പി.പി ചെറിയാൻ
ടെക്‌സസ്: അടിയന്തര ഘട്ടങ്ങളിൽ രോഗികളുടെ ജീവൻ നിലനിർത്തുന്നതിനു ഉപകരിക്കുന്ന രക്തത്തിന്റെ ദൗർലഭ്യം അതിരൂക്ഷമായിരിക്കുന്നതായി റെഡ് ക്രോസ് അറിയിച്ചു.
രക്തബാങ്കുകളിൽ രക്തം ദാനം ചെയ്യുന്നതിനു വ്യക്തികളും സാമൂഹ്യ സേവന സംഘടനകളും മുന്നോട്ടു വരണമെന്നു അമേരിക്കൻ റെഡ് ക്രോസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അഞ്ചു ദിവസത്തേയ്ക്കു ആവശ്യമായ രക്തം മാത്രമാണ് ഇപ്പോൾ രക്ത ബാങ്കുകളിൽ ശേഷിക്കുന്നതെന്നും ആശുപത്രികളിലേയ്ക്കു നൽകുന്ന രക്തത്തിന്റെ അളവിനു അനുപാതികമായി രക്തം ദാനം ചെയ്യുന്നവരുടെ എണ്ണം വർധിക്കാത്തതാണ് രക്തത്തിന്റെ ദൗർലഭ്യത്തിനു കാരണമായതെന്നും പ്രസ്താവനയിൽ പറയുന്നു.
വേനൽക്കാല ചൂട് അസഹ്യമായതോടെ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിച്ചതായും ഇവർക്കു ആവശ്യമുള്ള രക്തം നൽകുന്നതിനു കൂടുതൽപ്പേർ സ്വയം സന്നദ്ധരായി മുന്നോട്ടു വരണമെന്നും ഇവർ അഭ്യർഥിച്ചിട്ടുണ്ട്. അമേരിക്കൻ റെഡ് ക്രോസിന്റെ ചരിത്രത്തിൽ ആദ്യമായാണ് വേനൽക്കാലത്ത് രക്ത ദൗർലഭ്യം അനുഭവപ്പെട്ടതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.
രക്തം ദാനം ചെയ്യുവാൻ താല്പര്യമുള്ളവർ റെഡ്‌ക്രോസ് വെബ് സൈറ്റുമായോ 1800 റെഡ് ക്രോസ് എന്ന നമ്പരിലോ അടിയന്തരമായി ബന്ധപ്പെടുക.