അഭയാര്‍ഥികള്‍ക്കായി നിര്‍മിക്കുന്ന ഷെല്‍ട്ടര്‍ ഹോമുകള്‍ക്കുള്ള സ്ഥലം കണ്ടെത്തിയതായി ഫ്രാന്‍സാ ഫിറ്റ്‌ജെറാള്‍ഡ്

ഡബ്ലിന്‍: രാജ്യത്തെത്തുന്ന ആയിരക്കണക്കിനു അഭയാര്‍ഥികള്‍ക്കായി 26 കേന്ദ്രങ്ങളില്‍ അഭയാര്‍ഥി മന്ദിരങ്ങള്‍ നിര്‍മിക്കുന്നതിനു പദ്ധതിയായതായി സാമൂഹിക ക്ഷേമമന്ത്രി ഫ്രാന്‍സാ ഫിറ്റ്‌ജെറാള്‍ഡ് വ്യക്തമാക്കി. ഇതിനായി സ്ഥലം കണ്ടെത്തിയെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.
സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏതാണ്ട് അയ്യായിരത്തോളം അഭയാര്‍ഥികളാണ് ഇപ്പോള്‍ തന്നെ രാജ്യത്തേയ്ക്ക് എത്തിയിരിക്കുന്നത്. ഇവരില്‍ 4000 അഭയാര്‍ഥികള്‍ക്കു വീടുകള്‍ നല്‍കുമെന്നു സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയനോടു സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യത്തെത്തുന്ന അഭയാര്‍ഥികള്‍ക്കു വീടു നിര്‍മിക്കുന്നതിനു സര്‍ക്കാര്‍ അന്തിമതീരുമാനം എടുത്തിരിക്കുന്നത്. അഭയാര്‍ഥികള്‍ക്കു വീട് നിര്‍മിക്കുന്നതിനായി 90 കേന്ദ്രങ്ങളിലാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ സ്ഥലം കണ്ടെത്തിയത്. എന്നാല്‍, ഇതില്‍ 29 സ്ഥലം മാത്രമാണ് കെട്ടിടം നിര്‍മിക്കുന്നതിനു അനുയോജ്യമായി കണ്ടെത്തിയിരിക്കുന്നതെന്നു സര്‍ക്കാരിനോടു അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
കില്ലാര്‍ണി, കില്‍കെന്നി, കാര്‍ലോ, കാവാന്‍, മോന്‍ഗ്ഹാന്‍, കരിക്ക്മാക്രോസ്, കാരി്ക്ക് ഓ ഷാഓന്‍, റോസ്‌കോമണ്‍, സില്‍ഗോ, ബാലിന്ന, കാസ്റ്റില്‍ബാര്‍, എന്നിസ്, ലിമെറിക്, കോര്‍ക്ക്, ട്രാലി, തുറില്‍, പോര്‍ട്ടലിയോസ്, ടുല്ലമോര്‍, വാട്ടര്‍ഫോര്‍ഡ്, നാസ്, ആര്‍ക്ക്‌ലോ, മുള്ളിംഗര്‍ എന്നിവിടങ്ങളിലാണ് അഭയാര്‍ഥി ഹോമുകള്‍ നിര്‍മിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Top