സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ റോഡ് അപകടങ്ങൾ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്ത് റോഡുകളിൽ പരിശോധന ശക്തമാക്കാൻ നീക്കം. ഗാർഡാ സംഘം റോഡുകളിൽ പരിശോധനയ്ക്കിറങ്ങുമ്പോൾ കൂടുതൽ അധികാരം നൽകുന്നതിനാണ് ഇപ്പോൾ പുതിയ റോഡ് സേഫ്റ്റി നിയമം സർക്കാർ പാസാക്കുന്നത്. മയക്കുമരുന്നുപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടിക്കുന്നതടക്കം ഗാർഡയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന റോഡ് ട്രാഫിക് ബിൽ 2016 കഴിഞ്ഞ ദിവസമാണ് പാർലമെന്റ് പാസാക്കിയത്. ഇനി മുതൽ ഡ്രൈവർമാർ മയക്കുമരുന്ന് ഉപയോഗിച്ചാണോ വാഹനമോടിക്കുന്നത് എന്ന് പരിശോധിക്കാനായി ഗാർഡയ്ക്ക് വാഹനം നിർത്താൻ ആവശ്യപ്പെടാം. രേഖകളില്ലാത്ത വാഹനങ്ങൾ പിടികൂടുക, ഡിസ്‌ക്വാളിഫൈ ചെയ്തിട്ടും വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള അയർലണ്ട്‌യുകെ ധാരണ, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കൽ, പ്രത്യേക റോഡുകളിൽ 20 കിമീ വേഗത പാലിക്കുക എന്നിവയും ബില്ലിൽ അടങ്ങിയിട്ടുണ്ട്.
ബിൽ പ്രകാരം നിലവിലുള്ള മാൻഡേറ്ററി ആൽക്കഹോൾ ടെസ്റ്റിങ് ചെക്ക്‌പോയിന്റുകൾ മാൻഡേറ്ററി ഇൻടോക്‌സിക്കേഷൻ ടെസ്റ്റിങ് ചെക്ക്‌പോയിന്റുകളായി മാറ്റും. ഇവിടെ ആൽക്കഹോളിനു പുറമെ മയക്കുമരുന്ന് ഉപയോഗിച്ചട്ടുണ്ടോ എന്നും ടെസ്റ്റ് ചെയ്യും. കഞ്ചാവ്, കൊക്കെയ്ൻ, ഓപ്പിയേറ്റ്‌സ് (ഹെറോയിൻ, മോർഫിൻ തുടങ്ങിയവ), ബെൻസോഡയസ്‌പൈൻസ് (ഡയസ്പാം, ഫൽറസ്പാം തുടങ്ങിയവ) എന്നിവയെല്ലാം ഇത്തരത്തിൽ ടെസ്റ്റ് ചെയ്യപ്പെടും. എന്നാൽ ഡോക്ടറുടെ നിർദ്ദേശപ്രകാം പ്രിസ്‌ക്രിപ്ഷനോടെ ഓപ്പിയേറ്റ്‌സ്, ബെൻസോഡയസ്‌പൈൻസ് എന്നിവ കഴിക്കുന്നവർക്ക് പ്രശ്‌നമില്ല. മയക്കുമരുന്ന് ഉപയോഗിച്ച് പിടിക്കപ്പെട്ടാൽ ആദ്യത്തെ തവണ നാലു വർഷത്തേയ്ക്ക് ലൈസൻസ് കട്ട് ചെയ്യും. രണ്ടാമതും പിടിക്കപ്പെട്ടാൽ ആറു വർഷത്തേയ്ക്കാകും കട്ട് ചെയ്യുക.
ബിൽറ്റ് അപ്പ് ഏരിയകളിൽ 20 കിമീ വേഗ പരിധി കൊണ്ടുവരാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. വാഹനാപകടത്തിൽ മരിച്ച ആറു വയസ്സുകാരൻ ജെയ്ക്കിന്റെ പേരിൽ നടന്ന ലീഗസി കാംപെയ്‌നിനെത്തുടർന്നാണ് ഇതിന് തീരുമാനമായത്. അയർലണ്ടിലോ യുകെയിലോ അപകടകരമായി വാഹനമോടിച്ചതിന് ഡിസ്‌ക്വാളിഫൈ ചെയ്യപ്പെട്ടവരെ ഇനി രണ്ട് രാജ്യങ്ങളും സംയുക്തമായി പ്രവർത്തിച്ച് പിടികൂടും.