സ്വന്തം ലേഖകൻ
സിഡ്‌നി: ദക്ഷിണ ആസ്‌ട്രേലിയയിൽ വരും ദിവസങ്ങളിൽ കനത്ത കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ശക്തമായ കാറ്റിൽ വീടുകൾക്കു കേടുപാടുകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദേശത്തിലുണ്ട്.
മെറ്റ് ലോഫ്റ്റി റേഞ്ച് പ്രദേശത്ത് വെള്ളിയാഴ്ച 50 മില്ലിമീറ്ററോ അതിനു മുകളിലോ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടാണ് ബ്യൂറോ ഓഫ് മെട്രോളജി അധികൃതർ ഇപ്പോൾ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. മഴ അഡ്‌ലൈഡ് ഹിൽസ് കടന്നു പോകുന്ന സാഹചര്യത്തിൽ സ്ലൈൽ നദിയിൽ ജലനിരപ്പ് ഉയരാനും വെള്ളപ്പൊക്കത്തിനു വരെയും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ആഞ്ഞു വീശാൻ സാധ്യതയുള്ളതിനാൽ ആളുകൾ വീടിനു പുറത്തിറങ്ങുന്നത് സൂക്ഷിച്ചു വേണമെന്ന റിപ്പോർട്ടും നൽകിയിട്ടുണ്ട്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. കനത്ത മഴയും കാറ്റും, അഡ്‌ലൈയ്ഡ്, പോർട്ട് ലിങ്ക്‌ലിൻ, ഐറിൻ, പെനിസുലാർ കിങ്‌സ്‌കോട്ട്, കങ്കാരു ഐലൻഡ് മെയ്റ്റ്‌ലാൻഡ് ക്ലെയർ മിഡ് നോർത്ത് എന്നിവിടങ്ങളെയാവും ബാധിക്കുക എന്നാണ് അധികൃതർ ഇപ്പോൾ വ്യക്തമാക്കുന്നത്. അഡ്‌ലൈഡ് ഹിൽസ് പ്രദേശത്ത് ശക്തമായ മഴ ലഭിച്ചാൽ ടോറൻസ്, ഓൺകാപറിങ്കാ, നോർത്താ പാരാ എന്നീ നദികളിലെ ജല നിരപ്പിനെ ഇത് ബാധിക്കും. ഇത് വെള്ളപ്പൊക്കത്തിനിടയാക്കുമെന്നും അധികൃതർ അറിയിക്കുന്നു.