വാര്‍ത്ത: ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: 2016-ലെ നാഷണല്‍ ജ്യോഗ്രഫിക് ബീ മത്സരത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ റിഷി നായരെ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക അനുമോദിച്ചു. അമേരിക്കയിലെ അനവധി വിദ്യാര്‍ഥികളിൽ നിന്നും കടുത്ത മത്സരം നേരിടേണ്ടി വന്നെങ്കിലും റിഷി നായരുടെ ചെറുപ്പം മുതലുള്ള കഠിന പ്രയത്നം നാഷണല്‍ ജ്യോഗ്രഫിക് ബീ ചമ്പ്യന്‍ഷിപ്പ് നേടാന്‍ കഴിഞ്ഞു. ഫസ്റ്റ് ഗ്രേഡ് മുതല്‍ റിഷി നായർ നാഷണല്‍ ജ്യോഗ്രഫിക് ചമ്പ്യന്‍ഷിപ്പിന് ശ്രദ്ധ കേന്ദ്രീകരിച്ചു വരികയായിരുന്നു.
എന്‍. എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ജി.കെ. പിള്ള, റിഷി നായരുടെ വിജയം നമുക്ക് ഓരോരുത്തര്‍ക്കും അഭിമാനിക്കാവുന്നതാണെന്നും തുടര്‍ന്നും ഭാവിയില്‍ കൂടുതല്‍ അംഗീകാരങ്ങള്‍ ലഭിക്കട്ടെ എന്നും ആശംസിച്ചു.
ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ റിഷി നായരെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുകയും തിളക്കമാര്‍ന്ന ഈ വിജയത്തിന് എല്ലാ ഭാവുകങ്ങള്‍ നേരുകയും ചെയ്തു. ഈ വര്‍ഷം ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ ഹ്യൂസ്റ്റനില്‍ നടക്കുന്ന നായര്‍ സംഗമത്തിന് റിഷി നായരെയും മാതാപിതാക്കളായ ഗീതാ മുരളീധരനെയും, മുരളീധരനെയും ക്ഷണിക്കുകയും അവിടെ വച്ച് റിഷി നായരെ ആദരിക്കുക്ജയും ചെയ്യുന്നതാണെന്നും അറിയിച്ചു.
യുവ തലമുറയിലെ ഈ മുന്നേറ്റം നമ്മുടെ സമൂഹത്തില്‍ മറ്റു കുട്ടികള്‍ക്കും പ്രചോദനം ആകുമെന്ന് റിഷി നായരെ അനുമോദിച്ചുകൊണ്ട് ട്രഷറര്‍ പൊന്നു പിള്ള അഭിപ്രായപ്പെട്ടു.
എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക യൂത്ത് ചെയര്‍ രേവതി നായര്‍, റിഷി നായരെ അനുമോദിക്കുകയും യൂത്ത് ടീമില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.