സ്വന്തം ലേഖകൻ
സിഡ്‌നി: വീട്ടിൽ തനിച്ചായിരുന്ന 11 കാരിയായ പെൺകുട്ടിയെ വീടിനുള്ളിൽ അജ്ഞാതൻ ക്രൂരപീഡനത്തിനിരയാക്കി. ന്യൂ സൗത്ത് വെയിൽസിലെ സൗത്ത് കോസ്റ്റിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവങ്ങൾ.
അമ്മയും കുട്ടിയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. മാതാവ് ജോലിക്കു പോയ സമയത്ത് കുട്ടി മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയം വാതിൽ തകർത്ത് അകത്തേയ്ക്കു കടന്നു വന്ന അജ്ഞാതൻ കുട്ടിയെ കട്ടിലിനോടു ചേർത്തു കൈകാലുകൾ ബന്ധിച്ചു. ഇതിനിടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ കുട്ടിയെ അമ്മയെ ബന്ധപ്പെടുകയും ചെയ്തിരുന്നു. അസ്വാഭാവികമായി വീടിനുള്ളിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്നാണ് കുട്ടി അമ്മയെ ബന്ധപ്പെട്ടത്. അപകടം മനസിലാക്കിയ അമ്മ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
എന്നാൽ, അമ്മ വീട്ടിലെത്തും മുൻപു തന്നെ പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു. പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും ശക്തമായ അന്വേഷണം ഇതിനായി നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.