ഒക്കലഹോമ: ഒക്കലഹോമ ജയിലില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട തടവുകാരുടെ എണ്ണം നാലായി. ഞായറാഴ്‌ച ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെയാണ് മരണ സംഖ്യ നാലായി ഉയര്‍ന്നത്. ജയിലധികൃതര്‍ ഞായറാഴ്‌ച നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.
ഒക്കലഹോമ കുഷിന്‍ സിമ്മറോണ്‍ കറക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ കഴിഞ്ഞ ശനിയാഴ്‌ചയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം തുടങ്ങിയ ശനിയാഴ്‌ച തന്നെ ജയിലിനുള്ളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അഞ്ചു പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. സ്വകാര്യ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള ജയിലുകളില്‍ മുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഒക്കലഹോമ സിറ്റിയ്ക്കും തുള്‍ക്ക്‌മെസ്‌തിനുമിടയിലാണ് കലാപമുണ്ടായ ജയില്‍ സ്ഥിതി ചെയ്യുന്നത്. കലാപത്തെ തുടര്‍ന്നു ഒക്കലഹോമ സിറ്റി ജയില്‍ വകുപ്പ് ജയില്‍ അടച്ചു പൂട്ടി. തുടര്‍ന്നു അന്വേഷണത്തിനു ഉത്തരവിട്ട അധികൃതര്‍ ജയിലില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്‌തു.