സ്വന്തം ലേഖകൻ
ദോഹ: ഖത്തറിൽ നിന്നും മലയാളികളടക്കം നിരവധി വിദേശികൾ കൂട്ടത്തോടെ വിട്ടുപോകുന്നുവെന്ന് റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റൂമതി രാജ്യമായ ഖത്തർ ഇപ്പോൾ കടക്കെണിയിലാണെന്നും ഖത്തറിലെ 25 ലക്ഷം വിദേശികൾ ജോലി ഭീഷണിയിലാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രമുഖ വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. ജൂലൈ 18 ന് പ്രസിദ്ധീകരിച്ച റോയിട്ടേഴ്‌സിന് വാർത്തയ്ക്ക് പിന്നാലെ ഗൾഫ് ന്യൂസും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ നിന്നും, യൂറോപ്പിൽ നിന്നും ഉള്ള പലരും ജോലി നഷ്ടപെട്ടു അവരവരുടെ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പില്ലാണെന്ന് റിപ്പോർട്ട് സൂചിപ്പിയ്ക്കുന്നു. ഖത്തറിലെ ഒട്ടുമിക്ക കമ്പനികളും ആശ്രയിക്കുന്നത് ഖത്തർ ഗവൺമെന്റിന്റെ കരാറുകളാണ്. എന്നാൽ ഈ കമ്പനികൾക്കുള്ള കരാറുകൾ സർക്കാർ റദ്ദാക്കിയതോടെയാണു പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്കു മാത്രമല്ല , ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ദ എഞ്ചിനീയർമാരുടേയും, കൺസൾട്ടന്റ് മാരുടേയും ശമ്പളം ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ആഘാതം കോടീശ്വരന്മരായ ഖത്തർ പൗരൻമാർ മുതൽ താഴെക്കിടയിലുള്ള പ്രവാസി തൊഴിലാളികളെ വരെ ബാധിച്ചിരിയ്ക്കുകയാണെന്നാണ് റിപ്പോർട്ട്.
ഖത്തറിലെ ഏറ്റവും വലിയ സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ പെട്രോളിയത്തിൽ നിന്നു ഈ വർഷം ആയിരം പേരെ പിരിച്ചുവിട്ടതായി അവരുടെ മന്ത്രി തന്നെ പറയുന്നു. അറബ് ലോകത്തിന്റെ തന്നെ അഭിമാനമായ അൽ ജസീറ ടിവി അവരുടെ അമേരിക്കൻ വാർത്ത ചാനൽ തന്നെ നിർത്തി. ദോഹയിൽ നിന്നുള്ള അഞ്ഞൂറു ജീവനക്കാരെ പുറത്താക്കി. വൊഡോഫോണിന്റെ ഖത്തർ സ്ബ്‌സിഡയറി കമ്പനി പത്തു ശതമാനം പേരെ ഉടനടി പറഞ്ഞ് വിടും എന്നു പ്രഖ്യാപിച്ചിരിക്കുകയാണു. മൂന്നു വൻകമ്പനികളുടെ സിഇഒ റോയിട്ടേഴ്‌സിനോട് പതിനായിരം വൈറ്റ് കോളർ ജോലിക്കാരെ പറഞ്ഞുവിട്ടതായി സമ്മതിക്കുന്നു. കഴിഞ്ഞ മാർച്ചിൽ ഖത്തറിൽ നിന്നു പോകുന്ന വിദേശികളുടെ ഒരു ഫേസ് ഗ്രുപ്പ് തുടങ്ങിയിരുന്നു. കാറുകളൂം പഴയ ഫർണിച്ചറും വിൽക്കാനായിരുന്നു ഇത്. ഇതിൽ ഇപ്പൊൾ അമ്പതിനായിരത്തിൽ കൂടുതൽ അംഗങ്ങളുണ്ടു, ഓരോ മണിക്കൂറിലും ഇത് പുതിയ സാധനങ്ങൾ വിൽക്കാനുണ്ടു എന്ന് രീതിയിൽ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു.
ആളോഹരി വരുമാനത്തിലെ വൻ ഉയർച്ച കൊണ്ടു ശ്രദ്ധ നേടിയ രാജ്യമായിരുന്നു ഖത്തർ, പക്ഷെ ഇന്നു അവരുടെ ബഡ്ജറ്റ് 12.8 ബില്ല്യൺ ഡോളറീന്റെ കമ്മിയിലാണ്. കഴിഞ്ഞ പത്തു വർഷത്തെ ചരിത്രമെടുത്തു നോക്കിയാൽ ഖത്തർ എന്ന രാജ്യത്തിനു കടം വരുന്നത് ഇത് ആദ്യമാണ്. 2022 ലെ വേൾഡ് കപ്പോടു കൂടി റിയൽ എസ്‌റ്റേറ്റ് മേഖലയിൽ വൻകുതിച്ചു ചാട്ടം നടക്കും എന്നാണു കരുതിയിരുന്നത്. എന്നാൽ വരുന്ന പത്തിലധികം മാളുകൾ ചിലവാകാൻ റെന്റ് കുറയ്‌കേണ്ടിവരുമെന്നാണു ഇപ്പോൾ കണക്കുകൂട്ടുന്നത്. നിരവധി ഫ്‌ലാറ്റൂകളും നിർമ്മാണത്തിലിരിക്കുന്നുണ്ട്. അതിനും ഈ ഗതി തന്നെയാണു വരാൻ പോകുന്നതെന്നാണു ഈ രംഗത്തെ വിദഗ്ദർ അനുമാനിക്കുന്നത്. എന്നാൽ ഈ കൂട്ട പാലായനത്തിൽ നിന്നു കാശുണ്ടാക്കുന്ന ചിലരുണ്ട്. സെക്കന്റ് ഹാന്റ് കാറുകൾ വാങ്ങിക്കൂട്ടുന്നവരാണു ഒരു കൂട്ടർ, അവർ ചുളുവിലയ്ക്ക് നാടു വിടുന്ന വിദേശികളുടെ കാറുകൾ വാങ്ങിക്കുന്നു, എന്നിട്ടു ഏഷ്യയിലെ മാർക്കറ്റിലേയ്ക്ക് കയറ്റൂമതി ചെയ്യുന്നു. ഏഷ്യൻ രാജ്യങ്ങളിൽ മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ വിദേശ കാറുകൾക്ക് വൻ ഡിമാന്റാണു. ഇവിടെ ആഡംബര കാറുകളായ ബെന്റ്‌ലി, പോർഷെ, ഒക്കെ ധാരാളം വിൽപനക്കു വരുന്നുണ്ട്, ഞങ്ങൾക്കിത് ചാകരയാണു ഒരു കാർ ഡീലർ പറയുന്നു. അങ്ങനെ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർക്കൊഴികെ ഖത്തറിലെ ഇപ്പോഴത്തെ സ്ഥിതി അനുകൂലമല്ലെന്നാണ് അറിയുന്നത്.