ദോഹ: പൊതുസ്ഥലത്തെ പുകവലിയും പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പുറത്തിറക്കി. കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കരടു നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. 2002ലെ 20–ാം നമ്പര്‍ നിയമത്തില്‍ പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്താണു പുതിയ നിയമത്തിനു രൂപംനല്‍കിയത്.നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ പ്രാബല്യത്തിലാകും. പുകവലിക്കും പുകയില ഉത്പന്നങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കരട് നിയമത്തിന് നേരത്തെ ഉപദേശക കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.
അടച്ചിട്ട പൊതുസ്ഥലങ്ങള്‍ക്കുള്ളില്‍ പുകവലിച്ചാല്‍ മൂവായിരം റിയാല്‍ വരെ പിഴ ഈടാക്കുന്നതാണ് പുതിയ നിയമം. അടച്ചിട്ട പൊതുസ്ഥലങ്ങളായ വ്യാപാര, വാണിജ്യ സമുച്ചയങ്ങളിലും, മറ്റു പൊതുസ്ഥലങ്ങളായി നിശ്ചയിച്ചിട്ടുള്ള ഇന്‍ഡോര്‍ കേന്ദ്രങ്ങളിലും പുകവലിക്കുന്നത് ശിക്ഷാര്‍ഹമാണ്. നിയമം ലംഘിച്ചാല്‍ പിഴശിക്ഷ ആറിരട്ടിയായി വരെ വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. നിലവില്‍ ഇത്തരം സ്ഥലങ്ങളില്‍ പുകവലിച്ചാല്‍ പിഴതുക 500 റിയാലായിരുന്നതാണ് പുതിയ നിയമത്തില്‍ മൂവായിരം റിയാലാക്കി വര്‍ധിപ്പിച്ചത്.
സിഗരറ്റും പുകയില ഉത്പന്നങ്ങളും പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് വില്‍ക്കുന്നതും പുതിയ നിയമം നിരോധിക്കുന്നു. ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുന്നയാള്‍ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ടോയെന്ന് വ്യാപാരികള്‍ ഉറപ്പാക്കിയിരിക്കണമെന്നും നിയമം നിര്‍ദേശിക്കുന്നു. പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില വില്‍ക്കുന്നതുള്‍പ്പടെയുള്ള നിയമലംഘനങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ പിഴയും ആറുമാസം ജയില്‍ ശിക്ഷയും ലഭിക്കത്തക്കവിധത്തില്‍ നിയമം കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.
കുട്ടികള്‍ ഉള്‍പ്പെടെ പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ കാറിലുള്ളപ്പോള്‍ വാഹനം ഓടിക്കുന്നയാള്‍ പുകവലിച്ചാല്‍ പരമാവധി 3,000 റിയാല്‍വരെ പിഴചുമത്തുന്നതിനുള്ള വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. പൊതുസ്ഥലങ്ങളില്‍ പുകവലിക്കാന്‍ അനുമതി നല്‍കുന്നതും ശിക്ഷാര്‍ഹമാണ്. സ്കൂളുകള്‍, വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സിഗരറ്റോ മറ്റ് പുകയില ഉത്പന്നങ്ങളോ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. നേരത്തെ അരകിലോമീറ്ററായിരുന്നു പരിധി നിശ്ചയിച്ചത്.
നേരത്തെ പുകയില ഉത്പന്നങ്ങളുടെ കസ്റ്റംസ് തുക രണ്ടുശതമാനമായിരുന്നത് പുതിയ നിയമത്തില്‍ അഞ്ചായി വര്‍ധിപ്പിച്ചു. അഞ്ച് ശതമാനം കസ്റ്റംസ് തുക ആരോഗ്യ ബോധവത്കരണ കാമ്പയിനുകള്‍ക്കും സമാനമായ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിക്കണമെന്നാണ് പുതിയ വ്യവസ്ഥ. പുതിയ നിയമ പ്രകാരം അധികൃതരുടെ അനുമതിയില്ലാതെ പുകയില ഉത്പന്നങ്ങളുടെ ഇറക്കുമതി അനുവദിക്കില്ല. സിഗരറ്റും മറ്റ് പുകയില ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നവര്‍ ഇറക്കുമതി ചെയ്യുന്ന ദിവസത്തിന് ഒരാഴ്ച മുമ്പ് പൊതുജനാരോഗ്യ മന്ത്രാലയത്തെ രേഖാമൂലം അറിയിക്കുകയും ബന്ധപ്പെട്ട അനുമതി നേടുകയും വേണം. ഇലക്‌ട്രോണിക് സിഗരറ്റ്, െസ്വക, ചവക്കുന്ന പുകയില (ച്യൂയിങ് ടുബാക്കോ) ഉത്പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.
നിയമലംഘനം നടത്തിയാല്‍ ജപ്തി ചെയ്യാനോ പുകയില ഉത്പന്നങ്ങള്‍ നശിപ്പിക്കാനോ കയറ്റുമതി ചെയ്യുന്നതിനോ കോടതിക്ക് ഉത്തരവിടാം.
നിയമലംഘനം നടത്തുന്ന സ്ഥാപനം പരമാവധി മൂന്ന് മാസം വരെ അടച്ചിടാനും കോടതിക്ക് ഉത്തരവിടാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമലംഘനം നടത്തുന്ന സ്ഥാപനം സ്വന്തം ചെലവില്‍ കോടതി ഉത്തരവ് രണ്ട് പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും നിയമം നിര്‍ദേശിക്കുന്നു.