക് സ്ഥിരതാമസം നല്‍കുകയല്ല. അത് പ്രായോഗികവുമല്ല. ഓരോ വര്‍ഷവും നിശ്ചിത എണ്ണം ആളുകള്‍ക്കാണ് സ്ഥിരതാമസ അനുമതി നല്‍കുക. ഓരോ വര്‍ഷവും നൂറ് പേരെ തിരഞ്ഞെടുത്ത് സ്ഥിരതാമസ അനുമതി നല്‍കാനാണ് തീരുമാനം. പരമാവധി നൂറ് പേര്‍ക്കാണ് ഒരു വര്‍ഷം സ്ഥിരതാമസ അനുമതി നല്‍കുക. അനുമതി ലഭിച്ചാല്‍ ഇവര്‍ക്ക് ഖത്തര്‍ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ ക്ഷേമ പദ്ധതികള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.ഖത്തറില്‍ സ്ഥിരതാമസത്തിന് താല്‍പ്പര്യമുള്ളവര്‍ നേരത്തെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത് ആഭ്യന്തര മന്ത്രാലയമാണ്. അപേക്ഷകള്‍ പരിശോധിച്ച ശേഷം സ്ഥിരതാമസ അനുമതി നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കും.
സപ്തംബര്‍ നാലിനാണ് ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമാണ് ഖത്തറില്‍ വിദേശികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്.വിദേശികളെ ഭരണകൂടത്തോട് കൂറുള്ളവരാക്കാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു ഖത്തര്‍. വിദേശികള്‍ക്ക് സ്ഥിരതാമസ അനുമതി നല്‍കുന്ന കാര്യം ജിസിസിയില്‍ ഏറെ കാലമായുള്ള ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ഒരു രാജ്യങ്ങളും അനുമതി നല്‍കാന്‍ തയ്യാറായിട്ടില്ല. ആദ്യ രാജ്യം ഖത്തറാണ്.
27 ലക്ഷത്തോളം ആളുകളാണ് ഖത്തറില്‍ അധിവസിക്കുന്നത്. ഇതില്‍ 90 ശതമാനവും വിദേശികളാണ്. അതുകൊണ്ടുതന്നെ വിദേശികളാണ് ഖത്തറിന്റെ കരുത്ത്. വിദേശികളെ രാജ്യത്തോട് കൂടുതല്‍ അടുപ്പിക്കാനായാല്‍ ഇനിയും നേട്ടം കൊയ്യാമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു. സ്ഥിരതാമസ അനുമതി ലഭിക്കുന്നതിന് ചില നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നു. ഖത്തറില്‍ ജനിച്ചവര്‍ക്കാണ് സ്ഥിരതാമസ അനുമതി വേണ്ടത് എങ്കില്‍ അവര്‍ 10 വര്‍ഷം ഖത്തറില്‍ താമസിച്ചുവെന്ന് രേഖ വേണം. വിേേദശത്ത് ജനിച്ചവരാണെങ്കില്‍ 20 വര്‍ഷം ഖത്തറില്‍ താമസിച്ചുവെന്ന രേഖ ആവശ്യമാണ്.
മാത്രമല്ല, മതിയായ വരുമാനവും ആവശ്യമാണ്. ഖത്തര്‍ വനിതകളെ വിവാഹം ചെയ്ത വിദേശികള്‍, ഖത്തറുകാരന്റെ വിദേശിയായ ഭാര്യ, അവര്‍ക്കുണ്ടായ മക്കള്‍ എന്നിവര്‍ക്ക് സ്വാഭാവികമായും സ്ഥിരതാമസത്തിന് അനുമതി ലഭിക്കും. ഖത്തറിന് വേണ്ടി പ്രത്യേക നേട്ടം കൊയ്തവര്‍ക്കും സവിശേഷ കഴിവുള്ളവര്‍ക്കും പ്രത്യേക രേഖകള്‍ ആവശ്യമില്ല. സ്ഥിരതാമസ അനുമതി ലഭിച്ചാല്‍ ഒട്ടേറെ ഗുണങ്ങളുണ്ട്. സ്വദേശികളുടെ സഹായമില്ലാതെ തന്നെ ഖത്തറില്‍ വാണിജ്യ കമ്പനികള്‍ സ്വന്തമായി തുടങ്ങാന്‍ സാധിക്കും. ദേശീയ തലത്തില്‍ നടപ്പാക്കുന്ന സാമ്പത്തിക പദ്ധതികളില്‍ ഭാഗമാകാനും പറ്റും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ സ്ഥിരതാമസ അനുമതി റദ്ദാക്കാനും സാധ്യതയുണ്ട്.
വിദേശികള്‍ക്ക് ഉപകാരപ്പെടുന്ന പ്രഖ്യാപനം കഴിഞ്ഞദിവസമുണ്ടായിരുന്നു. വിദേശികള്‍ക്ക് രാജ്യം വിടുന്നതിന് തൊഴില്‍ ഉടമയുടെ അനുമതി ആവശ്യമില്ല എന്നതായിരുന്നു പ്രഖ്യാപനം. അല്‍ റയ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തൊഴിലുടമ പരാതിപ്പെട്ടാല്‍ വിദേശിയായ തൊഴിലാളിക്ക് യാത്രയ്ക്ക് അല്‍പ്പം തടസം നേരിടും. പരാതി പരിശോധിക്കുന്ന സര്‍ക്കാര്‍ സമിതി ഇക്കാര്യത്തില്‍ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കുമെന്നും പുതിയ നിയമഭേദഗതിയില്‍ പറയുന്നു.
വിദേശ തൊഴിലാളികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നാട്ടിലേക്ക് പോകാമെന്നതാണ് പുതിയ വ്യവസ്ഥ. ഇതിന് തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. തൊഴില്‍ നിയമത്തില്‍ കാതലായ മാറ്റം വരുത്തിയിരിക്കുകയാണ് ഭരണകൂടം. ഏറെ കാലമായി മനുഷ്യാവകാശ സംഘടനകള്‍ ഖത്തര്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോള്‍ അമീറിന്റെ നിര്‍ദേശ പ്രകാരം നടപ്പാക്കപ്പെട്ടിരിക്കുന്നത്.
നേരത്തെ തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തുകടക്കണമെങ്കില്‍ തൊഴിലുടമയുടെ അനുമതി ആവശ്യമായിരുന്നു. 2022ല്‍ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയാകുകയാണ്. ഇതിന്റെ ഒട്ടേറെ ജോലികള്‍ ഖത്തറില്‍ നടക്കുന്നു. തൊഴിലാളികളെ ഖത്തര്‍ ചൂഷണം ചെയ്യുകയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഇളവുകള്‍ പ്രഖ്യാപിക്കുന്നത്.