ഡബ്ലിന്‍: ഇയു സൈറ്റില്‍മെന്‍ര് പ്രോഗ്രാമിന്റെ ഭാഗമായി അയര്‍ലന്‍ഡിലെത്തുന്ന സിറിയന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ ഹോട്ടലുകള്‍, അപാര്‍ട്ട്‌മെന്റ് യൂണിറ്റുകള്‍, സെല്‍ഫ്കാറ്റിറിംഗ് യൂണിറ്റുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ എന്നിവ പരിഗണിക്കുന്നു. ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് 20 നും 30 തിനുമിടയില്‍ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കുമെന്നാണ് നീതിന്യായ വകുപ്പുമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ് അറിയിക്കുന്നത്. അഭയാര്‍ത്ഥികളെ ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യാനായി ചുമതലപ്പെടുത്തിയിട്ടുള്ള നിയുക്തസംഘത്തിന്റെ മീറ്റിംഗില്‍ പങ്കെടുക്കവെയാണ് ഫിറ്റ്‌ജെറാള്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.
അയര്‍ലന്‍ഡ് 4000 അഭയാര്‍ത്ഥികളെ ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ഇതില്‍ 300 പേര്‍ അടുത്ത വര്‍ഷത്തെ ആദ്യ മൂന്നുമാസത്തിനുള്ളില്‍ അയര്‍ലന്‍ഡിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യമൊരുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടണമെന്ന് കാണിച്ച് കഴിഞ്ഞയാഴ്ച നോട്ടീസ് പുറത്തിറക്കിയിരുന്നു. താല്‍പര്യം പ്രകടിപ്പിച്ച കുറച്ചുപേരുടെ താമസ സൗകര്യം വിലയിരുത്തുകയും ബാക്കിയുള്ളവയില്‍ പരിശോധന നടക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
സിറിയയില്‍ നിന്ന് അഭയാര്‍ത്ഥി കുടുംബങ്ങളെ കണ്ടെത്താന്‍ ലെയ്‌സണ്‍ ഓഫീസേഴ്‌സിനെ അടുത്തയാഴ്ച അയയ്ക്കും. അയര്‍ലന്‍ഡിലെത്തുന്ന അവര്‍ക്ക് റെഫ്യൂജീ സ്റ്റാറ്റസ് നല്‍കി കെറിയിലും കോര്‍ക്കിലുമായി താമസസൗകര്യമൊരുക്കും. അയര്‍ലന്‍ഡിലെത്തുന്ന അഭയാര്‍ത്ഥികളുടെ രേഖകള്‍ പരിശോധിക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ എട്ടുമുതല്‍ 12 ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും അവരെ ഐറിഷ് സമൂഹത്തിന്റെ ഭാഗമാക്കുമെന്നും ഫിറ്റ്‌ജെറാള്‍ഡ് വ്യക്തമാക്കി. അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാനായി അതിര്‍ത്തിയില്‍ ഭിത്തി നിര്‍മ്മിക്കാനുള്ള ഓസ്ട്രിയയുടെ നീക്കത്തെ ഫിറ്റ്‌ജെറാള്‍ഡ് വിമര്‍ശിച്ചു.
അയര്‍ലന്‍ഡിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യവും സുരക്ഷയും താമസസൗകര്യം മാത്രമല്ല ഫാമിലി റൈറ്റ്‌സും, വിദ്യാഭ്യാസത്തിനും പരിശീലനം നേടി ജോലി ചെയ്യാനുള്ള അവസരങ്ങളും നല്‍കുമെന്ന് അയര്‍ലന്‍ഡ് ഇമിഗ്രന്റ് കൗണ്‍സില്‍ വ്യക്തമാക്കി.