ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവറായി ഫത്തയ. ഏത് അത്യാഹിതങ്ങളിലും സേവനഹസ്തവുമായി ആദ്യം ഓടിയെത്തുന്ന വനിത. അധികം കരളുറപ്പില്ലാത്തവര്‍ കണ്ണുപൊത്തുന്ന ദുരന്തസ്ഥലങ്ങളിലേക്ക് ഓടിയെത്താനും ഇവര്‍ക്ക് മടിയില്ല. പരുക്കേറ്റുപിടയുന്ന ഒരോ ജീവനും രക്ഷിച്ചെടുക്കുക എന്ന ചിന്ത മാത്രമാണ് ഹമദ് ആംബുലന്‍സ് സര്‍വീസിലെ ആദ്യ വനിതാ ഡ്രൈവറായ ഫത്തയയുടെ മനസില്‍. എച്ച്എംസിയുടെ ആദ്യ വനിതാ പാരാമെഡിക് കൂടിയാണ് ഈ തുനീസിയക്കാരി. ആദ്യ ആംബുലന്‍സോട്ടം ഒരിക്കലും മറക്കാനാവില്ല. ഡ്രൈവിങ് സീറ്റില്‍ ഒരു പെണ്ണിരിക്കുന്നത് ആരാധനയോടെയാണ് എല്ലാവരും കണ്ടത്. അവരുടെ കണ്ണുകളിലെ വിസ്മയം ഇന്നും മറന്നിട്ടില്ല. ചിലരൊക്കെ സല്യൂട്ട് ചെയ്തു.
ചിലരൊക്കെ കൈവീശി സ്‌നേഹം പ്രകടിപ്പിച്ചു.
പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഒഴിവാക്കുന്നതില്‍ സ്ത്രീകള്‍ക്ക് പ്രത്യേക കഴിവുണ്ട്. ഒരു ആംബുലന്‍സ് ഡ്രൈവറെന്ന നിലയില്‍ ശോഭിക്കാന്‍ എനിക്കാവുന്നതില്‍ സ്ത്രീസഹജമായ ഈ കഴിവിനും വലിയ പങ്കുണ്ടെന്ന് സന്തോഷത്തോടെ ഫത്തയ പറയുന്നു. പാരാമെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ 2000ല്‍ ഖത്തറിലെത്തിയ ഇവര്‍ അസിസ്റ്റന്റ് ക്രിട്ടിക്കല്‍ കെയര്‍ പാരാമെഡിക് തസ്തികയില്‍ എച്ച്എംസിയുടെ ആംബുലന്‍സ് സേവനവിഭാഗത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. ചെറുപ്പം മുതലേ ഡ്രൈവിങ് ഫത്തയക്ക് ഹരമായിരുന്നു. ഏതു തിരക്കിലും അപകടരഹിതമായി വാഹനമോടിക്കാനുള്ള കഴിവ് തിരിച്ചറിഞ്ഞ മാനേജറാണ് ആംബുലന്‍സ് ഡ്രൈവറായിക്കൂടേ എന്നു ചോദിച്ചത്.
അങ്ങനെയാണ് പുരുഷന്മാര്‍ അടക്കിവാണിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിച്ചതും നിയമനം നേടിയതും. തിരക്കേറിയ റോഡിലൂടെ സിനിമകളിലെ ചേസിങ് പോലെ പായലാണ് പലപ്പോഴും ഹൃദയാഘാതമുണ്ടായവരാണ് സഹായം തേടിയിരിക്കുന്നതെങ്കില്‍ ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണ്. ഈ രംഗത്തേക്ക് കൂടുതല്‍ വനിതകള്‍ കടന്നുവരണമെന്ന അഭിപ്രായക്കാരിയാണ് ഫത്തയ. പാരാമെഡിക് പ്രവര്‍ത്തന പരിചയത്തിലൂടെ ഓരോ രോഗിയുടേയും അവസ്ഥ എത്ര സങ്കീര്‍ണവും ഗുരുതരവുമാണെന്ന് പെട്ടന്നു മനസിലാക്കാനാവുമെന്നത് മറ്റു ഡ്രൈവര്‍മാരില്‍ നിന്നു ഫത്തയയെ വ്യത്യസ്തയാക്കുന്നു. എക്യുപ്ഡ് ആംബുലന്‍സുകളിലെ ജീവന്‍ രക്ഷാ ഉപകരണങ്ങളെല്ലാം കൈകാര്യം ചെയ്യാനുമറിയാം.
അതിനാല്‍ സെക്കന്‍ഡിന്റെ നൂറിലൊരംശംപോലും പാഴാക്കാതെ ഉചിത തീരുമാനമെടുക്കാനും പ്രഥമശുശ്രൂഷ ഉറപ്പാക്കാനും ഇവര്‍ക്കാകുന്നു. പ്രാദേശിക, ദേശീയ ദുരന്തങ്ങള്‍ നേരിടാന്‍ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ കമാന്‍ഡ് സെന്ററു(എന്‍സിസി)മായും സഹകരിച്ച് ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍സിസിയിലെ ആദ്യ വനിതയെന്ന ബഹുമതിയും ഫത്തയക്കു സ്വന്തം. ഇവിടെ സൂപ്പര്‍വൈസര്‍മാരായി ജോലിയില്‍ പ്രവേശിക്കുന്നവരെ പരിശീലിപ്പിക്കുന്ന സീനിയര്‍ സൂപ്പര്‍വൈസറാണ് ഇവര്‍.]
ആണോ പെണ്ണോ എന്നതിനല്ല, കഴിവിനും അര്‍പ്പണബോധത്തിനുമാണു ഖത്തറും എച്ച്എംസിയും പ്രാധാന്യം നല്‍കുന്നതെന്നതിനു തെളിവാണ് ഫത്തയയുടെ നിയമനമെന്ന് ആംബുലന്‍സ് സര്‍വീസ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ബ്രെന്‍ഡന്‍ മോറിസ് പറയുന്നു. കൂടുതല്‍ സ്ത്രീകളെ ഈ രംഗത്തേയ്ക്കു കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്ന് ഫത്തയ പറയുന്നു.