
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുള്ള വൈകാരിക ഓര്‍മകള്‍ പങ്കുവെച്ച് രാജു കുന്നക്കാട്ട്. പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് എന്നു പറയുമ്പോഴും അദ്ദേഹം എന്റെ നാടായ പള്ളിക്കത്തോടിന്റെയും സ്വന്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാജു കുന്നക്കാട്ട് ഉമ്മന്‍ ചാണ്ടിയെ കുറിച്ച് എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം
ഞാന്‍ അടുത്തറിഞ്ഞ ഉമ്മന്‍ ചാണ്ടിസാര്‍
(രാജു കുന്നക്കാട്ട് )
വൈകാരികമായ ഓര്‍മകളോടെയാണ് ഈ വിയോഗവേളയില്‍ ഉമ്മന്‍ ചാണ്ടിസാറിനെ ഓര്‍മിക്കുക. പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് എന്നു പറയുമ്പോഴും അദ്ദേഹം എന്റെ നാടായ പള്ളിക്കത്തോടിന്റെയും സ്വന്തമായിരുന്നു. എത്രയോ നൂറ് ഓര്‍മകളും അനുഭവങ്ങളുമാണ് ദുഖസാന്ദ്രമായ ഈ ദിനത്തില്‍ എന്റെ മനസിലൂടെ കടന്നുപോകുന്നത്.
കേരളം ആദരിക്കുന്ന മഹനീയനേതാവിന്റെ സ്നേഹവാത്സല്യം ആവോളം അനുഭവിച്ചറിഞ്ഞ എത്രയോ ഓര്‍മകളാണ് ഇപ്പോള്‍ എന്റെ മനസില്‍ മിന്നിമറയുന്നത്.
1982ല്‍ കെ എസ് സി- എമ്മിന്റെ പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റായത് മുതലാണ് ഉമ്മന്‍ ചാണ്ടി സാറുമായി ഏറെ അടുപ്പം സ്ഥാപിക്കാന്‍ സാധിച്ചത്. തെരഞ്ഞെടുപ്പ് കാലങ്ങളിലാണ് ആ അടുപ്പത്തിന് തീവ്രതയേറിയിരുന്നത്. പിന്നീട്
കേരള കോണ്‍ഗ്രസ് -എം പള്ളിക്കത്തോട് മണ്ഡലം പ്രസിഡന്റും, പഞ്ചായത്ത് മെമ്പറും ആയതിനുശേഷം ആ ബന്ധം കൂടുതല്‍ ആഴമുള്ളതായി. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന്റെ ഇലക്ഷന്‍ പ്രചാരണ കമ്മിറ്റിയുടെ പള്ളിക്കത്തോട് മണ്ഡലം ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഏറെ അനുഭവങ്ങള്‍ സമ്മാനിച്ചിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഇത്രയേറെ ആവേശവും ആത്മവിശ്വാസവും പകരാന്‍ കഴിഞ്ഞ രാഷ്ട്രീയ വിസ്മയമായിരുന്നു അദ്ദേഹം.
എന്റെ വിവാഹത്തിന് പുതുപ്പള്ളിയിലെ വീട്ടില്‍ പോയി നേരില്‍ ക്ഷണിച്ചപ്പോള്‍ ഒരാഴ്ചത്തെ മലബാര്‍ പര്യടനം ആയതിനാല്‍ വരാന്‍ സാധിക്കാത്തതിലുള്ള പരിമിതി പങ്കുവച്ചു. പക്ഷേ വിവാഹനാള്‍ രാവിലെ വീടിനു സമീപം അപ്രതീക്ഷിതമായി ഒരു കാര്‍ വന്ന് ഹോണടിച്ചപ്പോള്‍ കണ്ടത് പുഞ്ചിരിയോടെ ഇറങ്ങിവരുന്ന ഉമ്മന്‍ ചാണ്ടിസാറിനെ ആയിരുന്നു. അതായിരുന്നു പുതുപ്പള്ളിക്കാര്‍ക്ക് കുഞ്ഞൂഞ്ഞ്. ആവശ്യ നേരത്തും ആഗ്രഹനേരത്തും ഓടിയെത്തുന്ന മനുഷ്യസ്നേഹി. അദ്ദേഹം ഒരിക്കലെങ്കിലും കയറിച്ചെല്ലാത്ത ഒരു വീടും പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ കാണില്ല.ഞങ്ങളുടെ വീട്ടിലെ മിക്കവാറും എല്ലാ ചടങ്ങുകള്‍ക്കും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് കാലമെത്തിയാല്‍ പിന്നെ പുതുപ്പള്ളിയുടെ ഓരോ മുക്കിലും മൂലയിലും ആവേശം നിറയും.
എവിടെയും അദ്ദേഹത്തിന് സ്വീകരണം കൊടുക്കുവാനുള്ള മത്സരമായിരുന്നു. പ്രവര്‍ത്തകരുടെ ആവേശം ഉള്‍ക്കൊണ്ട് കവലയോഗങ്ങളില്‍പോലും പങ്കെടുക്കാനും ഓരോ പ്രവര്‍ത്തരെയും തോളില്‍തട്ടി പേരുചൊല്ലി വിളിച്ച് സ്നേഹം പങ്കുവയ്ക്കാനും അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥത അപാരമായിരുന്നു.
രാഷ്ട്രീയത്തിന് അതീതമായി വോട്ട് ലഭിച്ചിരുന്ന രണ്ട് നേതാക്കന്‍മാരായിരുന്നു കെഎം മാണിസാറും ഉമ്മന്‍ ചാണ്ടിസാറും.മാണിസാറിന്റെ പാലായും, ഉമ്മന്‍ചാണ്ടി സാറിന്റെ പുതുപ്പള്ളിയും എന്ന് ദശബ്ദങ്ങളായി പറഞ്ഞു വരുന്നതാണല്ലോ.അര നൂറ്റാണ്ട് കാലം ഒരേ നിയോജകമണ്ഡലത്തില്‍ നിന്നും എം എല്‍ എ ആയ റിക്കോര്‍ഡും ഇരുവര്‍ക്കും സ്വന്തം.
എല്ലാ തെരഞ്ഞെടുപ്പിലും പള്ളിക്കത്തോട് പഞ്ചായത്തിലെ പ്രചാരണവുമായി ആനിക്കാട്ട് എത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടിസാര്‍ ആദ്യം കയറുന്ന സ്ഥലം ‘സഹോദരന്റെ'( കൊച്ചുറുമ്പില്‍ അവിരാച്ചേട്ടന്‍) ചായക്കട ആയിരുന്നു. സഹോദരന്‍ കട്ടന്‍കാപ്പിയും പരിപ്പുവടയുമായി കാത്തു നില്‍ക്കുന്നുണ്ടാകും.കേരള കോണ്‍ഗ്രസ് കൊടിയുടെ നിറമായ വെള്ളയും ചുവപ്പും കലര്‍ന്ന മാലയിട്ട് സ്വീകരിച്ചിരുത്തി കാപ്പി കൊടുക്കും. അന്നേ ദിവസം സാറിന്റെ ഭക്ഷണം ചിലപ്പോള്‍ അത് മാത്രമാകും. മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബാബു ജോസഫ് നിര്‍ബന്ധിച്ച് ഒരു പഴവും കഴിപ്പിക്കും.അപ്പോഴേക്കും സ്വീകരണത്തിനു ഒരുക്കിയ 5000 മാലപടക്കവും പൊട്ടിത്തീരും. പടക്കത്തിന്റെ ശബ്ദത്തെക്കാള്‍ ഉയരത്തിലാവും പ്രവര്‍ത്തകരുടെ മുദ്രാവാക്യംവിളി.
ഉമ്മന്‍ ചാണ്ടി സാറിന്റെ ആദ്യ തെരഞ്ഞെടുപ്പു മുതല്‍ എട്ടു തെരഞ്ഞെടുപ്പുകളില്‍ പുതുപ്പള്ളി നിയോജക മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ്, നേതാവ് എന്നു നാട്ടുകാര്‍ വിളിപ്പേരിട്ട വി റ്റി തോമസ് പുല്ലാട്ട് വലിയ വീട്ടിലും ( തൊമ്മിക്കുഞ്ഞേട്ടന്‍) ഓര്‍മ്മയായി.
1998 ല്‍ പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റി കൂടിക്കൊണ്ടിരുന്ന അവസരത്തില്‍ ഉമ്മന്‍ ചാണ്ടി സാര്‍ പെട്ടെന്ന് പഞ്ചായത്ത് ഓഫീസിലെത്തി. പള്ളിക്കത്തോട്ടില്‍ നിര്‍മ്മിക്കുന്ന പിറ്റിനാല്‍ അയ്യപ്പന്‍പിള്ള സ്മാരക ഓഡിറ്റോറിയത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം എത്തിയത്.
ഞങ്ങള്‍ രണ്ടു പേരുടെയും ജന്മദിനമായിരുന്ന ഒക്ടോബര്‍ 31 ആയിരുന്നു അന്ന്. അതിനാല്‍ ഒരുമിച്ച് കേക്ക് മുറിക്കുവാനുള്ള ഭാഗ്യവും ആ അവസരത്തിലുണ്ടായി.
മറ്റൊരനുഭവം, വാര്‍ഡില്‍ രണ്ടു കുഴല്‍ കിണര്‍ കുഴിക്കുവാനുള്ള ഫണ്ടിനായി സാറിനെ സമീപിച്ചപ്പോഴാണ്. ഒരു കിണറിനുള്ള തുക അനുവദിച്ചു കിട്ടുമെന്നേ കരുതിയുള്ളൂ. പക്ഷേ കൊടുത്ത രണ്ടു കിണറുകള്‍ക്ക് പുറമെ മൂന്നാമതൊരെണ്ണം കൂടി അനുവദിച്ചാണ് അദ്ദേഹം എന്നെ യാത്രയാക്കിയത്.
ഞാന്‍ രചിച്ച’അയര്‍ലന്‍ഡിലൂടെ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തതും ഉമ്മന്‍ ചാണ്ടി സാര്‍ ആയിരുന്നു.
2011 മുതല്‍ പള്ളിക്കത്തോട് പഞ്ചായത്ത് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ ചേര്‍ക്കപ്പെട്ട് ഡോ. എന്‍ ജയരാജ് എം എല്‍ എ ആയപ്പോഴും ഉമ്മന്‍ ചാണ്ടി സാറുമായുള്ള ആത്മബന്ധത്തിന് കുറവ് സംഭവിച്ചില്ല. ശാരീരിക അവശതകള്‍ വകവയ്ക്കാതെ 2021 ല്‍ എന്റെ മകളുടെ വിവാഹനിശ്ചയത്തിന് അദ്ദേഹം മുള്ളന്‍കുഴി സുനിലിനോടൊപ്പം വീട്ടില്‍ വന്നതും അനുഗ്രഹിച്ചതും എന്നെ അദ്ഭുതപെടുത്തി.
എന്നെ ഏറ്റവും ആകര്‍ഷിച്ചത് സങ്കീര്‍ണമായ ഏതു പ്രശ്നവും കുരുക്കഴിച്ച് രമ്യതയില്‍ പരിഹരിക്കുവാന്‍ അദ്ദേഹത്തിനുള്ള വൈഭവമാണ്. അത് പഞ്ചായത്തിലെ പ്രശ്നങ്ങളായാലും ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായാലും നിമിഷനേരംകൊണ്ട് പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
ജനങ്ങള്‍ അദ്ദേഹത്തെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന് തെളിവാണ് വിലാപയാത്രയില്‍ കാണുന്ന ജനസഞ്ചയം. രാഷ്ട്രീയത്തിനും മതത്തിനും വിശ്വാസങ്ങള്‍ക്കും ഉപരിയായി മാനുഷികത എന്ന സ്നേഹമന്ത്രമായിരുന്നു ഉമ്മന്‍ ചാണ്ടിയെ ഇത്രയേറെ ആരാധ്യനാക്കിയത്. പ്രതിയോഗികള്‍പോലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിത്വം. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. കഠിനാധ്വമായിരുന്നു കൈമുതല്‍.
ഒരിക്കല്‍ അടുത്തറിഞ്ഞവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അത്രയും ഔന്നത്യമുള്ള വ്യക്തിപ്രഭാവം. സമരാധ്യനായ ഉമ്മന്‍ ചാണ്ടി സാറിന്റെ പാവനസ്മരണകള്‍ക്ക് മുന്‍പില്‍ പ്രണാമം