സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ഹൗസിങ് പ്രതിസന്ധി ശക്തമായി തുടരുന്നതിനിടെ ഹൗസിങ് മിനിസ്റ്ററുടെ പുതിയ വാടകനയത്തെച്ചൊല്ലി സർക്കാരും ഫിയനാഫാളും തമ്മിലുള്ള തർക്കം തുടരുന്നു. ഇതിനിടെ ഇന്ന് ആരംഭിക്കപ്പെടുമെന്നു കരുതിയ ഡോൾ ചർച്ച മാറ്റിവെച്ചു.
ഡബ്ലിൻ, കോർക്ക് എന്നിവിടങ്ങളെ റെന്റ് പ്രഷർ സോൺ ആയി പ്രഖ്യാപിക്കുകയും, ഇവിടെ ഒരു വർഷം പരമാവധി 4% വരെ മാത്രം വാടക വർദ്ധിപ്പിക്കുന്ന തരത്തിൽ നിയന്ത്രണം കൊണ്ടുവരികയും ചെയ്യുന്നതാണ് ഹൗസിങ് മിനിസ്റ്റർ സിമോൺ കൊവേനി കൊണ്ടുവന്ന വാടകനയം. എന്നാൽ ഇത് വാടക കുറയ്ക്കാൻ പര്യാപ്തമാകില്ല എന്നതിനാൽ ഡോളിൽ ഇത് സംബന്ധിച്ച ബില്ലിന് പിന്തുണ നൽകില്ല എന്നാണ് ഫിയനാഫാൾ നിലപാട്. 2%ൽ കൂടുതൽ വാടക വർദ്ധിപ്പിക്കാൻ പറ്റില്ല എന്നാക്കി നയം ഭേദഗതി ചെയ്യണമെന്നും ഫിയനാഫാൾ ആവശ്യപ്പെട്ടു.
അതേസമയം ഫിയനാഫാൾ പിന്തുണ നൽകില്ലെങ്കിൽ ബിൽ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി എൻഡ കെന്നി പറഞ്ഞു. പക്ഷേ ബില്ലിൽ ഫിയനാഫാൾ പറയുന്നതനുസരിച്ചുള്ള മാറ്റങ്ങൾ നടത്താൻ സാധ്യമല്ലെന്നാണ് കൊവേനിയുടെ നിലപാട്. വാടകനിരക്ക് വർദ്ധന 2% ആക്കി കുറച്ചാൽ അത് വീടുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഡബ്ലിനും കോർക്കിനും പുറമെ ഗോൾവേ, ലിമറിക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങലിലേയ്ക്ക്ും പദ്ധതി പിന്നീട് വ്യാപിപ്പിക്കും. ഇഎസ്ആർഐയും കൊവേനിയുടെ പദ്ധതി വാടകവീടുകൾ ലഭ്യമാക്കാൻ തടസ്സം സൃഷ്ടിക്കുമെന്ന നിലപാടിലാണ്. ഫിയനാഫാൾ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഫിനഗേലിന്റെ നിലപാട്.
അതേ സമയം ഡബ്ലിൻ അടക്കമുള്ള ചില സ്ഥലങ്ങളിൽ പുതിയ നയം വരുമെന്നു സൂചന ലഭിച്ച വീട്ടുടമകൾ വാടക വർദ്ധിപ്പിക്കാനുള്ള നിയമ പ്രകാരമുള്ള നോട്ടീസുകൾ അയച്ചു തുടങ്ങിയിട്ടുണ്ട്.ഡബ്ലിൻ ബഌക്ക് റോക്കിലെ ഒരു മലയാളി കുടുംബത്തിന് ഒറ്റയടിയ്ക്ക് 700 യൂറോ വർദ്ധിപ്പിക്കാനുള്ള നോട്ടീസാണ് ഇന്നലെ ലഭിച്ചത്.ബഌക്ക് റോക്ക് ഏരിയയിലെ ഇദ്ദേഹം താമസിക്കുന്ന പ്രദേശത്തെ മറ്റു വീടുകളുടെ വാടക താരതമ്യപ്പെടുത്തിയും,അടുത്ത മൂന്ന് മാസത്തിനു ശേഷം വാടക വർദ്ധിപ്പിക്കുമെന്ന് അറിയിച്ചുമാണ് നോട്ടീസ്.കഴിഞ്ഞ 7 വർഷമായി ഇതേ വീട്ടിൽ 1050 യൂറോ മാസ വാടകയ്ക്ക് താമസിക്കുന്ന ഇദ്ദേഹം നോട്ടീസ് അനുസരിച്ച് ഏപ്രിൽ ഒന്ന് മുതൽ 1750 യൂറോ മാസ വാടക കൊടുക്കേണ്ടി വരും.
എന്നാൽ പുതിയ വാടകനയം നടപ്പായാൽ ഇദ്ദേഹത്തിന് 50 യൂറോയുടെ വർദ്ധനവേ(4 ശതമാനം)ഉണ്ടാവുകയുള്ളു.പി ആർടിബി മുഖേനെ വീട്ടുടമയ്‌ക്കെതിരെ പരാതി നൽകേണ്ട അവസ്ഥയിലാണ് താനെന്ന് ബഌക്ക്‌റോക്ക് സിറ്റി ഏരിയയിലെ താമസക്കാരനും പൂഞ്ഞാർ തിടനാട് സ്വദേശിയുമായ ഇദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് പേർക്ക് ഇത്തരത്തിലുള്ള നോട്ടീസുകൾ ലഭിച്ചിട്ടുണ്ട്.ഒട്ടേറെ ഇന്ത്യൻ വിദ്യാർഥികൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് മലയാളികളായ ചില വിദ്യാർഥികൾ ഐറിഷ് മലയാളിയെ അറിയിച്ചു.350 യൂറോ ബെഡിനുള്ള വാടക 475 യൂറോ വരെ വർധിപ്പിക്കാനുള്ള നോട്ടീസാണ് ഒരാൾക്ക് ലഭിച്ചിരിക്കുന്നത്.
സർക്കാർ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന റെന്റ് പ്രഷർ സോൺ ബിൽ ഉടൻ പാസാക്കിയില്ലെങ്കിൽ വീട്ടുടമകൾ നിയമ പ്രകാരം തന്നെ വാടക കൂട്ടിയെടുക്കാനുള്ള അവസരം വിനിയോഗിക്കും.എന്നാൽ വാടക മാഫിയയെ സഹായിക്കും വിധമുള്ള താമസമാണ് ഭരണകക്ഷിയും പ്രതിപക്ഷവും ചേർന്ന് കളിക്കുന്നതെന്നു മറ്റു രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നുമുണ്ട്.