ഡബ്ലിന്‍: കനത്ത മഴയെയും പേമാരിയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് എതലോണിലെ ഫ്‌ലാറ്റുകളിലെ വൈദ്യുതി ബന്ധം ഇഎസ്ബി അധികൃതര്‍ വിച്ഛേദിച്ചു. ഇതേ തുടര്‍ന്ന് എത്‌ലോണിലെ വിവിധ കുടുംബങ്ങളില്‍ നിന്നുള്ള 160 പേരെ അധികൃതര്‍ ഫഌറ്റുകളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.
ബാസ്റ്റിയണ്‍ ക്യൂ അപ്പാര്‍ട്ട്‌മെന്റിലെ വൈദ്യുതി സബ്‌സ്റ്റേഷന്റെ പകുതിയിലധികം പ്രദേശവും വെള്ളത്തിലാണ്ടു പോയതോടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചതെന്നാണ് ഇഎസ്ബി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ബാസ്റ്റിയണ്‍ ക്യൂ അപ്പാര്‍ട്ട്‌മെന്റിന്റെ പില്ലറുകളില്‍ ഒന്നില്‍ വൈദ്യുതിയുടെ പ്രസരണം അധികൃതര്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വൈദ്യുതി ബന്ധം ഇവിടെ തുടര്‍ന്നും നല്‍കുന്നത് അപകടത്തിനിടയാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇഎസ്ബി അധികൃതര്‍ ഇവിടുത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എത്‌ലോണ്‍ ടൗണിലെ ഏറ്റവും വലിയ റസിഡന്‍സ് കോംപ്ലക്‌സുകളില്‍ ഒന്നാണ് ബാസ്റ്റ്യണ്‍ ക്യൂ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ്. റിവന്‍ ഷാനോണില്‍ നിന്നു ഏറെ ദൂരെയല്ല ഈ അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ പെട്ടന്ന് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിനെയും വെള്ളത്തില്‍ മുക്കി. ഇതിനു തൊട്ടടുത്തായാണ് ഡീര്‍പാര്‍ക്ക് പാര്‍നെല്‍ സ്‌ക്വയറും പാര്‍ക്ക് റസിഡന്‍ഷ്യല്‍ ഏരിയയും സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിലെല്ലാം കനത്ത മഴയെ തുടര്‍ന്നു കഴിഞ്ഞ അഞ്ച് ആഴ്ചയായി വെള്ളപ്പൊക്കം തുടരുകയാണ്.