13 സ്ത്രീകളെ പീഡിപ്പിച്ചു: പൊലീസ് ഓഫിസര്‍ക്കു 263 വര്‍ഷം തടവ്

ഒക്കലഹോമ: 17 വയസുമുതല്‍ 57 വയസുവരെ പ്രായമുള്ള 13 സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ഒക്കലഹോമ മുന്‍ പൊലീസ് ഓഫിസര്‍ ഡാനിയേല്‍ ഹോള്‍ട്ട്‌സ് ക്ലോയെ 263 വര്‍ഷത്തേയ്ക്കു ജയിലിലടയ്ക്കാന്‍ ഇന്ന് ഒക്കലഹോമ ജൂറി വിധിച്ചു.
2013 ഡിസംബര്‍ മുതല്‍ 2014 ജൂണ്‍ കാലഘട്ടത്തിലാണ് ഒക്കലഹോമയിലെ പാവപ്പെട്ടവര്‍ താമസിക്കുന്ന മേഖലയില്‍ ഇരുപത്തിഒന്‍പതുകാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരകൃത്യം അരങ്ങേറിയത്. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് ഡാനിയേലിന്റെ പീഡനത്തിനിരയായവരില്‍ ഭൂരിപക്ഷവും.
കോടതി രേഖകളില്‍ ഏഷ്യന്‍ അല്ലെങ്കില്‍ പസഫിക്കന്‍ ഐലന്‍ന്റര്‍ എന്നാണ് ഡാനിയേലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇയാളുടെ മാതാവ് ജപ്പാന്‍ സ്വദേശിയും പിതാവ് വെള്ളക്കാരനുമാണ്. കേസ് വീണ്ടും വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിയുടെ അറ്റോര്‍ണി ഇന്നലെ വീണ്ടും കോടതിയെ സമീപിച്ചെങ്കിലും കേസ് വീണ്ടും പരിഗണിച്ചില്ല.
ഓഫിസറുടെ പീഡനത്തിനിരയായ 12 കൊച്ചുമക്കളുള്ള ജാനിലിജിയന്‍ ജൂറിയുടെ വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ചു. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണ് സ്ത്രീകളെ പീഡിപ്പിച്ചിരുന്നതെന്നു കോടതി മുന്‍പാകെ പലരും തെളിവു നല്‍കിയിരുന്നു. 2015 ല്‍ പൊലീസ് ഫോഴ്‌സില്‍ നിന്നും പ്രതിയെ പുറത്താക്കിയിരുന്നു. തന്റെ 37 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടേയില്ലെന്നു ഒക്കലഹോമ സിറ്റി പൊലീസ് ചീഫ് ബില്‍സിറ്റി അഭിപ്രായപ്പെട്ടു.

Top