ദോഹ: ഇന്ത്യക്കാരോടെ ഒരു കാരുണ്യവും കാണിക്കാത്ത ഇന്ത്യന്‍ എംബസിയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം . പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പിഴ ശിക്ഷ ഇനത്തില്‍ അടക്കേണ്ട പതിനായിരക്കണക്കിന് റിയാല്‍ ഖത്തര്‍ സര്‍ക്കാര്‍ ഇളവ് ചെയ്യുമ്പോള്‍ 60 റിയാല്‍ ഫീസ് ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസിക്ക് മടി. എംബസിയുടെ ഈ നടപടിക്കെതിരേ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കണമെങ്കില്‍പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുപോയവരും പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞവരും അതതു രാജ്യത്തെ എംബസികളില്‍ നിന്ന് ഔട്ട്പാസ് സ്വന്തമാക്കേണ്ടതുണ്ട്. ഇതിനായി മിസലേനിയസ് ഫോമില്‍ അപേക്ഷകന്‍ രണ്ടുഫോട്ടോ പതിപ്പിച്ചു പാസ്‌പോര്‍ട്ട് കോപ്പിയോ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങളോ അറ്റാച്ച് ചെയ്തു അപേക്ഷ സമര്‍പ്പിക്കണം.
ഇങ്ങനെ നല്‍കുന്ന അപേക്ഷയ്ക്ക് 60 റിയാലാണ് ഫീസ് ഈടാക്കുന്നത്. കൃത്യമായി ജോലി ഇല്ലാത്തവരും കുറഞ്ഞ ശമ്പളക്കാരുമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തുന്നവരില്‍ ഭൂരിഭാഗവും. അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ അനധികൃതമായി തങ്ങിയവര്‍ പൊതുമാപ്പിന്റെ പ്രയോജനം തേടുന്നുണ്ട്. അപൂര്‍വ്വമായി അതിന് മുകളിലുള്ളവരും ഉണ്ട്. വിസ കാലാവധി കഴിഞ്ഞാല്‍ ദിവസം 10 റിയാലാണ് പിഴ തുക. ഒരു വര്‍ഷത്തേക്ക് ചുരുങ്ങിയത് 3500 റിയാലോളം വരും. ഇങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞവരുടെ വന്‍ തുക പിഴയാണ് അന്യരാജ്യക്കാര്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ ഇളവ് നല്‍കുന്നത്.
എന്നാല്‍, കുടുംബം പോറ്റാനുള്ള പെടാപ്പാടിനിടയില്‍ വര്‍ഷങ്ങള്‍ പോയതറിയാതെ ഇവിടെ കുടുങ്ങിപ്പോയ സ്വന്തം രാജ്യക്കാരില്‍ നിന്ന് 60 റിയാല്‍ പിഴിയുകയാണ് എംബസിയെന്നാണ് വിമര്‍ശനം.
അതേ സമയം, 60 റിയാല്‍ ചാര്‍ജ് ഒഴിവാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്താന്‍ അംബാസഡര്‍ക്കും ഡപ്യൂട്ടി ചീഫ് ഓഫ് മിഷനും അപേക്ഷ നല്‍കിയതായി ഐസിസി പ്രസിഡന്റ് ഗിരീഷ് കുമാര്‍ അറിയിച്ചു.